മസ്കത്ത്: ലോകകപ്പ്-ഏഷ്യൻ കപ്പ് ഇരട്ട യോഗ്യത മത്സരത്തിൽ വിജയം തുടർന്ന് ഒമാൻ. ക്വാലാലംപൂർ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മലേഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് തകർത്തത്. നാല് കളിയിൽനിന്ന് മൂന്ന് വിജയവുമായി ഗ്രൂപ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ഒമാൻ. ഇത്രയും വിജയവുമായി ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കിർഗിസ്താനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇരുപകുതികളിലെയും അവസാന മിനിറ്റിലായിരുന്നു റെഡ് വാരിയേഴ്സ് വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒമാനുവേണ്ടി പെനാൽറ്റിയിലൂടെ ഉമർ അൽ മാലിക്ക് ആണ് ആദ്യ ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ മുഹമ്മദ് അൽ ഗഫ്രി രണ്ടാം ഗോളും സ്വന്തമാക്കി.
തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന ശൈലിയായിരുന്നു ഒമാൻ സ്വീകരിച്ചത്. ഇരു വിങ്ങുകളിലൂടെയുമുള്ള തുടർച്ചയായ ആക്രമണത്തിൽ മലേഷ്യൻ ഗോൾമുഖം പലപ്പോഴും വിറച്ചു. എന്നാൽ, ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ആദ്യ പകുതി അവസാനിക്കാൻ വിസിൽ മുഴങ്ങാനിരിക്കെ പെനാൽറ്റിയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള തന്ത്രവുമായിട്ടായിരുന്നു മലേഷ്യ ഇറങ്ങിയത്. ഇതിനായി കളംനിറഞ്ഞ് കളിച്ച ആതിഥേയർ പലതവണ ഒമാൻ പ്രതിരോധനിരയെ പരീക്ഷിച്ചെങ്കിലും വല കുലുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.