മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ വിലായത്തിലുള്ള രണ്ട് തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ താൽക്കാലികമായി നിർമിച്ച റോഡ് പുനർനിർമിക്കുന്നു. ഖസബിയത്ത് അൽ സാബിനെയും ഖസബിയത്ത് അൽ ഹവാസ്നയെയും ബന്ധിപ്പിക്കുന്ന റോഡാണ് പുനർനിർമിക്കുകയെന്ന് ഖാബൂറ മുനിസിപ്പാലിറ്റി അറിയിച്ചു. ശഹീൻ ചുഴലിക്കാറ്റിന് ശേഷമുള്ള പുനർനിർമാണ ശ്രമങ്ങൾക്ക് അനുസൃതമായിരിക്കും ഇവയുടെ നിർമാണം. നിലവിൽ നിർമിച്ചിരിക്കുന്ന റോഡ് താൽക്കാലികമാണ്. സമീപത്തെ വാദികളിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരവധി അഴുക്കുചാലുകൾ നിർമിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമായിട്ടില്ലെന്ന് ഖാബൂറയിലെ മുനിസിപ്പൽ കാര്യ വകുപ്പ് ഡയറക്ടർ ഹസൻ അൽ ബർമാനി പറഞ്ഞു.
ഖാബൂറ, സുവൈഖ്, സഹം എന്നിവിടങ്ങളിലെ ശഹീൻ ചുഴലിക്കാറ്റിന്റെ ആഘാതം ബാധിച്ച സ്ഥലങ്ങളെ കുറിച്ച് പഠിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. രണ്ടു വില്ലേജുകളെ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡിന്റെ ടെൻഡർ, സ്വകാര്യമേഖല കമ്പനികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ഹസൻ അൽ ബർമാനി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ വീശിയടിച്ച ശഹീൻ ചുഴലിക്കാറ്റ് ബാത്തിന മേഖലയിൽ കനത്ത നാശമാണ് വിതച്ചത്. നിരവധി റോഡുകൾ തകരുകയും കൃഷിയും നശിച്ചിരിന്നു. എന്നാൽ, സർക്കാറിന്റെ അടിയന്തര ഇടപെടലിൽ സാധാരണ ജീവിതം വളരെ പെട്ടെന്ന് തന്നെ ഇവിടത്തുകാർ തിരിച്ചുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.