ദോഹ: ഏഷ്യൻ ഗെയിംസ് വോളിയിൽ ഖത്തറിന്റെ വെങ്കലമെഡൽ സ്വപ്നം മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ അടിതെറ്റിയപ്പോൾ, ബീച്ച് വോളിയിൽ സ്വർണപ്രതീക്ഷ. ഖത്തറിന്റെ ടോപ് താരങ്ങളായ ഷെരിഫ് യൂനുസും അഹമ്മദ് ടിജാനും തുടർച്ചയായി രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണം എന്ന നേട്ടത്തിനരികിൽ.
കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ ഇറാനെയും സെമിയിൽ കസാഖ്സ്താനെയും തോൽപിച്ചാണ് ഖത്തർ സഖ്യം കലാശപ്പോരാട്ടത്തിന് ഇടം നേടിയത്. വ്യാഴാഴ്ചത്തെ ഫൈനലിൽ ഖത്തറും ആതിഥേയരായ ചൈനയും തമ്മിലാണ് സ്വർണപ്പോരാട്ടം.
ഒളിമ്പിക്സിൽ വെങ്കലം നേടിയ യൂനുസ്-ടിജാൻ സഖ്യം 2018 ജകാർത്ത ഏഷ്യൻ ഗെയിംസിലും ഖത്തറിനായി ബീച്ച് വോളിയിൽ സ്വർണം നേടിയിരുന്നു.
ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാർ കൂടിയായ ഖത്തർ സഖ്യം ഫൈനലിലും കുതിപ്പു തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വോളിബാളിൽ ജപ്പാനെതിരെ ഏകപക്ഷീയമായ മൂന്നു സെറ്റിനായിരുന്നു ഖത്തറിന്റെ തോൽവി. ഒരു മണിക്കൂറും 17 മിനിറ്റും നീണ്ട മത്സരത്തിൽ 20-25, 20-25, 22-25 സ്കോറിനായിരുന്നു ജയം.
ഷൂട്ടിങ്ങിൽ സ്കീറ്റ് വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവായ നാസർ അൽ അതിയ്യ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ സ്വർണമെഡൽ പ്രതീക്ഷയാണ്. ടീം, വ്യക്തിഗത വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.