ബേബി കുര്യനും ഭാര്യ ജോളി ബേബി കുര്യനും 

ഖത്തർ വളരുന്നത്​ കണ്ണുനിറയെ കണ്ട്​ ബേബി മടങ്ങുന്നു

ദോഹ: ഖത്തറി‍െൻറ വളർച്ചയുടെ രണ്ട്​ അറ്റങ്ങൾ കണ്ട്​, നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതാനുഭവവുമായി തിരുവല്ല കാവുമ്പാവ്​ കണിയാംപറമ്പിൽ വീട്ടിൽ ബേബി കുര്യൻ നാട്ടിലേക്ക്​ മടങ്ങുന്നു. 1978 ആഗസ്​റ്റ്​ 22ന്​ ദോഹയിൽ വിമാനമിറങ്ങിയ നിമിഷം ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്​. ഇന്ന്​ കാണുന്ന ബഹളങ്ങളും തിരക്കും വാഹനങ്ങളുടെ കുത്തൊഴുക്കുമൊന്നുമില്ലാതെ നിശ്ശബ്​ദമായൊരു ദോഹ നഗരം. ആ കാലത്തി‍െൻറ ഓർമകൾ പങ്കുവെക്കു​േമ്പാൾ ഖത്തറിലെ പുതുതലമുറകൾക്ക്​ അവിശ്വസനീയമായി തോന്നിയേക്കാം -43 വർഷം നീണ്ട പ്രവാസത്തിനു ശേഷം ഞായറാഴ്​ച നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ ബേബി കുര്യൻ വാചാലനാവുന്നു.

25 വയസ്സി‍െൻറ ചോരത്തിളപ്പോടെയായിരുന്നു അന്ന്​ ദോഹയിൽ വിമാനമിറങ്ങിയത്​. എന്ത്​ ജോലിയും ചെയ്യാനുള്ള ആത്​മവിശ്വാസവും കഠിനാധ്വാനവുമായിരുന്നു കൈമുതൽ. നാട്ടിൽനിന്ന്​ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, ഏതാനും വർഷത്തെ അധ്യാപക പരിചയവുമായാണ്​ അമ്മാവൻ നൽകിയ വിസയിൽ ഖത്തറിലെത്തുന്നത്​. ​പൊതുജനാരോഗ്യ മന്ത്രാലയത്തി‍െൻറ ഭക്ഷ്യ ലാബിലായിരുന്നു ആദ്യ ജോലി. മാസങ്ങൾക്കുള്ളിൽ പലസ്​ഥാപനങ്ങൾ മാറിമറിഞ്ഞു. ഒടുവിൽ 1979ൽ ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്​മെൻറ്​ കമ്പനിയായ ഐ.സി.സിയിൽ അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ചു. ഇന്ന്​ ഇതേ സ്​ഥാപനത്തി‍െൻറ സി.ഇ.ഒ പദവിയിലിരുന്നാണ്​ നാലു പതിറ്റാണ്ടും കടന്ന പ്രവാസം മതിയാക്കി നാട്ടിലേക്ക്​ മടങ്ങുന്നത്​.

ഇക്കാണുന്നതൊന്നുമായിരുന്നില്ല ഖത്തർ. അവധി ദിനമായ വെള്ളിയാഴ്​ചകളിൽ ആകെയുള്ള വിനോദം അൽഖോറിലെ പാർക്കും ആ​ഴ്​ചയിൽ ഒരുഹിന്ദി സിനിമ പ്രദർശിപ്പിക്കുന്ന ദോഹ സിനിമയുമായിരുന്നു. പ്രധാന റോഡായുള്ളത്​ കോർണിഷ്​ മാത്രവും. തിയറ്ററിൽ എത്തിയാലേ ഏതാണ്​ സിനിമ എന്നറിയൂ. മറ്റ്​ ആലോചനകളൊന്നുമില്ലാതെ ഉള്ള സിനിമ കണ്ട്​ ആശ്വസിക്കും. വി.സി.ആർ (വിഡിയോ കാസറ്റ്​ റെക്കോഡർ) ഇറങ്ങിയ കാലമായിരുന്നു അത്​. വാടകക്ക്​ കാസറ്റുകൾ നൽകുന്ന കടകളുമുണ്ടായിരുന്നു. കാശ്​ നൽകിയാൽ അവിടെ അംഗത്വമെടുത്ത്​ കാസറ്റുകൾ വാങ്ങാം. ആഴ്​ചയിൽ മൂന്നും നാലും കാസറ്റെടുത്ത്​ അവധി ദിവസങ്ങൾ അങ്ങനെയും ആസ്വദിക്കും. ഖത്തർ ടി.വിയിൽ വെള്ളിയാഴ്​ചയിൽ ഒരു ഹിന്ദി സിനിമ പ്രദർശനമുണ്ടാവും. അങ്ങനെയൊക്കെയായിരുന്നു അന്ന്​ ഞങ്ങളുടെ അവധി ആഘോഷങ്ങൾ.

