ദോഹ: മരുഭൂമിയുടെ ഏകാന്തതക്കിടയിൽ കേൾക്കുന്ന കിളികളുടെ എല്ലാ ശബ്ദവും ഒറിജിനൽ അല്ല. വ്യാജനുമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത കണ്ടെത്തലുകൾ.
ഇണകളെ ആകർഷിക്കാൻ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന നിയമവിരുദ്ധ ‘ബേർഡ് കാളിങ്’ ഉപകരണങ്ങൾ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പിടിച്ചെടുത്തു. ‘സവായത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന ഉപകരണമാണ് മരുഭൂമിയിലെ കുറ്റിക്കാടുകൾക്കും മറ്റുമിടയിലായി ഒളിപ്പിച്ചുവെച്ചത്.
പക്ഷിവേട്ടകൾക്കാണ് കൂടുതലായും നിയമവിരുദ്ധമായ ഈ ഉപകരണം ഉപയോഗിക്കുന്നത്. വ്യാജമായ ശബ്ദം തിരിച്ചറിയാതെ പക്ഷികൾ തേടിയെത്തുമ്പോൾ അവയെ വേട്ടയാടുകയാണ് ചെയ്യുന്നത്. പിടിച്ചെടുത്തവയുടെ ദൃശ്യങ്ങൾ മന്ത്രാലയം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
ഉപകരണങ്ങൾ കണ്ടുകെട്ടി നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. പക്ഷികളെ വിളിച്ചുവരുത്തുന്ന കൃത്രിമ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പാരിസ്ഥിതിക നിയമലംഘനങ്ങളും പരിശോധിക്കാൻ വന്യജീവി സംരക്ഷണ വകുപ്പിനു കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നത് നിയന്ത്രിക്കുന്ന 2023ലെ ഉത്തരവ് പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കർശനമായി നിരോധനമുള്ള ഉപകരണമാണ് ബേർഡ് കാളിങ് ഡിവൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.