ദോഹ: രാജ്യത്തെ പൊതുഗതാഗ മേഖലയുടെ വൈദ്യുതീകരണം 2030ഓടെ പൂർത്തിയാക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് എന്ന നിലയിൽ പൊതുഗതാഗത മേഖലയുടെ വൈദ്യുതീകരണം സജീവമായി പുരോഗമിക്കുന്നതായി മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് ആൻഡ് പോളിസി വിഭാഗം മേധാവി നജ്ല അൽ ജാബിർ ഖത്തർ ടെലിവിഷനു നടത്തിയ അഭിമുഖത്തിൽ അറിയിച്ചു.
ഈ വർഷം ആദ്യ പാദത്തോടെ തന്നെ രാജ്യത്തെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ 73 ശതമാനവും ഇലക്ട്രിക് ബസുകളായി മാറി. അടുത്ത ആറ് വർഷത്തിനുള്ളിൽ ഇത് നൂറ് ശതമാനമാകും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സേവനങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഇന്ധന വാഹനങ്ങളുടെ പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ സർട്ടിഫിക്കേഷൻ സെന്റർ ഇലക്ട്രിക് വാഹങ്ങൾക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രലയം ഗൗരവമായി പഠനം നടത്തുകയാണ് -നജ്ല അൽ ജാബിർ പറഞ്ഞു.
വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങൾക്ക് രൂപം നൽകാൻ മന്ത്രാലയം ആവശ്യമായ പഠനം നടത്തുന്നുവെന്നും അവർ വിശദീകരിച്ചു. പരിസ്ഥിതി മലിനീകരണമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ മുൻനിരയിലെത്തിക്കുകയെന്ന ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെയും ഭാഗമാണ് ഈ ശ്രമം.
ഗതാഗത രംഗത്തെ ആഗോള മുന്നേറ്റങ്ങളിലെ പ്രവണതകൾക്കനുസരിച്ച് അത്യാധുനിക ഗതാഗത ശൃംഖല ഖത്തറിൽ വികസിപ്പിക്കുകയെന്നത് ഖത്തർ 2030 വിഷന്റെ ഭാഗമാണ്. ആഗോള ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് 2023 കണക്കു പ്രകാരം ഒമ്പതാം സ്ഥാനത്തായിരുന്നു ഖത്തർ. അടുത്തിടെ ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന് വേദിയൊരുക്കിയ ഖത്തർ ഇതു സംബന്ധിച്ച് നൂതന ചർച്ചകൾക്കും വിദഗ്ധരുടെ സംഗമത്തിനും വഴിയൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.