ഹമദ് വിമാനത്താവള വിപുലീകരണ പദ്ധതിയുടെ വിശദാംശങ്ങൾ ഖത്തർ എയർവേസ് സി.ഇ.ഒ ബദ്ർ മുഹമ്മദ് അൽ മീർ വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി ഇരിട്ടിയായി വർധിപ്പിച്ചുകൊണ്ട് പുതിയ രണ്ട് കോൺകോഴ്സുകൾകൂടി തുറന്നു. വിമാനത്താവള വിപുലീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ ഡി, ഇ കോൺ കോഴ്സുകളാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്.
വിമാനത്താവളത്തിന്റെ പ്രതിവർഷ യാത്രക്കാരുടെ ശേഷി 6.5 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തിൽ നിർണായകം കൂടിയാണ് പുതിയ കോൺകോഴ്സുകൾ. 2018ൽ ആരംഭിച്ച വിമാനത്താവള വികസന പദ്ധതി കോൺകോഴ്സ് ഡി, ഇ എന്നിവ തുറന്നു നൽകിയതോടെ പൂർത്തിയായി.
ലോകകപ്പിന് മുമ്പായി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലെ 6000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഓർച്ചാഡ് ഗാർഡന്റെ തുടർച്ച കൂടിയാണ് കോൺകോഴ്സുകളുടെ ഉദ്ഘാടനം. വേനലവധിയും പെരുന്നാൾ ഉൾപ്പെടെ ആഘോഷങ്ങളുമടങ്ങിയ സീസൺ മുന്നിൽ നിൽക്കെയാണ് വിമാനത്താവള വിപുലീകരണം യാഥാർഥ്യമാക്കുന്നത്.
ഏഴു വർഷം മുമ്പ് ആരംഭിച്ച വിമാനത്താവള വികസന പദ്ധതിയിലെ നാഴികക്കല്ല് കൂടിയാണ് രണ്ട് കോൺകോഴ്സുകളുടെ പ്രവർത്തനക്ഷമതയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിമാനത്താവളത്തിൽ ചെക്ക് ഇൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് വിമാനത്തിൽ പ്രവേശിക്കുന്നതിനായുള്ള ഇടനാഴിയെ ആണ് കോൺകോഴ്സ് എന്ന് വിളിക്കുന്നത്. ഡി കോൺകോഴ്സിൽ ഒമ്പത് കോണ്ടാക്ട് ഗേറ്റുകളും, ഇ കോൺകോഴ്സിൽ എട്ട് കോണ്ടാക്ട് ഗേറ്റുകളുമാണുള്ളത്.
വിമാനത്താവള റാംപ് വഴി ബസിലോ കാൽനടയായോ നീങ്ങാതെ ടെർമിനലിൽനിന്ന് നേരിട്ടുതന്നെ കോൺകോഴ്സ് വഴി വിമാനത്തിൽ പ്രവേശനം സാധ്യമാക്കുന്നതാണ് കോണ്ടാക്ട് ഗേറ്റുകൾ. ഇതോടെ ഹമദ് വിമാനത്താവളത്തിലെ ആകെ കോണ്ടാക്ട് ഗേറ്റുകളുടെ എണ്ണം 62 ആയി വർധിച്ചു. ആകെ വർധന 40 ശതമാനം. ഒരു ടെർമിനൽ വിപുലീകരണത്തിലൂടെ ആകെ ശേഷി 8.45 ലക്ഷം ചതുരശ്ര മീറ്ററായും ഉയർന്നു. ഇരു കോൺകോഴ്സുകളും 51,000 ചതുരശ്ര മീറ്ററിലാണ് പൂർത്തിയാക്കിയത്.
അത്യാധുനിക സെൽഫ് ബോഡിങ് സാങ്കേതിക വിദ്യ, ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കാനുള്ള റാംപുകൾ, റീട്ടെയിൽ-ഡൈനിങ് എന്നിവ ഉൾപ്പെടെ സംവിധാനങ്ങളോടെയാണ് പുതിയ കോൺകോഴ്സുകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിമാനത്താവള വികസന പ്രവർത്തനങ്ങൾ കാലതാമസം നേരിടുമ്പോൾ, ഹമദ് വിമാനത്താവളം വികസനം ഷെഡ്യൂൾ ചെയ്തതിലും നേരത്തേതന്നെ നിർമാണം പൂർത്തിയാക്കിയത് അഭിമാനകരമാണെന്ന് ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു.
വിമാനത്താവള ശേഷി വർധിപ്പിക്കുന്നതിനൊപ്പം, ഖത്തർ എയർവേസ് ശൃംഖലയും ഓപറേഷനും ശക്തി പ്രാപിക്കുന്നതിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിലൂടെ വേഗത്തിലുള്ള രേഖാപരിശോധന, കാത്തിരിപ്പ് സമയം കുറക്കൽ, ടെർമിനലിൽനിന്നും വിമാനത്തിലേക്ക് എളുപ്പത്തിൽ പ്രവേശനം എന്നിവ ഉറപ്പാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.