ദോഹ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ഓരോ പഞ്ചായത്തിലും പ്രവാസി കാര്യങ്ങള്‍ക്കായി ഓരോ സ്റ്റാൻഡിങ് കമ്മിറ്റികളെ പ്രത്യേകമായി രൂപവത്കരിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമുള്ള മിനിമം ജനസംഖ്യയുടെ പ്രശ്നമുണ്ടെങ്കില്‍ കേരളത്തിലെ 14 ജില്ല പഞ്ചായത്തുകളിലും ആറു കോര്‍പറേഷനുകളിലും സ്ഥിരം പ്രവാസിക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റികള്‍ ഉണ്ടാക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റികളില്‍ പ്രവാസി കാര്യങ്ങള്‍ കൂടി ഉൾപ്പെടുത്തുകയും ചെയ്യണം. ഇത്തരമൊരു സ്ഥിര സമിതിയുടെ കീഴില്‍, ഓരോ പഞ്ചായത്തിലെയും പ്രവാസികളുടെയും മടങ്ങിവന്നവരുടെയും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് അതതു പ്രദേശത്തിന് അനുയോജ്യമായ പുനരധിവാസപദ്ധതികള്‍ നടപ്പാക്കാനുള്ള അധികാരം അവര്‍ക്ക് നല്‍കുകയും വേണം. നിലവില്‍ പ്രവാസികളായവരുടെ സാമ്പത്തിക മുതല്‍ മുടക്കും സ്വീകരിച്ച് ലാഭവിഹിതം നല്കാവുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതുമാണ്. പ്രവാസികളുടെ നൈപുണ്യവികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും സഹായപദ്ധതികളും ആവിഷ്കരിച്ച്
നടപ്പാക്കാനുള്ള വിപുലമായ അവകാശാധികാരങ്ങള് നല്കുന്ന വിധത്തിലാണ് ഈ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപപ്പെടുത്തേണ്ടതെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവിലുള്ള വിവിധ സാഹചര്യങ്ങൾ മൂലമാണ് ഇത്തരമൊരു ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നത്. കോവിഡ് രോഗവ്യാപനം ഇന്ത്യയിലും രൂക്ഷമാണ്. ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. സാമ്പത്തികനില തകര്‍ന്നടിഞ്ഞു.
കേരളത്തിലെ അവസ്ഥ കൂടുതല്‍ ഗുരുതരമാണ്. നിശ്ചലമായ നിര്‍മാണ മേഖല, നിര്‍ജീവമായ വ്യാപാര വാണിജ്യമേഖല, ലക്ഷക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍രഹിതരായി. നേരത്തേ തൊഴിലില്ലാത്തവരുടെ പട്ടികയിലേക്ക് ഏതാണ്ട് മൂന്നു ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞുവെന്നാണ് കണക്കുകൾ. ഈ തിരിച്ചു വരവ് നാടിൻെറ പ്രവാസിവരുമാനത്തില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കും. കേരളം ഏറെ പതിറ്റാണ്ടുകളായി ഒരു പ്രവാസി ബന്ധിത സാമ്പത്തിക ക്രമം നിലനില്‍ക്കുന്ന നാടാണ്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. കേരളത്തിലെ ഭക്ഷ്യ സ്വയംപര്യാപ്തതയും വലിയ ചോദ്യചിഹ്നമായി നിലനില്ക്കുന്നു എന്നതും അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവാസി കാര്യങ്ങള്‍ക്കായി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപവത്കരിച്ചാൽ പ്രവാസിസംബന്ധമായ പല കാര്യങ്ങളും ഫലവത്താകുമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.