ദോഹ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാര പ്രഖ്യാപനം ഇന്ന് ദോഹയിൽ. അടുത്ത വർഷം ജനുവരിയിലെന്ന് അറിയിച്ച പുരസ്കാര പ്രഖ്യാപനം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ചൊവ്വാഴ്ച ദോഹയിൽ നടത്താൻ ഫിഫ തീരുമാനിച്ചത്. അന്താരാഷ്ട്ര-ക്ലബ് ഫുട്ബാൾ മത്സര ഷെഡ്യൂളിന്റെ തിരക്ക് കൂടി കണക്കിലെടുത്താണ് അവാർഡ് നൈറ്റില്ലാതെ ഓൺലൈൻ വഴി പുരസ്കാര പ്രഖ്യാപനം നടത്തുന്നത്.
ഖത്തർ വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരത്തിന് തലേദിവസം ദോഹയിലെ ആസ്പയർ അക്കാദമിയിലാണ് പോയവർഷത്തെ മികച്ച താരങ്ങൾക്കുള്ള ‘ഫിഫ ബെസ്റ്റ്’ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാൾ പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയുടെ 20ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് ലോക ഫുട്ബാൾ പുരസ്കാര പ്രഖ്യാപനം ദോഹയെ തേടിയെത്തുന്നത്. ഓൺലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്യും. ഗാല ഡിന്നറോടെ നടക്കുന്ന പരിപാടിയുടെ സമയം ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന റയൽ മഡ്രിഡ്- മെക്സിക്കൻ ക്ലബായ പചൂക ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ കൗൺസിൽ അംഗങ്ങൾ, ലോക ഫുട്ബാൾ താരങ്ങൾ എന്നിവർ ദോഹയിലെത്തിയിട്ടുണ്ട്.
നവംബർ അവാന വാരത്തിൽ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചിരുന്നു. മികച്ച പുരുഷ-വനിത തരങ്ങൾ, പുരുഷ-വനിത കോച്ച്, ഗോൾകീപ്പർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്.
ആരാധകർക്കുള്ള വോട്ട് ചെയ്യാനുള്ള അവസരം നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. വിവിധ ദേശീയ ടീമുകളുടെ നായകർ, പരിശീലകർ, തിരഞ്ഞെടുക്കപ്പെട്ട കായിക മാധ്യമ പ്രവർത്തകർ എന്നിവരുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. വോട്ടെടുപ്പ് ഡിസംബർ 10ഓടെ അവസാനിച്ചു.
ബാലൻ ഡി ഓർ കൈവിട്ട വിനീഷ്യസ് ജൂനിയറിനെ ഫിഫ പുരസ്കാരം നൽകി ആശ്വസിപ്പിക്കുമോ അതോ, യൂറോകപ്പ് കിരീടനേട്ടത്തിന്റെ തിളക്കവുമായി റോഡ്രി ഫിഫ ബെസ്റ്റും സ്വന്തമാക്കുമോ. അതുമല്ലെങ്കിൽ കിലിയൻ എംബാപ്പെയോ ഹാലൻഡോ എത്തുമോ. നവംബർ അവസാന വാരം പ്രഖ്യാപിച്ച 11 പേരുടെ ചുരുക്കപ്പട്ടികയിൽ അർജന്റീനയുടെ സൂപ്പർ താരവും എട്ടു തവണ ഫിഫ പുരസ്കാര ജേതാവുമായ ലയണൽ മെസ്സിയും ഉണ്ട്.
ഡാനി കാർവഹാൽ (റയൽ മഡ്രിഡ്), എർലിങ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡറികോ വാൽവെർഡെ (റയൽ മഡ്രിഡ്), േഫ്ലാറിയാൻ വിറ്റ്സ് (ബയർലെവർകൂസൻ), ജൂഡ് ബെല്ലിങ് ഹാം (റയൽ മഡ്രിഡ്), കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്), ലാമിൻ യമാൽ (ബാഴ്സലോണ), ലയണൽ മെസ്സി (ഇന്റർ മിയാമി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ടോണി ക്രൂസ് (റയൽ-റിട്ടയേഡ്), വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്).
ദോഹ: ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിൽ ഒന്ന് ഖത്തറിന്റെ ഹസൻ ഹൈദോസിന്റെ കൈകളിൽ എത്തുമോ...? പുരസ്കാരങ്ങൾ ചൊവ്വാഴ്ച ദോഹയിൽ പ്രഖ്യാപിക്കുമ്പോൾ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചവരിൽ ഒരാളായി ഖത്തറിന്റെ മുൻ നായകൻ ഹസൻ അൽ ഹൈദോസുമുണ്ട്. കഴിഞ്ഞ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിനിടെ ചൈനക്കെതിരെ ഫുൾ വോളി ഷോട്ടിലൂടെയുള്ള ഗോളാണ് ഹൈദോസിനെ പുരസ്കാരപ്പട്ടികയിൽ ഇടം സമ്മാനിച്ചത്.
അക്രം അഫീഫ് കോർണറിലൂടെ നൽകിയ പാസിനെ നിലംതൊടാതെ പുറംകാലൻ ഷോട്ടിലൂടെ ഹൈദോസ് വലയിലാക്കുകയായിരുന്നു. പുഷ്കാസ് അവാർഡിനായി ഹസൻ ഹൈദോസ് ഉൾപ്പെടെ 11 പേരാണ് ഇടം നേടിയത്. ഫിഫ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുക്കുന്നതിനുള്ള മികച്ച മുന്നേറ്റ നിരയിലേക്കായി നാമനിർദേശം ചെയ്ത 22 പേരിൽ ഒരാളായി ഖത്തറിന്റെ തന്നെ അക്രം അഫീഫ് ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.