അടുക്കളത്തോട്ടത്തില്‍  ഇത്തവണയും നൂറുമേനി 

ദോഹ: അടുക്കളത്തോട്ടം ദോഹ കാര്‍ഷിക കൂട്ടായ്മ ഈവര്‍ഷത്തെ ആദ്യ വിളവെടുപ്പ് ശഹാനിയയിലെ അല്‍ദൂസരി പാര്‍ക്കില്‍ നടന്നു. അരയേക്കര്‍ ഭൂമിയിലെ ശീതകാല പച്ചക്കറികളാണ് വിളവെടുത്തത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ഗിരീഷ് കുമാറും അല്‍ ദൂസരി പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ ദൂസരിയും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ നൂറോളം പേര്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം തികച്ചും ജൈവരീതിയില്‍ കൃഷിയിറക്കിയതിന്‍െറ അനുഭവപരിചയം മുന്‍നിര്‍ത്തിയാണ് അടുക്കളത്തോട്ടം ദോഹ ഇത്തവണയും മരുഭൂമിയില്‍ കാര്‍ഷിക പരീക്ഷണത്തിനിറങ്ങിയത്. നാടന്‍ പച്ചക്കറികളായ പാവല്‍, പയര്‍, വെള്ളരി, കക്കിരി, വഴുതന, തക്കാളി, മുളക് തുടങ്ങിയവയും ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി, സാലഡ് ഇലകള്‍ തുടങ്ങിയവയുമാണ് ഇത്തവണ കൂടുതലായി കൃഷിചെയ്തത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ചാണ് പച്ചക്കറി കൃഷി നടത്തിയത്. കഴിഞ്ഞവര്‍ഷം പച്ചക്കറികള്‍ ഉള്‍പ്പെടെ അറുപതോളം ഇനങ്ങള്‍ നട്ടിരുന്നെങ്കിലും കുറേയെണ്ണം നശിച്ചുപോയിരുന്നു. കോളി ഫ്ളവര്‍, അമര വയലറ്റും വെള്ളയും, പാവക്ക, പടവലം, ചീര പച്ചയും ചുവപ്പും, പയര്‍, പീച്ചിങ്ങ, വഴുതനങ്ങ, ഗോതമ്പ്, കപ്പലണ്ടി, കടല, കാബേജ്, കാരറ്റ്, വെള്ളരി, റാഡിഷ്, ചുരക്ക, ചെറിയുള്ളി, സവാള, മൂന്നിനം ചേമ്പ്, ഷുഗര്‍ ഫ്രീ കപ്പയും സാധാരണ കപ്പയും, കുമ്പളം, മത്തന്‍, ഉലുവ തുടങ്ങിയവയെല്ലാം കഴിഞ്ഞ വര്‍ഷം ഇവര്‍ വിളയിച്ചിട്ടുണ്ട്.
ശഹാനിയയിലെ അല്‍ദൂസരി പാര്‍ക്കുടമ മുഹമ്മദ് അല്‍ ദൂസരി സൗജന്യമായി നല്‍കിയ ഭൂമിയില്‍ കൃഷിയിറക്കാന്‍ ഇത്തവണ വൈദ്യശാല ഖത്തര്‍ എന്ന മറ്റൊരു കൂട്ടായ്മയും രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഇഛാശക്തി കൊണ്ട് മരുഭൂമിയില്‍ കൃഷിയിറക്കുന്ന ഈ മലയാളി കൂട്ടായ്മകള്‍ ജൈവജീവന രീതിയുടെ പ്രചാരകര്‍ കൂടിയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.