മസ്കത്ത്: ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഒമാൻ വ്യാഴാഴ്ച ഇറങ്ങും. വെസ്റ്റിൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് എതിരാളികൾ. ഒമാൻ സമയം പുലർച്ച 4.30 നാണ് മത്സരം. ശക്തരായ എതിരാളികൾക്ക് മുന്നിൽ മികച്ച കളി കാഴ്ചവെച്ചു റെക്കോഡ് തോൽവിയിൽനിന്ന് രക്ഷപ്പെടാനായിരിക്കും കോച്ച് മെൻഡിസും കുട്ടികളും ശ്രമിക്കുക. തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ മുൻനിര ബാറ്റർമാർ കളിമറന്നതാണ് ഒമാന് തിരിച്ചടിയായത്.
പാറ്റ് കമ്മിൻസ്, നതാൻ എല്ലിസ്, മൈകക്കൽ സ്റ്റാർക് എന്നിവരുടെ തീ തുപ്പുന്ന പന്തുകളെ ഒമാൻ വ്യാഴാഴ്ച എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. കഴിഞ്ഞ ദിവസത്തെ കളിയിൽനിന്ന് വ്യത്യസ്തമായി ബാറ്റർമാർ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ബൗളിങ് ഡിപ്പാർട്ട്മെന്റിന് പണി ഇരട്ടിയാകും. നമീബിയക്കെതിരെ മികച്ച പ്രകടനമായിരുന്നു മെഹ്റാൻ ഖാൻ, ബിലാൽ ഖാൻ, ആഖിബ് ഇല്യാസ്, അയാൻ ഖാൻ എന്നിവരടങ്ങിയ ബൗളിങ് ഡിപ്പാർട്ട്മെന്റ് കാഴ്ചവെച്ചത്. എന്നാൽ, ഗ്ലൈൻ മാകസ്വെൽ, ഡേവിഡ് വാർണർ തുടങ്ങിയ ലോക്കൊത്ത കളിക്കാർക്ക് മുന്നിൽ സുൽത്താനേറ്റിന്റെ ബൗളിങ്ങിന് എത്രത്തോളം മൂർച്ചയുണ്ടെന്നും കണ്ടറിയണം.
തങ്ങളുടേതായ ദിനത്തിൽ ആരെയും മലർത്തിയടിക്കാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളുണ്ടെന്നതാണ് സുൽത്താനേറ്റിന്റെ വലിയ കരുത്ത്. അതുകൊണ്ടുതന്നെ എതിരാളികളുടെ ശക്തിയിൽ ഭയപ്പെടാതെ മികച്ച കളി കാഴ്ചവെക്കണമെന്നാണ് കോച്ച് ഒമാൻ താരങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. ബൗളർമാരെപോലെ ബാറ്റർമാരും മികവു പുലർത്തിയാൽ വ്യാഴാഴ്ചത്തെ മത്സരം അത്രക്കങ്ങ് ഈസിയായി മുൻ ചാമ്പ്യൻമാർക്കു കടന്നുകൂടാൻ കഴിയില്ല. ഒരു ചെറിയ അശ്രദ്ധക്ക് വലിയ വിലനൽകേണ്ടി വരും, അതുകൊണ്ടുതന്നെ കംഗാരുപ്പട വളരെ കരുതലോടെയായിരിക്കും വ്യാഴാഴ്ച കളത്തിലിറങ്ങുക.
ഗൂപ് ബിയിലെ ഒമാന്റെ മൂന്നാം മത്സരം ജൂൺ ഒമ്പതിന് സ്ക്വാട്ടിലാൻഡിനെതിരെയാണ്. ഒമാൻ സമയം രാത്രി ഒമ്പതു മണിക്കാണ് മത്സരം തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.