സുഹാർ: ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടെലിവിഷൻ ഉൾപ്പെടെയുള്ള അനുബന്ധ ഇലക്ട്രോണിക്സ് വിപണികളിൽ വിൽപന സജീവമായി. ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ടി.വി തന്നെയാണെന്ന് മാളുകളിലെ ഇലക്ട്രോണിക്സ് സെക്ഷൻ ജീവനക്കാർ പറയുന്നു. ഫുട്ബാൾ ആരവം തുടങ്ങിയതുമുതൽ ടെലിവിഷന് ആവശ്യക്കാർ കൂടുതലാണ്. ലോകകപ്പ് മുന്നിൽക്കണ്ട് മികച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമായാണ് വിവിധ ടി.വി ബ്രാൻഡുകൾ വിപണിയിൽ എത്തുന്നത്. ശരാശരി 32 ഇഞ്ചു മുതൽ 75വരെ സ്ക്രീൻ വലുപ്പമുള്ള ടി.വികളാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്.
ഇതിൽ 55, 65 സൈസിനാണ് ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു. വിപണിയിൽ ഉള്ള ടെലിവിഷൻ എല്ലാം സ്മാർട്ട് ടി.വി ആണെങ്കിലും പഴയകാല ടി.വിയെ സ്മാർട്ടാക്കാനുള്ള ഉപകരണവും വിൽപനക്കുണ്ട്. ഇതിനും നല്ല വിൽപനയാണെന്ന് ജീവനക്കാർ പറയുന്നു. എം.ഐ ടി.വി സ്റ്റിക്, എം.ഐ ബോക്സ് എന്നിങ്ങനെയുള്ള ഉപകരണം
പതിമൂന്നു റിയാൽ മുതൽ ലഭ്യമാണ്. വിവിധ കമ്പനികളുടെ യു.എസ്.ബി രൂപത്തിലുള്ള സ്റ്റിക്കുകളുമുണ്ട്. സെറ്റോ ബോക്സ് പോലുള്ള എം.ഐ ബോക്സും ലഭിക്കുന്നുണ്ട്. ഇത് ഘടിപ്പിച്ചാൽ സ്മാർട്ട് ടി.വിയായി വർക്ക് ചെയ്യും.
നാട്ടിലേക്ക് കൊണ്ടുപോകുന്നത് വലിയ നടപടിക്രമങ്ങളായതുകൊണ്ട് ടി.വി വിൽപന പൊതുവെ മന്ദഗതിയിലായിരുന്നു.
എന്നാൽ വേൾഡ് കപ്പെത്തിയതോടെ വിൽപന കുതിച്ചുയരുകയായിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് വിവിധ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യത്ത് ലോകകപ്പിന്റെ പന്ത് ഉരുളുമ്പോൾ സ്വദേശികളെപോലെ വിദേശികളും പഴയ ടി.വി പുതുക്കിയും സ്മാർട്ടാക്കിയും കളിയാവേശത്തിലേക്ക് നടന്നടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.