ദോഹ: പ്രവാസികൾ ഉൾപ്പെടെ പതിനായിരങ്ങളുടെ യാത്രകളും ജീവിതോപാധിയും മുടക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം വ്യാഴാഴ്ച അവസാനിച്ചിട്ടും ഗൾഫ് സെക്ടറുകളിലേക്കുള്ള സർവിസുകൾ പഴയപടിയായില്ല. പ്രവാസികൾ ഏറെയും യാത്രചെയ്യുന്ന ദിവസമായ വെള്ളിയാഴ്ച ദോഹയിൽനിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമായുള്ള നാല് സർവിസുകളാണ് മുടങ്ങിയത്. സമരത്തിന്റെ ആദ്യ ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടും സർവിസുകൾ മാത്രമാണ് റദ്ദായതെങ്കിൽ വെള്ളിയാഴ്ച നാല് സർവിസുകൾ മുടങ്ങിയത് ആയിരത്തോളം യാത്രക്കാരെ വലച്ചു. നിലവിൽ, ശനി, ഞായർ ദിവസങ്ങളിൽ കൂടി ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എയർഇന്ത്യ റദ്ദാക്കിയ പശ്ചാത്തലത്തിൽ അധികം വൈകാതെ സർവീസുകൾ പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. നേരത്തെ ബുക്ക് ചെയ്ത് നാട്ടിലേക്ക് പറക്കാൻ പെട്ടിയുമൊരുക്കി കാത്തിരിക്കുന്ന പ്രവാസികൾക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം തിരിച്ചടിയായത്. വാർഷിക അവധിക്ക് നാട്ടിലേക്ക് പുറപ്പെടുന്നവർ, സന്ദർശക വിസയിലെത്തി മടങ്ങുന്നവർ, കുടുംബ സമേതം യാത്ര പുറപ്പെടുന്നവർ ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് തീർത്ത യാത്രാ ദുരിതത്തിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പത്തിന് ദോഹയിൽ നിന്നും തമിഴ്നാട്ടിലെ ട്രിച്ചിയിലേക്കുള്ള ഐ.എസ് 676, ഉച്ച 11.10നുള്ള ഐ.എക്സ് 822 മംഗലാപുരം, 12.35നുള്ള ഐ.എക്സ് 376 കോഴിക്കോട്, രാത്രി 10.20നുള്ള ഐ.എക്സ് 774 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ നാട്ടിൽ നിന്നുള്ള യാത്ര മുടങ്ങിയതിന് സമാന്തരമായി ദോഹയിൽ നിന്നും തിരികെയുള്ള സർവിസും റദ്ദാവുകയായിരുന്നു. കൊച്ചി-ദോഹ വിമാനം സമയബന്ധിതമായി തന്നെ സർവീസ് നടത്തി. കൊച്ചിയിൽ നിന്നും വൈകുന്നേരം പുറപ്പെട്ട വിമാനം രാത്രി 8.35ഓടെയാണ് ദോഹയിലെത്തിയത്.
രാത്രി 9.50ഓടെ വിമാനം തിരികെ കൊച്ചിയിലേക്ക് പറന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം ദോഹയിൽ നിന്നും ശനിയാഴ്ചത്തെ കോഴിക്കോട്, കൊച്ചി, കണ്ണൂർ സെക്ടർ സർവിസുകൾക്ക് മുടക്കമില്ലെന്നാണ് പ്രതീക്ഷ. അതേസമയം, നാട്ടിലേക്കുള്ള ബജറ്റ് എയർ ലൈൻ എന്ന നിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ മുടക്കം മറ്റു വിമാനക്കമ്പനികൾക്ക് ചാകരയായി. 500 റിയാലിന്റെ ടിക്കറ്റുകൾ 750-900 റിയാലിലേക്കാണ് കുതിച്ചുയർന്നത്. ശനിയാഴ്ചത്തെ ദോഹ -കോഴിക്കോട് വിമാനത്തിന് 950 റിയാലിന് മുകളിലാണ് നിലവിലെ നിരക്ക്. അതേസമയം, വിവിധ കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാകാതായതായി ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. സമരത്തിലായിരുന്ന ജീവനക്കാർ തിരിച്ചെത്തുന്നതിലെ സാങ്കേതിക തടസ്സമാണ് സർവിസുകൾ വീണ്ടും മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.മെഡിക്കൽ അവധിയെടുത്ത് സമരം ചെയ്ത കാബിൻക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കി ഡ്യൂട്ടിയിൽ പുനഃപ്രവേശിക്കാനായിരുന്നു ഒത്തുതീർപ്പ് പ്രകാരമുള്ള തീരുമാനം. എന്നാൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് സർവിസുകൾ റദ്ദാക്കാൻ ഇടയാക്കുന്നത്.
ദോഹ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതു കാരണം ജോലി നഷ്ടവും ധന നഷ്ടവും ഉൾപ്പെടെ ദുരിതങ്ങൾ നേരിട്ട പ്രവാസികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമ സഹായം നൽകുമെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചയോടെ ആരംഭിച്ച സമരം വ്യാഴാഴ്ച ഒത്തു തീർപ്പായെങ്കിലും ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഇതുകാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. വിസയുടെ കാലാവധി കഴിയുന്ന യാത്രക്കാർ, അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവർ, അടിയന്തര യാത്രക്കായി പുറപ്പെട്ടവർ തുടങ്ങി നിരവധി പേർ മിന്നൽ സമരത്തെ തുടർന്ന് പെരുവഴിയിലായി. നിരവധി പേർ അധിക തുക നൽകിയാണ് യാത്ര ചെയ്തത്. ഇത്തരത്തിൽ ദുരിതമനുഭവിച്ചവർക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായി നിയമസഹായം നൽകാൻ സംവിധാനം ഒരുക്കിയതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ.ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടിക്രമങ്ങൾ സർക്കാറിന്റെയും എയർലൈനുകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ. നിയമ സഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.