ദോഹ: ഹൈജംപിലെ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ മുഅ്തസ് ബർഷിമിനൊപ്പം, പാരിസ് ഒളിമ്പിക്സിൽ ഖത്തർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 400 മീറ്റർ ഹർഡ്ൽസ് താരം ഇസ്മായിൽ ദാവൂദ് അക്ബറിന് ലണ്ടൻ ഡയമണ്ട് ലീഗിൽ മെഡൽ തിളക്കം.
ഒളിമ്പിക്സിന് മുന്നോടിയായി ലോകതാരങ്ങളുടെ ഉജ്ജ്വല പോരാട്ടമായ മത്സരത്തിൽ 47.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദാവൂദ് അക്ബർ മൂന്നാം സ്ഥാനത്തെത്തിയത്. ബ്രസീലിന്റെ ലോകചാമ്പ്യനും ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ അലിസൺ ഡോസ് സാന്റോസ് ഒന്നാമതെത്തി. സീസണിൽ അലിസണിന്റെ അഞ്ചാമത്തെ ഡയമണ്ട് ലീഗ് വിജയമാണിത്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഖത്തർ താരം ലണ്ടനിൽ ഫിനിഷിങ് ലൈൻ തൊട്ടത്. ഒളിമ്പിക്സിലെ പ്രകടനത്തിനുമുമ്പ് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ലണ്ടൻ ഡയമണ്ട് ലീഗിലെ നേട്ടമെന്ന് ദാവൂദ് പറഞ്ഞു. ജമൈക്കയുടെ റോഷ്വാൻ ക്ലാർക് (47.63 സെ) രണ്ടാം സ്ഥാനത്തെത്തി.
ബർഷിമിനൊപ്പം മികച്ച ടീമുമായാണ് പാരിസ് ഒളിമ്പിക്സ് ട്രാക്ക് ഇനങ്ങളിൽ ഖത്തർ ഇറങ്ങുന്നത്. അബ്ദുറഹ്മാൻ സാംബ, അബൂബകർ ഹൈദർ, ബാസിം ഹുമൈദ, അമ്മാർ ഇസ്മായിൽ എന്നിവർ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.