മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ രണ്ടു ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഒമാനിലെത്തുന്ന മന്ത്രി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, മറ്റ് മുതിർന്ന പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പരസ്പര താൽപര്യമുള്ള മറ്റു കാര്യങ്ങളും ചർച്ച ചെയ്യും. ഇന്ത്യൻ എംബസിയിൽ രാവിലെ 8.15 മുതൽ 9.30 വരെ സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി സംബന്ധിക്കും. 'ഇന്ത്യ-ഒമാൻ, ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേദുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതുതായി രൂപകൽപന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ചൊവ്വാഴ്ച വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
വി. മുരളീധരന്‍റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. 2020 ഡിസംബറിലായിരുന്നു ഇതിന് മുമ്പ് സന്ദർശിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഉന്നതതല സന്ദർശനങ്ങൾ വിവിധ സമയങ്ങളിലായി നടന്നിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാനിൽ എത്തിയിരുന്നു. ഈ വർഷം മാർച്ചിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും മേയ് മാസത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും ഇന്ത്യ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.