ദോഹ: അറബ് ലോകം ആദ്യമായി ആതിഥ്യം വഹിക്കുന്ന 2022ലെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ദിവസേന നാല് മത്സരങ്ങൾ നടത്തുന്നത് സംഘാടകരുടെ പരിഗണനയിൽ. നാല് മത്സരങ്ങൾ നടത്തുകയാണെങ്കിൽ വളരെ നേരത്തേ തന്നെ ആരംഭിക്കേണ്ടി വരുമെന്നും ദോഹ സമയം ഉച്ച തിരിഞ്ഞ് ഒരു മണിക്ക് ആദ്യ മത്സരം നടക്കുമെന്നും പ്രാദേശിക സംഘാകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.ദിവസേന നാല് മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം നിലവിലുണ്ട്. അങ്ങനെയാണെങ്കിൽ ദോഹ സമയം പകൽ ഒരു മണി മുതൽ മത്സരങ്ങൾ ആരംഭിക്കേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റി അസി. സെക്രട്ടറി ജനറൽ നാസർ അൽ ഖാതിർ പറഞ്ഞു.
നിലവിൽ ദിവസേന മൂന്ന് മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. എന്നാൽ ദിവസേന നാല് മത്സരങ്ങളെന്ന നിർദേശം പരിഗണനയിലുണ്ടെന്നും കാലാവസ്ഥ അനുകൂലമാണെങ്കിൽ അത് നടപ്പിലാക്കുമെന്നും മുഴുവൻ വേദികളും ശീതീകരിക്കുന്നതായിരിക്കുമെന്നും നാസർ അൽ ഖാതിർ ഖത്തർ ടി വി ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.മറ്റു ലോകകപ്പുകളിൽ നിന്നും വ്യത്യസ്തമായി 28 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതാണ് ഖത്തർ ലോകകപ്പ്. ഇതോടൊപ്പം 32 ടീമുകൾക്ക് പകരം 48 ടീമുകളെന്ന ഫിഫയുടെ നിർദേശവും ഉള്ളതിനാൽ സംഘാടകർക്ക് സമ്മർദ്ദമേറും. എന്നാൽ നിലവിൽ 32 ടീമുകൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മറ്റു ചർച്ചകൾ ഇതുവരെ പരിഗണനയില്ലെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി നേരത്തേ പറഞ്ഞിരുന്നു.
ലോകകപ്പിനായുള്ള നാല് സ്റ്റേഡിയങ്ങളുടെ കെട്ടിട നിർമ്മാണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും നാസർ അൽ ഖാതിർ സൂചിപ്പിച്ചു. നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന അൽ വക്റ സ്റ്റേഡിയം, അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം എന്നിവക്ക് പുറമേയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.