ദോഹ: പുതുവർഷത്തിൽ ആഘോഷങ്ങളുടെ വമ്പൻ പാക്കേജുകളുമായി ഖത്തർ ടൂറിസം. ഏഷ്യൻ കപ്പ് ഫുട്ബാൾമുതൽ ദോഹ എക്സ്പോയും ഷോപ് ഖത്തറും ഉൾപ്പെടെ 80ൽ അധികം മേളങ്ങളോടെയാണ് ഖത്തർ ടൂറിസം പുതുവർഷത്തെ വരവേൽക്കുന്നത്. ന്യൂയോർക്കിലെ ദി മെറ്റിൽമാത്രം പ്രദർശിപ്പിച്ച കലാസൃഷ്ടികൾമുതൽ മേഖലയിൽ ആദ്യമായെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനംവരെ പുതിയ വർഷത്തെ കലണ്ടറിൽ ഖത്തർ ടൂറിസം ഉൾപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, കായിക ചാമ്പ്യൻഷിപ്പുകൾ, ഉച്ചകോടികൾ, ഇ-മൊബിലിറ്റി പാനലുകൾ തുടങ്ങിയ പരിപാടികളുടെ നിരതന്നെയാണ് 2024നെ കാത്തിരിക്കുന്നത്.
80ലധികം പരിപാടികളാണ് 2024ൽ ഖത്തർ ടൂറിസം സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ടൂറിസം ചീഫ് മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഓഫിസർ എൻജി. അബ്ദുൽ അസീസ് അലി അൽ മവ്ലവി പറഞ്ഞു.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലക്ഷ്യസ്ഥാനമായി ഖത്തർ അതിവേഗം വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നതിലും സമ്പന്നമായ ഖത്തരി സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു. അതോടൊപ്പം എല്ലാവർക്കും സമൃദ്ധവും ആവേശകരവുമായ ഒരുവർഷം ആശംസിക്കുന്നെന്നും അൽ മവ്ലവി കൂട്ടിച്ചേർത്തു.
എ.എഫ്.സി ഏഷ്യൻ കപ്പ്
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന ഏഷ്യൻ കപ്പ് തന്നെയാണ് ഈ വർഷത്തെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഒമ്പത് സ്റ്റേഡിയങ്ങളിലായി 24 ടീമുകളാണ് വൻകരയുടെ കിരീടത്തിനായി പോരിനിറങ്ങുന്നത്. ഖത്തർ ഈ വർഷം ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ്പും ഇതാണ്.
ദോഹ എക്സ്പോ
മേഖലയിലെ ആദ്യത്തെ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷൻ മാർച്ച് 28 വരെയാണ് നടക്കുക. സന്ദർശകർക്ക് പ്രാദേശികവും അന്തർദേശീയവുമായ കാർഷിക സംഘടനകളുമായി ഇടപഴകാനുള്ള പ്രധാന വേദികൂടിയാണ് എക്സ്പോ. ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്നതാണ് എക്സ്പോ പ്രമേയം.
ഷോപ്പ് ഖത്തർ 2024
അവിശ്വസനീയമായ ഓഫറുകളും റാഫിൾ നറുക്കെടുപ്പുകളുമായി ചൊവ്വാഴ്ചമുതൽ ജനുവരി 27 വരെ നടക്കുന്ന ഷോപ്പ് ഖത്തറാണ് പുതുവർഷത്തിന് തുടക്കമിടുന്നത്. 13 മാളുകളാണ് ഈ വർഷം ഷോപ്പ് ഖത്തറിൽ പങ്കെടുക്കുന്നത്. മാളുകളിൽ വൈവിധ്യമാർന്ന വിനോദപരിപാടികളും ഷോപ്പ് ഖത്തറിനോടുബന്ധിച്ച് സംഘടിപ്പിക്കപ്പെടും. നാല് ആഡംബര കാറുകളുൾപ്പെടെ നിരവധി വില പിടിപ്പുള്ള സമ്മാനങ്ങളാണ് ഷോപ്പ് ഖത്തർ വിജയികളെ കാത്തിരിക്കുന്നത്.
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ
രണ്ട് പതിറ്റാണ്ടിന്റെ ആഡംബരവും സമൃദ്ധിയും ആഘോഷിക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ ഈ വർഷം ഫെബ്രുവരി അഞ്ച് മുതൽ 11 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. കരകൗശലത്തിന്റെയും ഡിസൈനുകളുടെയും പ്രദർശനത്തിൽ പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളാണ് ഡി.ജെ.ഡബ്ല്യൂ.ഇ വഴി ഒരു കുടക്കീഴിൽ അണിനിരക്കുന്നത്.
ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള
ഖത്തറിലെ ഏറ്റവും വലിയ പാചക ആഘോഷമെന്നറിയപ്പെടുന്ന ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി ഏഴിന് വീണ്ടുമെത്തും. ഫെബ്രുവരി 17 വരെ തുടരുന്ന ഭക്ഷ്യമേളയിൽ വൈവിധ്യമാർന്ന ഭക്ഷണ പാനീയളോടൊപ്പം സാംസ്കാരിക പരിപാടികളും നടക്കും.
വെബ് സമ്മിറ്റ്
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ വെബ് ഉച്ചകോടിക്ക് ഫെബ്രുവരി 26 മുതൽ 29 വരെ ഖത്തർ വേദിയാകും. മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക മേഖലകളിലായി ആദ്യമാണ് ഒരു രാജ്യം വെബ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയുടെ അടുത്ത അഞ്ച് പതിപ്പുകൾക്കും ഖത്തർതന്നെയാകും വേദി. നിരവധി അന്താരാഷ്ട്ര നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തറിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.