ദോഹ: സ്വന്തം ആരോഗ്യ ചിന്തകളിൽനിന്ന് പ്രകൃതിവാദിയായി മാറിയ അച്ഛനും അച്ഛന്റെ ഇഷ്ടങ്ങൾ തന്റേത് കൂടിയാവാൻ നിർബന്ധിക്കപ്പെടുന്ന മകന്റെയും കഥപറയുന്ന ‘ആൽകലൈൻ’ ഇന്ന് അജ് യാൽ ചലച്ചിത്രമേളയുടെ വലിയ സ്ക്രീനിലെത്തുന്നു.
42ഓളം രാജ്യങ്ങളിൽനിന്ന് ചെറുതും വലുതുമായി 66 ചിത്രങ്ങൾ പങ്കെടുക്കുന്ന അജ് യാൽ ചലച്ചിത്രമേളയിൽ മലയാളത്തിൽനിന്നുള്ള ഏക ചിത്രമായാണ് എറണാകുളം സ്വദേശി പോൾ എബ്രഹാമിന്റെയും സംഘത്തിന്റെയും ‘ആൽകലൈൻ’ പ്രദർശനത്തിനെത്തുന്നത്. 19 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ബുധനാഴ്ച രാത്രി 7.30ന് കതാറ ഡ്രാമ തിയറ്ററിലും 22ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസിലും പ്രദർശിപ്പിക്കും.
സ്വന്തം ജീവിതാനുഭവത്തിന്റെ ഒരംശം കൂടി ദൃശ്യവത്കരിച്ചാണ് പോൾ എബ്രഹാം എന്ന യുവ ആർക്കിടെക്ട് തന്റെ ആദ്യ ചലച്ചിത്രത്തെ ശ്രദ്ധേയമായ പ്രദർശനത്തിലെത്തിക്കുന്നത്. ഖത്തറിൽതന്നെ പഠിച്ചുവളർന്ന് ജോലി ചെയ്യുന്ന പോൾ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിൽപശാലയിൽ പങ്കെടുത്തുകൊണ്ടാണ് ആദ്യ ഹ്രസ്വചിത്രത്തിലേക്ക് എത്തിയത്.
ശിൽപശാലയുടെ ഭാഗമായി നിർദേശിച്ച ആരോഗ്യം എന്ന പ്രമേയത്തിൽനിന്നായിരുന്നു ‘ആൽകലൈന്റെ’ പിറവിയെന്ന് പോൾ എബ്രഹാം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയിൽ നിർമിച്ച ചിത്രത്തിൽ രാജ്യത്തെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അബ്ദുല്ല അൽ ഹോർ സംവിധാനത്തിൽ ഒപ്പം ചേർന്നു. ലബനാനിൽനിന്നുള്ള കോർണി ഷാവി ഉപദേഷ്ടാവായും പ്രവർത്തിച്ചു. ദോഹയിലും നാട്ടിലുമായി ചിത്രീകരിച്ച സിനിമയിൽ അച്ഛന്റെയും മകന്റെയും വേഷങ്ങളിൽ ആരെ എത്തിക്കുമെന്നതിൽ സംവിധായകന് സംശയമൊന്നുമില്ലായിരുന്നു.
മകന്റെ വേഷം പോൾ ചെയ്തപ്പോൾ സ്വന്തം അച്ഛൻ സാജുവിനെ അച്ഛന്റെ വേഷത്തിൽ കാസ്റ്റ് ചെയ്തു. കാമറയിലും പിന്നണി പ്രവർത്തനങ്ങളിലുമെല്ലാം പോളിന്റെ സുഹൃത്തുക്കൾ പങ്കാളികളായി. പ്രസൂൺ, ദർവിഷ്, ഹരി ഇയോബ് എന്നിവരായിരുന്നു കാമറ ചെയ്തത്. അനൻ ആന്റണി പോൾ അസിസ്റ്റന്റ് പ്രൊഡ്യൂസറും അപ്പു ആന്റണി സൗണ്ടും നിർവഹിച്ചു.
35 വർഷത്തോളം ഖത്തറിൽ എൻജിനീയറായി ജോലിചെയ്ത സാജു ഏതാനും വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. എൻജിനീയറായി ഖത്തറിൽ ജോലി ചെയ്യുന്ന റീനയാണ് പോളിന്റെ അമ്മ. മറിയ എബ്രഹാം സഹോദരിയാണ്.
‘ആൽകലൈ’ന്റെ ആദ്യ പ്രദർശനമാണ് ബുധനാഴ്ച കതാറയിൽ നടക്കുന്നത്. മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിലാണ് ചിത്രം അജ് യാലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള ഡോക്യുമെന്ററി ഫെസ്റ്റിലും പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന സംവിധായകൻ ചെറുപ്പം മുതലേ പാഷനായി കൊണ്ടുനടന്ന ചലച്ചിത്രമേഖലയിൽ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.