ഔഖാഫിനു കീഴിലെ നബ്ദ് എൻഡോവ്മെന്റ് ഹൃദ്രോഗ ചികിത്സ പദ്ധതി സംബന്ധിച്ച് ഡയറക്ടർ ജനറൽ എൻജി.
ഹസൻ അബ്ദുല്ല
അൽ മർസൂഖി
വിശദീകരിക്കുന്നു
ദോഹ: സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഹൃദ്രോഗികൾക്ക് ചികിത്സാ സഹായവുമായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റലിലെ 70 ഹൃദ്രോഗികൾക്കാണ് ഔഖാഫ് ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സാ സഹായം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അടിയന്തര പരിചരണം ആവശ്യമുള്ളവരും ചികിത്സ ചെലവുകൾ വഹിക്കാൻ കഴിയാത്തവരുമായ രോഗികൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള നബ്ദ് എൻഡോവ്മെന്റിന്റെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിന്റെ ഡയറക്ടർ ജനറൽ എൻജി. ഹസൻ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. 2020 മുതൽ ഹമദ് ഹാർട്ട് ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യ പരിചരണത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അർഹരായ രോഗികളുടെ താമസ, ചികിത്സ ചെലവുകൾ എൻഡോവ്മെന്റ് വഹിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നബ്ദ് എൻഡോവ്മെന്റ് ഗുണഭോക്താക്കളുടെ എണ്ണം 200 ആയതായി ഹാർട്ട് ആശുപത്രി കാർഡിയോതൊറാസിക് സർജറി വിഭാഗം മേധാവി ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല അറിയിച്ചു. നബ്ദ് എൻഡോവ്മെന്റ് വഴി നൽകുന്ന പിന്തുണ ഹൃദ്രോഗികൾക്ക് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗം ബാധിച്ചവരും, ഹൃദയ പ്രവർത്തനത്തിന് ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടവരുമായ ഒരു വിഭാഗം രോഗികൾക്ക് സാമ്പത്തിക ബാധ്യത വെല്ലുവിളിയാണ്. ഇത്തരക്കാർക്ക് ആശ്വാസമാണ് നബ്ദ് സഹായമെന്ന് ഡോ. അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.