റാസ് അബു അബൂദ് സ്റ്റേഡിയം: ഒരുങ്ങുന്നത് ചെറുനഗരം 

ദോഹ: 2022 ലോകകപ്പ് ഫുട്ബാളിന് ഒരുങ്ങുന്ന റാസ് അബു അബൂദ് സ്റ്റേഡിയം ഒരുക്കുന്നത് മനോഹരമായ ചെറുനഗരത്തിന്‍െറ മാതൃകയില്‍. കഴിഞ്ഞ ഡിസംബറില്‍ ഖത്തറിന് ലോകകപ്പ് ലഭിച്ചതിന്‍െറ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് ഏഴാമത്തെ സ്റ്റേഡിയമായി റാസ് അബൂ അബൂദ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ഒട്ടേറെ പ്രത്യേകതകളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് പാരമ്പര്യവും പൈതൃകവും ആധുനികതയും സമന്വയിക്കുന്ന രൂപകല്‍പനയാണ് നല്‍കുക. ദോഹയുടെ ഹൃദയഭാഗമായ വെസ്റ്റ്ബേയില്‍ നിന്നുള്ള മനോഹരമായ കാഴ്ചനാഭുവമായിരിക്കും പുതിയ സ്റ്റേഡിയം. ഇത് രൂപകല്‍കപന ചെയ്യാനുള്ള കരാര്‍ ആഗോള കമ്പനിയായ പോപ്പുലസിന് ലഭിച്ചു. 
ലണ്ടന്‍, സിഡ്നി, സോച്ചി ഒളിമ്പിക് സ്റ്റേഡിയങ്ങളുടെ രൂപകല്‍പന ചെയ്ത കമ്പനിയാണ് പോപ്പുലസ്. ഇവയെല്ലാം മറികടക്കുന്ന വിധത്തില്‍ ഡിസൈന്‍ തയാറാക്കുകയെന്ന വെല്ലുവിളിയാണ് റാസ് അബു അബൂദ് സ്റ്റേഡിയത്തിന്‍െ കാര്യത്തില്‍  പോപ്പുലസ് ഏറ്റെടുത്തിരിക്കുന്നത്. കാണികളെ അമ്പരപ്പിക്കുന്ന വിധത്തില്‍  അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പോപ്പുലസ് സീനിയര്‍ പ്രിന്‍സിപ്പല്‍ ക്രിസ്റ്റഫര്‍ ലീ പറഞ്ഞു.
ലോകകപ്പിന് ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകുന്ന നഗരപരിസരമായി പരിവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുക. 40,000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യം ഇവിടെയുണ്ടാകും. ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും റാസ് അബു അബൂദ് സ്റ്റേഡിയത്തില്‍ നടക്കുക. നാലരലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇത് നിര്‍മിക്കുന്നത്. 6,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും. ദോഹയുടെ ചക്രവാളങ്ങളെയും ജലാശയമേഖലയെയും മനോഹരമാക്കുന്നതിലും ഇവയുടെ വികസനത്തിലും പുതിയ സ്റ്റേഡിയം നിര്‍ണായകപങ്ക് വഹിക്കുമെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയിലെ മത്സരവേദികളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗാനിം അല്‍ കുവാരി പറഞ്ഞു. 
നഗരസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന വിധത്തില്‍ മനോഹരമായ ഡിസൈനായിരിക്കും പുതിയ സ്റ്റേഡിയത്തിന്‍േറത്. ലോകകപ്പിന് ശേഷം ഒരു കായിക വേദിയില്‍ നിന്ന് കായികേതര പൈതൃകവേദിയായി പരിവര്‍ത്തിപ്പിക്കുകയെന്ന ആശയവും തങ്ങള്‍ക്കുണ്ടെന്ന് ഗാനിം അല്‍ കുവാരി പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പിന്‍െറ എട്ടാമത് വേദിയായി പ്രഖ്യാപിച്ച അല്‍ തുമാമ സ്റ്റേഡിയത്തിന്‍െറ രൂപകല്‍പന ചുമതല ഖത്തറിലെ പഴക്കമേറിയ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് കമ്പനിയായ അറബ് എന്‍ജിനീയറിങ് ബ്യൂറോക്കാണ് ലഭിച്ചത്.1966 മുതല്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് രംഗത്തുള്ള അറബ് എന്‍ജിനീയറിങ് ബ്യൂറോ, നിര്‍മാണരംഗത്ത് വിവിധ രീതിയിലും വലുപ്പത്തിലുമുള്ള 1500 ലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
ഇതോടെ എട്ട് സ്റ്റേഡിയങ്ങളുടെയും രൂപകല്‍പന നടപടികള്‍ പൂര്‍ത്തിയായി. ലോകകപ്പിന്‍െറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മാണച്ചുമതല മിഡ്മാകും പോര്‍ ഖത്തറുമടങ്ങിയ സംയുക്ത കമ്പനിക്ക് കൈമാറിയതും കഴിഞ്ഞ മാസമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.