ദോഹ: ലോകം എക്കാലവും ആദരിക്കുന്ന സമുദ്ര സഞ്ചാരിയായ അമേരിഗോ വെസ്പുച്ചിയെ ചരിത്രപുസ്തകങ്ങളിൽ പഠിക്കാത്തവരായി ആരുമുണ്ടാകില്ല. ക്രിസ്റ്റഫർ കൊളംബസിന്റെ പേര് കേൾക്കുേമ്പാൾ അമേരിഗോ വെസ്പുച്ചിയെയും ഏറെ പഠിച്ചിരിക്കും. 14ാം നൂറ്റാണ്ടിൽ പായക്കപ്പലിലേറി ലോകമെങ്ങും സഞ്ചരിച്ച് തെക്കൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ നാവികനും കച്ചവടക്കാരനുമായ ഇറ്റാലിയൻ.
അമേരിഗോ വെസ്പുച്ചിയെക്കുറിച്ച് പറഞ്ഞു വരാൻ ഒരു കാരണമുണ്ട്. ഇപ്പോൾ ഓൾഡ് ദോഹ തുറമുഖത്തെത്തിയാൽ അവിടെ തലയുയർത്തി നിൽക്കുന്ന ‘അമേരിഗോ വെസ്പുച്ചിയെ’ കാണാം. ഇറ്റാലിയൻ നാവിക പൈതൃകം പേറുന്ന ഒരു പഴയ പടക്കപ്പൽ. ഇറ്റാലിയൻ നാവികസേനയുടെ അഭിമാനമായിരുന്ന ഈ കപ്പൽ തന്റെ ഔദ്യോഗിക സേവനം അവസാനിപ്പിച്ചശേഷം ആരംഭിച്ച ഒരു ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇപ്പോൾ ദോഹ തീരത്തെത്തിയത്.
1930ൽ കമീഷൻ ചെയ്ത് അടുത്ത വർഷം ഫെബ്രുവരിയിൽ സേവനം ആരംഭിച്ച അമേരിഗോ വെസ്പുചിക്ക് ആധുനിക ലോകചരിത്രത്തിലും വലിയ ഇടമുണ്ട്. ലോക യുദ്ധത്തിൽ പങ്കെടുക്കുകയും, ഇറ്റാലിയൻ നാവിക അക്കാദമിയുടെ പരിശീലന കപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഗതകാലം. 93 വര്‍ഷത്തെ ഈ ചരിത്രവുമായി കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ഇറ്റാലിയൻ തീരത്തുനിന്നും ആരംഭിച്ച യാത്രയുടെ ഭാഗമായാണ് ഇപ്പോൾ ലോകം ചുറ്റി ദോഹ തുറമുഖത്തെത്തിയത്. -20മാസം; 31 രാജ്യങ്ങളിലൂടെ ലോകസഞ്ചാരം
കാറ്റിനൊപ്പം ഇളകിയാടുന്ന പായകളും ഉയരെയുള്ള കൊടിമരവും ഉൾപ്പെടെ കാഴ്ചയിൽ തന്നെ പൗരാണികതയുടെ തലയെടുപ്പുണ്ട് വെസ്പുചിക്ക്. ലോകം പലതവണ ചുറ്റിയ ഔദ്യോഗിക യാത്രകൾക്കൊടുവിലാണ് ഇപ്പോൾ ഈ സഞ്ചാരം. 2023 ജൂലൈയിൽ തുടങ്ങി 2025 ഫെബ്രുവരിയിൽ അവസാനിപ്പിക്കുന്ന യാത്രയിൽ 31 രാജ്യങ്ങളിലെ 36 തുറമുഖങ്ങളിലാണ് ഈ കപ്പലെത്തുന്നത്. അഞ്ചു വൻകരകളും ഈ നീണ്ട യാത്രയിൽ പിന്നിടും. യൂറോപ്പിൽ തുടങ്ങി, ആഫ്രിക്ക, തെക്കൻ അമേരിക്ക, അമേരിക്ക വഴി ഏഷ്യൻ രാജ്യങ്ങളിൽ പ്രവേശിച്ചാണ് ഇപ്പോൾ ദോഹയിലെത്തുന്നത്. മുംബൈ, കറാച്ചി വഴി ആദ്യമെത്തുന്ന ഗൾഫ് രാജ്യമാണ് ഖത്തർ. അബൂദബി, ഒമാൻ, ഈജിപ്ത്, വഴി ഫെബ്രുവരിയിൽ ഇറ്റലിയിൽ യാത്ര സമാപിക്കും.
ഞായറാഴ്ചയോടെയാണ് അമേരിഗോ വെസ്പുചി ദോഹ തുറമുഖത്ത് തീരമണഞ്ഞത്. 22 വരെ ഇവിടെയുണ്ടാകുന്ന കപ്പലിലേക്ക് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തുവേണം പ്രവേശനം ഉറപ്പാക്കാന്‍. 18 മുതല്‍ 21 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാവിലെ 10 മുതല്‍ 12 വരെയും, വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഏഴു വരെയും പ്രവേശനം അനുവദിക്കും. ഡിസംബര്‍ 20ന് വൈകീട്ട് അഞ്ചുവരെ മാത്രമെ പ്രവേശനം അനുവദിക്കൂ. ഈ കപ്പലിനൊപ്പം യാത്ര തിരിച്ച ഇറ്റാലിയുടെ തന്നെ വില്ലാജിയോ ഇറ്റാലിയയും ദോഹ തീരത്തുണ്ട്. വില്ലാജിയോ ഇറ്റാലിയയിലേക്ക് എല്ലാവര്ക്കും പ്രവേശനം അനുവദിക്കുമെങ്കിലും
പ്രധാന പരിപാടികള്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 22 വരെ വില്ലാജിയോ ഇറ്റാലിയയിലേക്ക് പ്രവേശനം അനുവദിക്കും. സംഗീത, കലാ, പ്രദർശനം, ഇറ്റാലിയൻ പാചകം ഉൾപ്പെടെ വിവിധ പരിപാടികളാണ് ഈ ദിവസങ്ങളിൽ കപ്പലിൽ ഒരുക്കുന്നത്. ഖത്തർ-ഇറ്റലി സൗഹൃദത്തിന്റെ ഭാഗമായി ഉന്നത വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. ഇറ്റാലിയൻ കാർഷിക മന്ത്രി, ഉദ്യോഗസ്ഥർ, അംബാസഡർ, സൈനിക മേധാവികൾ എന്നിവർ അതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.