ദോഹ: അർധവാർഷിക പരീക്ഷയും കഴിഞ്ഞ് ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ഞായറാഴ്ച ക്ലാസുകൾ പുനരാരംഭിച്ചു. പുതുവർഷത്തിലെ ആദ്യ അധ്യയന ദിനമായാണ് ജനുവരി ഏഴിന് ക്ലാസുകൾ വീണ്ടും സജീവമായത്. സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്ന 18ഓളം ഇന്ത്യൻ സ്കൂളുകളിലും ക്രിസ്മസ്, പുതുവത്സര അവധി കഴിഞ്ഞ് ക്ലാസുകൾ സജീവമായി. ആഗസ്റ്റിൽ പുതിയ അധ്യയന വർഷം ആരംഭിച്ച സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്ററിലേക്കാണ് ക്ലാസുകൾ ആരംഭിച്ചത്. വിവിധ സ്കൂളുകളിലായി 3.65 ലക്ഷം വിദ്യാർഥികൾ ഞായറാഴ്ച സ്കൂളുകളിലെ പഠനത്തിരക്കിലേക്ക് തിരിച്ചെത്തിയതായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്ററിൽ വിദ്യാർഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറിനും തുടക്കം കുറിച്ചു. ജനുവരി 23 വരെയാണ് കാലാവധി. മന്ത്രാലയത്തിനു കീഴിലെ മആരിഫ് പോർട്ടൽ വഴിയാണ് രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ ട്രാൻസ്ഫറും രജിസ്ട്രേഷനും നടത്താൻ കഴിയുന്നത്. സ്വദേശികൾ, ജി.സി.സി പൗരന്മാർ, ഖത്തരി വനിതകളുടെ മക്കൾ, സർക്കാർ സർവിസിലുള്ള പ്രവാസി ജീവനക്കാരുടെ മക്കൾ എന്നിവർക്കാണ് ഇതുവഴി രജിസ്റ്റർ ചെയ്യാനും മറ്റും കഴിയുന്നത്.
മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം സർക്കാർ സ്കൂളുകളിൽ 1.37ലക്ഷവും, സ്വകാര്യ സ്കൂളുകളിൽ 2.28 ലക്ഷവും വിദ്യാർഥികളാണ് നിലവിൽ പഠിക്കുന്നത്. 278 സർക്കാർ, 351 സ്വകാര്യസ്കൂളുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.