നാട്ടിലെ വാർത്തകളൊക്കെ അറിയാൻ മൂന്നു ദിവസമെടുക്കും. പ്രസിദ്ധീകരിച്ച്​ മൂന്നാം ദിവസം മാത്രമേ മലയാള പത്രങ്ങൾ ഖത്തറിലെത്തൂ. അത്​ തേടിപ്പിടിച്ച്​ വായിച്ചാൽ നാട്ടിലെ വിശേഷങ്ങളറിയാം. ബന്ധുക്കളുടെ ശബ്​ദം കേൾക്കാൻ ഏറെ സാഹ​സപ്പെടണം. ട്രങ്ക്​ കാൾ സംവിധാനമായിരുന്നു അന്നത്തെ ടെലിഫോൺ. നേരത്തെ ബുക്ക്​ ചെയ്​താൽ രണ്ടു ദിവസം കഴിഞ്ഞൊക്കെ വീട്ടുകാരുമായി സംസാരിക്കാം. പിന്നെയുള്ളത്​ കത്തെഴുത്താണ്​. ഏഴുതി അറിയിച്ചാൽ ഒരാഴ്​ച കഴിയും ലക്ഷ്യത്തിലെത്താൻ. നാട്ടിലെ അടുത്ത ബന്ധുക്കളുടെ മരണങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇങ്ങനെയെത്തുന്ന എയർമെയിൽ കവറുകളിലൂ​െടയായിരുന്നു അറിഞ്ഞിരുന്നത്​. ഇന്ന്​, വാട്​സാപ്പും വിഡിയോ കാളുകളുമായി മനസ്സാഗ്രഹിക്കു​േമ്പാൾ ഉറ്റവരെ നേരിട്ടുകാണുന്ന ലോകത്തിന്​ അവിശ്വസനീയമായിരിക്കും ഞങ്ങളുടെയെല്ലാം തലമുറയിലെ പ്രവാസ ജീവിതം' -ബേബി കുര്യൻ പറയുന്നു.

നാലു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ, ഏഷ്യൻ ഗെയിംസ്​ ഉൾപ്പെടെയുള്ള മഹാമേളകളുടെ ഫെസിലിറ്റേഷൻ വിഭാഗങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ച ഓർമകളുമായാണ്​ ഖത്തറി‍െൻറ മറ്റൊരു വിശ്വമേളയായ ലോകകപ്പ്​ മുന്നിൽ നിൽക്കെ ബേബി മടങ്ങുന്നത്​.

1985ൽ ​ഭാര്യ ജോളിയും ദോഹയിലെത്തിയിരുന്നു. മക്കളായ ഷാരോണും ഷോൺ ബേബി കുര്യനും പഠിച്ചതും വളർന്നതും ഇവിടെ തന്നെ. മക്കൾ ഇരുവരും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം ഖത്തറിലുണ്ട്​. 'ഇനി നാട്ടുകാരനായി ജീവിക്കണം. കൃഷിയിലും മറ്റും സജീവമാവണം. ആഗ്രഹിക്കു​േമ്പാൾ ഒരു സന്ദർശകനായി ഖത്തറിലേക്ക്​ വന്നു ​മടങ്ങും. നല്ലൊരുപങ്കും ജീവിച്ച, സൗഭാഗ്യങ്ങളെല്ലാം തന്ന ഖത്തർ അത്രയും പ്രിയപ്പെട്ടതാണ്​' -ബേബി കുര്യൻ പറയുന്നു.

പൊതുരംഗത്തും സജീവം

നീണ്ടകാല പ്രവാസത്തിനിടയിൽ ഖത്തറിലെ പൊതു രംഗത്തും സജീവസാന്നിധ്യമാണ്​ ബേബി കുര്യൻ. 2012 മുതല്‍ 2016 വരെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻഡ്​ ഫോറം (ഐ.സി.ബി.എഫ്) വൈസ് പ്രസിഡൻറായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദർശന സമയത്ത്​ ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു അദ്ദേഹത്തെ സ്വീകരിക്കാനും തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാനും അവസരം ലഭിച്ചു.

ഫ്രണ്ട്​സ്​ ഓഫ്​ തിരുവല്ല (ഫോട്ട) സ്​ഥാപക അംഗവും വിവിധ ഭാരവാഹി പദവികളും വഹിച്ചു. തിരുവല്ല മാർതോമ കോളജ് പൂർവ വിദ്യാർഥി സംഘടന സ്​ഥാപക അംഗം, പ്രസിഡൻറ്​, തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂള്‍ പൂർവവിദ്യാർഥി സംഘടന മുൻ പ്രസിഡൻറ്​, ദോഹ മാര്‍ ഗ്രിഗോറിയോസ് ചർച്ച്​ മാനേജിങ്​ കമ്മിറ്റി അംഗം, സെക്രട്ടറി, ദോഹ മലങ്കര ഓർത്തഡോക്സ് ചർച്ച്​ മാനേജിങ്​ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഭാര്യ ജോളി ബേബി കുര്യന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല വനിത വിഭാഗം ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. 

യാത്രയയപ്പ്​ നൽകി

ദോഹ: 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക്​ മടങ്ങുന്ന ബേബി കുര്യനും ഭാര്യ ജോളി ബേബി കുര്യനും ഫ്രണ്ട്​സ്​ ഓഫ്​ തിരുവല്ല (ഫോട്ട) നേതൃത്വത്തിൽ യാത്രയയപ്പ്​ നൽകി.

ഫോട്ട പ്രസിഡൻറ്​ ജിജി ജോൺ അധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡൻറ്​ പി.എന്‍. ബാബുരാജന്‍ ഉദ്​ഘാടനം ചെയ്​തു. ഫോട്ട ജനറൽ സെക്രട്ടറി റജി കെ. ബേബി, തോമസ്‌ കുര്യന്‍, കുരുവിള കെ. ജോർജ്​്, അനീഷ്‌ ജോർജ്​, ഫോട്ട വനിത വിഭാഗം പ്രസിഡൻറ്​ അനിത സന്തോഷ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.എന്‍. ബാബുരാജന്‍ ഉപഹാരം സമർപ്പിച്ചു. ബേബി കുര്യന്‍ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Baby returns with tears in her eyes as Qatar grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.