ദോഹ: ലുസൈൽ സ്റ്റേഡിയത്തിലെ പുൽമൈതാനങ്ങൾക്ക് തീപടരാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. രണ്ടു വർഷം മുമ്പ് ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും മാറ്റുരച്ചതിന്റെ ഓർമകൾക്കിടെ ഡിസംബർ 18ന് വീണ്ടുമൊരു ഫുട്ബാൾ ഉത്സവം.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ മാറ്റുരക്കുന്ന റയൽ മഡ്രിഡ് സംഘം തിങ്കളാഴ്ച രാത്രിയോടെ ദോഹയിലെത്തി. ശനിയാഴ്ച സ്പാനിഷ് ലീഗിൽ റയോ വയെകാനോയോട് 3-3ന് സമനില വഴങ്ങിയതിനു പിന്നാലെയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ദോഹയിലേക്ക് പറന്നത്. ബുധനാഴ്ച രാത്രി ഖത്തർ സമയം എട്ടുമണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.
രണ്ടു മത്സരങ്ങൾ ജയിച്ചെത്തിയ മെക്സിക്കൻ ക്ലബ് പചൂകയാണ് കിരീടപ്പോരാട്ടത്തിൽ റയലിന്റെ എതിരാളി. പരിക്കേറ്റ് കിലിയൻ എംബാപ്പെ ഒരാഴ്ചത്തെ വിശ്രമവുമായി ഖത്തറിലെത്തുമ്പോൾ കളത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിനീഷ്യസ് ജൂനിയർ, കാർവഹാൽ, ലൂകാ മോഡ്രിച്, റോഡ്രിഗോ, എൻഡ്രിക്, ബെല്ലിങ്ഹാം, കാമവിംഗ തുടങ്ങിയ സൂപ്പർതാരങ്ങളും സംഘത്തിനൊപ്പമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ടീമിന്റെ പരിശീലന സെഷൻ.
റയലിന്റെ സൂപ്പർ മത്സരം കാണാൻ ടിക്കറ്റെടുത്ത ആരാധകർ മൊബൈലിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ ആപ് ഡൗൺലോഡ് ചെയ്ത് ഡിജിറ്റൽ ടിക്കറ്റ് ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ച് സംഘാടകർ. നേരത്തേ ടിക്കറ്റ് എടുത്തവർക്ക് ആപ് രജിസ്ട്രേഷനിൽ ഇ-മെയിൽ ഐ.ഡി നൽകുമ്പോൾ തന്നെ ടിക്കറ്റും ലഭ്യമാകും. ഈ ടിക്കറ്റ് സ്റ്റേഡിയം ഗേറ്റിൽ കാണിച്ചാൽ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.