ദോഹ: ദിനേന മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും കാഴ്ചകൾക്കുമപ്പുറത്തെ ഗസ്സയുടെ കാണാക്കഥകളുമായി അജ് യാലിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ‘ഫ്രം ഗ്രൗണ്ട് സീറോ’. ലോകത്തെ ശ്രദ്ധേയമായ സിനിമകളുമായി പ്രദർശനം തുടരുന്ന അജ് യാൽ ചലച്ചിത്രമേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും ഫലസ്തീൻ ചലച്ചിത്രകാരനായ റഷീദ് മഷ്റാവി നിർമിച്ച ഗസ്സയിൽനിന്നുള്ള 22 ഡയറക്ടർമാർ പങ്കുചേർന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ആയിരുന്നു.
തിങ്കളാഴ്ച രാത്രിയിൽ കതാറ ഡ്രാമ തിയറ്ററിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു 22 ഹ്രസ്വ ചിത്രങ്ങൾ ചേർന്ന റാഷിദ് മഷ്റാവിയുടെ ഗ്രൗണ്ട് സീറോ അരങ്ങേറിയത്.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ അധിനിവേശസേന ആരംഭിച്ച ആക്രമണം 14 മാസം പിന്നിട്ടിട്ടും അവസാനമില്ലാതെ തുടരുമ്പോഴാണ് ബിഗ് സ്ക്രീനിലൂടെ ഗസ്സയിലെ ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ കഥ ലോകവുമായി പങ്കുവെക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 44,000ത്തോളം പേർ കൊല്ലപ്പെടുകയും ആശുപത്രികളും സ്കൂളുകളും വീടും വ്യാപാര സ്ഥാപനങ്ങളുമെല്ലാം തകർന്നടിഞ്ഞ് കരിങ്കൽ കൂമ്പാരമായ ഗസ്സയുടെ നേർചിത്രങ്ങൾ മാധ്യമ വാർത്തകളിലല്ലാതെ യുദ്ധമാരംഭിച്ചശേഷം ആദ്യമായി ലോകവുമായി പങ്കുവെക്കുന്നതും ഈ ചിത്രങ്ങളിലൂടെയാണ്.
ഫലസ്തീനിലെ ജഫ അഭയാർഥി ക്യാമ്പിൽ ജനിച്ചുവളർന്ന് 35 വർഷത്തിലേറെയായി ചലച്ചിത്ര പ്രവർത്തകനായി ലോകമെങ്ങും സഞ്ചരിക്കുന്ന റാഷിദ് മഷ്റവി യുദ്ധം ആരംഭിച്ചശേഷമാണ് ഗസ്സയിലെ കാണാക്കഥകൾ ലോകത്തെ അറിയിക്കാനായി ഇറങ്ങുന്നത്. യുദ്ധം നടക്കുമ്പോൾ വിദേശത്തായിരുന്ന അദ്ദേഹം ഗസ്സയിലെ സാധാരണക്കാരായവരെതന്നെ ഡയറക്ടർമാരാക്കി.
ഒരുവശത്ത് ഇസ്രായേൽ ബോംബുകൾ വർഷിച്ച് മരണം വിതക്കുമ്പോൾ ഈ കാഴ്ചകളുടെ നേർചിത്രം ലോകത്തെ അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തന്റെ സൗഹൃദവും പരിചയവും ഉപയോഗപ്പെടുത്തി ഗസ്സയിലെ ചലച്ചിത്ര പ്രവർത്തകരെ ബന്ധപ്പെട്ട അദ്ദേഹം പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി യുദ്ധം ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു.
അങ്ങനെ, ആദ്യമായി കാമറ പിടിക്കുന്നവരും ചലച്ചിത്രകാരന്മാരുമായ ഒരു കൂട്ടം മനുഷ്യർ യുദ്ധത്തിനിടയിലെ തങ്ങളുടെ ജീവിതം കൂടി ഒപ്പിയെടുത്ത 22 ചിത്രങ്ങളാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’യിൽനിന്ന് കരളലിയിക്കുന്ന ദൃശ്യങ്ങളായി സ്ക്രീനിലെത്തിയത്.
ലോകം കാത്തിരിക്കുന്ന ജീവിതകഥകൾ ഒരുപാട് പറയാനുള്ള ഗസ്സയിൽനിന്ന് ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തി പിന്തുണക്കുക എന്ന ലക്ഷ്യവുമായാണ് റഷീദ് മഷ്റാവി ഈ ദൗത്യവുമായിറങ്ങിയത്. സാമ്പത്തിക പിന്തുണ നൽകിയും പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക് ലോകത്തെ മുൻനിര സംഘത്തെ നിയോഗിച്ചുമാണ് സാങ്കേതിക മികവോടെ ഗ്രൗണ്ട് സീറോയിലെ പറയാത്ത കഥകൾ സ്ക്രീനിലെത്തിച്ചത്.
റീമ മഹ്മൂദിന്റെ ‘സെൽഫീഫ്’ ചിത്രത്തിൽ തുടങ്ങി ‘അവേകനിങ്’ൽ അവസാനിക്കുന്ന 22 ചിത്രങ്ങൾ. മൂന്നുമുതൽ ആറ് മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങൾ ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യൂഫിക്ഷനുമെല്ലാം ചേർന്നതാണ്. ആകെ 118 മിനിറ്റ് സമയം. ഏഴ് വനിത ഡയറക്ടർമാരും ഈ ആന്തോളജി സ്റ്റോറീസിൽ പങ്കുചേർന്നതായി പ്രദർശനത്തിനുശേഷം നടന്ന ഓപൺ ഫോറത്തിൽ റഷീദ് മഷ്റാവി പറഞ്ഞു.
ലോക വേദിയിലെ പ്രദർശനത്തിന് തിരഞ്ഞെടുത്ത സിനിമയുടെവരെ സംവിധായകനായി, ഒടുവിൽ യുദ്ധം ആരംഭിച്ചപ്പോൾ എല്ലാം നഷ്ടമായി പട്ടിണി മാറ്റാൻ സ്വന്തം സിനിമയുടെ ക്ലാപ് ബോഡ് വിറകുകൊള്ളിയാക്കി ഭക്ഷണം പാചകം ചെയ്യുന്ന സംവിധായകന്റെ കഥ പറയുന്നതാണ് ‘സോറി’.
ബോംബിങ്ങിൽ തകർന്ന വീടിനൊപ്പം തകർന്നടിഞ്ഞ കലാസൃഷ്ടികളുമായി വിതുമ്പുന്ന കലാകാരിയുടെ കഥ ‘ഔട്ട് ഓഫ് ഫ്രെയിം’ പറയുന്നു.
സ്വന്തം ദേഹത്ത് അമ്മ പച്ചകുത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ബോംബ് പൊട്ടി ഛിന്നഭിന്നമായി പോകുമ്പോൾ തിരിച്ചറിയാനാണെന്ന് പറയുന്ന കുട്ടി, തകർന്ന വീടിനുള്ളിൽനിന്ന് പിതാവിന്റെ ശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിന് കഴിയാതെ നിസ്സഹായയായി കാത്തിരിക്കുന്ന ബാലിക, സഹനത്തിന്റെ കഥ പറയുന്ന ‘ദി ടീച്ചർ’ ഇങ്ങനെ പോകുന്ന 22 ജീവിതകഥകൾ. 2023 അവസാനത്തോടെ ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിച്ചതാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’.
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള 2025ലെ ഓസ്കാർ നാമനിർദേശവുമായാണ് റഷീദ് മഷ്റാവിയുടെ ചിത്രം അജ് യാലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.