മസ്കത്ത്: ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം 10 വിഭാഗങ്ങളിലായി 87 തസ്തികകളിൽ വിദേശികൾക്കേർപ്പെടുത്തിയ വിസ നിയന്ത്രണം റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണവില കുറഞ്ഞത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതും സ്വദേശത്തേക്ക് മടങ്ങിയതും റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നിരവധി പുതിയ ബഹുനില കെട്ടിടങ്ങൾ റൂവി, അൽ ഗൂബ്ര, അൽ ഖുവൈർ, അൽ അമിറാത്ത് എന്നിവിടങ്ങളിൽ ഉയർന്നുവന്നതും ഫ്ലാറ്റിന് ഡിമാൻഡ് കുറയാൻ കാരണമായിട്ടുണ്ട്.
റൂവി അടക്കം സ്ഥലങ്ങളിൽ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റുകയും പുതിയ ബഹുനില കെട്ടിടങ്ങൾ ഉയർന്നുവരുകയും ചെയ്തിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പലതും ഒന്നോ രണ്ടോ നിലകൾ മാത്രമുള്ളവയായിരുന്നു. ഇവയുടെ സ്ഥാനത്ത് അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങളാണ് ഉയർന്നുവന്നത്. പുതിയ കെട്ടിടങ്ങൾ ഇത്രയേറെ ഉയർന്നിട്ടും പുതുതായി ഒമാനിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണം കുറഞ്ഞതാണ് റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തിൽ തൊഴിൽ പ്രശ്നം മുന്നിൽകണ്ട് നിരവധി പേർ കുടുംബത്തെ നാട്ടിലയക്കുന്നുണ്ട്. ഇത്തരക്കാർ ഫ്ലാറ്റുകൾ ഒഴിവാക്കി റൂമുകളിേലക്ക് മാറുന്നതും റിയൽ എസ്റ്റേറ്റ് മേഖലയെയാണ് ബാധിക്കുന്നത്.
പുതിയ വിസ നിരോധനം നിലവിൽവന്നതോടെ ഉദ്യോഗസ്ഥ തസ്തികയിൽ പുതിയ വിദേശികളുടെ വരവ് ഏതാണ്ട് നിലച്ചിട്ടുണ്ട്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് വലിയ നിയന്ത്രണം ഇല്ലെങ്കിലും ഇത്തരക്കാർ വരുന്നതുകൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലക്ക് വലിയ പ്രയോജനമൊന്നുമില്ല. വിസ നിരോധനം കാരണം പുതുതായി എത്തുന്ന വിദേശികളുടെ എണ്ണത്തെ ബാധിച്ചതായി അൽ ഹിലാൽ പ്രോപർട്ടി അധികൃതർ പറയുന്നു. ചിലർ നാട്ടിലേക്ക് മടങ്ങുന്നുമുണ്ട്.
അതിനാൽ, ധാരാളം കെട്ടിടങ്ങൾ ബാക്കി കിടക്കുന്നുണ്ട്. വിസ നിരോധനം റിയൽ എസ്റ്റേറ്റ് മേഖലയെയ പ്രതികൂലമായി ബാധിച്ചതായി തായിഫ് പ്രോപർടീസ് അധികൃതരും പറയുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ ഉടമകൾ വാടക കുറക്കുകയാണ്. മസ്കത്തിൽ പരക്കെ ഇൗ പ്രവണതയുണ്ട്. മദീനത്ത് ഖാബൂസിലും വേവ് മസ്കത്തിലും വാടക ഗണ്യമായി കുറഞ്ഞു. മദീനത്തുൽ ഇഹ്ലാമിൽ കഴിഞ്ഞ നവംബറിൽ 1500 ലഭിച്ചിരുന്ന വില്ലയുടെ വാടക ഫെബ്രുവരിയിൽ 900 ആയി കുറഞ്ഞു. വേനൽ തങ്ങൾക്ക് തിരക്കുള്ള സമയമാണ്. ഇൗ കാലയളവിൽ സ്കൂൾ അടക്കുന്നതോടെ പഴയ താമസക്കാർ പോയി പുതിയ ആളുകൾ എത്തുന്നത് പതിവാണ്. എന്നാൽ, ഇൗ വേനൽ എങ്ങനെ ആയിരിക്കുമെന്ന് അറിയില്ലെന്നും തായിഫ് പ്രോപർടീസ് അധികൃതർ പറയുന്നു.
വിസ നിരോധനം നീക്കിയാൽ വിദേശികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് അൽ ഹബീബ് ജനറൽ മാനേജർ പറയുന്നു. കഴിഞ്ഞ ഏതാനും വർഷമായി ഉദ്യോഗസ്ഥ തസ്തികയിൽ ഉള്ളവരുടെ എണ്ണം കുറയുകയാണ്. 2015 മുതൽ അൽ അമിറാത്ത്, മബേല മേഖലകളിൽ വാടക കുറഞ്ഞ് വരുകയാണ്. കൂടുതൽ ആവശ്യക്കാരുള്ള അൽ ഖുവൈർ, ഗൂബ്ര, അസൈബ, റൂവി, സി.ബി.ഡി ഏരിയകളിലും വാടക കുറയുകയാണ്. വിദേശികൾ കുറയുന്നുണ്ടെങ്കിലും പുതുതായി ജോലി കിട്ടുന്ന സ്വദേശികൾ വാടക ഫ്ലാറ്റുകൾ എടുക്കുന്നത് അനുഗ്രഹമാണെന്ന് ഇദ്ദേഹം പറയുന്നു. വിസ നിരോധനം റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചതായി അൽ ഖന്തീൽ റിയൽ എസ്റ്റേറ്റ് അധികൃതർ പറയുന്നു. പുതുതായി വിദേശികൾ ഒമാനിേലക്ക് വരുന്നില്ല. ഇത് മാർക്കറ്റിന് മോശം ലക്ഷണമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മാർക്കറ്റ് തളർച്ചയിലാണ്. അതിനാൽ, മാർക്കറ്റിനെ പുനർജീവിക്കാൻ വല്ലതും ചെയ്യേണ്ടതുണ്ട്. മസ്കത്ത് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കമുള്ള നടപടികൾ ആവശ്യമാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.