ഖത്തർ വളരുന്നത് കണ്ണുനിറയെ കണ്ട് ബേബി മടങ്ങുന്നു
text_fieldsദോഹ: ഖത്തറിെൻറ വളർച്ചയുടെ രണ്ട് അറ്റങ്ങൾ കണ്ട്, നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതാനുഭവവുമായി തിരുവല്ല കാവുമ്പാവ് കണിയാംപറമ്പിൽ വീട്ടിൽ ബേബി കുര്യൻ നാട്ടിലേക്ക് മടങ്ങുന്നു. 1978 ആഗസ്റ്റ് 22ന് ദോഹയിൽ വിമാനമിറങ്ങിയ നിമിഷം ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്. ഇന്ന് കാണുന്ന ബഹളങ്ങളും തിരക്കും വാഹനങ്ങളുടെ കുത്തൊഴുക്കുമൊന്നുമില്ലാതെ നിശ്ശബ്ദമായൊരു ദോഹ നഗരം. ആ കാലത്തിെൻറ ഓർമകൾ പങ്കുവെക്കുേമ്പാൾ ഖത്തറിലെ പുതുതലമുറകൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം -43 വർഷം നീണ്ട പ്രവാസത്തിനു ശേഷം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ ബേബി കുര്യൻ വാചാലനാവുന്നു.
25 വയസ്സിെൻറ ചോരത്തിളപ്പോടെയായിരുന്നു അന്ന് ദോഹയിൽ വിമാനമിറങ്ങിയത്. എന്ത് ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസവും കഠിനാധ്വാനവുമായിരുന്നു കൈമുതൽ. നാട്ടിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, ഏതാനും വർഷത്തെ അധ്യാപക പരിചയവുമായാണ് അമ്മാവൻ നൽകിയ വിസയിൽ ഖത്തറിലെത്തുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഭക്ഷ്യ ലാബിലായിരുന്നു ആദ്യ ജോലി. മാസങ്ങൾക്കുള്ളിൽ പലസ്ഥാപനങ്ങൾ മാറിമറിഞ്ഞു. ഒടുവിൽ 1979ൽ ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്മെൻറ് കമ്പനിയായ ഐ.സി.സിയിൽ അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ചു. ഇന്ന് ഇതേ സ്ഥാപനത്തിെൻറ സി.ഇ.ഒ പദവിയിലിരുന്നാണ് നാലു പതിറ്റാണ്ടും കടന്ന പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
ഇക്കാണുന്നതൊന്നുമായിരുന്നില്ല ഖത്തർ. അവധി ദിനമായ വെള്ളിയാഴ്ചകളിൽ ആകെയുള്ള വിനോദം അൽഖോറിലെ പാർക്കും ആഴ്ചയിൽ ഒരുഹിന്ദി സിനിമ പ്രദർശിപ്പിക്കുന്ന ദോഹ സിനിമയുമായിരുന്നു. പ്രധാന റോഡായുള്ളത് കോർണിഷ് മാത്രവും. തിയറ്ററിൽ എത്തിയാലേ ഏതാണ് സിനിമ എന്നറിയൂ. മറ്റ് ആലോചനകളൊന്നുമില്ലാതെ ഉള്ള സിനിമ കണ്ട് ആശ്വസിക്കും. വി.സി.ആർ (വിഡിയോ കാസറ്റ് റെക്കോഡർ) ഇറങ്ങിയ കാലമായിരുന്നു അത്. വാടകക്ക് കാസറ്റുകൾ നൽകുന്ന കടകളുമുണ്ടായിരുന്നു. കാശ് നൽകിയാൽ അവിടെ അംഗത്വമെടുത്ത് കാസറ്റുകൾ വാങ്ങാം. ആഴ്ചയിൽ മൂന്നും നാലും കാസറ്റെടുത്ത് അവധി ദിവസങ്ങൾ അങ്ങനെയും ആസ്വദിക്കും. ഖത്തർ ടി.വിയിൽ വെള്ളിയാഴ്ചയിൽ ഒരു ഹിന്ദി സിനിമ പ്രദർശനമുണ്ടാവും. അങ്ങനെയൊക്കെയായിരുന്നു അന്ന് ഞങ്ങളുടെ അവധി ആഘോഷങ്ങൾ.
നാട്ടിലെ വാർത്തകളൊക്കെ അറിയാൻ മൂന്നു ദിവസമെടുക്കും. പ്രസിദ്ധീകരിച്ച് മൂന്നാം ദിവസം മാത്രമേ മലയാള പത്രങ്ങൾ ഖത്തറിലെത്തൂ. അത് തേടിപ്പിടിച്ച് വായിച്ചാൽ നാട്ടിലെ വിശേഷങ്ങളറിയാം. ബന്ധുക്കളുടെ ശബ്ദം കേൾക്കാൻ ഏറെ സാഹസപ്പെടണം. ട്രങ്ക് കാൾ സംവിധാനമായിരുന്നു അന്നത്തെ ടെലിഫോൺ. നേരത്തെ ബുക്ക് ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞൊക്കെ വീട്ടുകാരുമായി സംസാരിക്കാം. പിന്നെയുള്ളത് കത്തെഴുത്താണ്. ഏഴുതി അറിയിച്ചാൽ ഒരാഴ്ച കഴിയും ലക്ഷ്യത്തിലെത്താൻ. നാട്ടിലെ അടുത്ത ബന്ധുക്കളുടെ മരണങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇങ്ങനെയെത്തുന്ന എയർമെയിൽ കവറുകളിലൂെടയായിരുന്നു അറിഞ്ഞിരുന്നത്. ഇന്ന്, വാട്സാപ്പും വിഡിയോ കാളുകളുമായി മനസ്സാഗ്രഹിക്കുേമ്പാൾ ഉറ്റവരെ നേരിട്ടുകാണുന്ന ലോകത്തിന് അവിശ്വസനീയമായിരിക്കും ഞങ്ങളുടെയെല്ലാം തലമുറയിലെ പ്രവാസ ജീവിതം' -ബേബി കുര്യൻ പറയുന്നു.
നാലു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള മഹാമേളകളുടെ ഫെസിലിറ്റേഷൻ വിഭാഗങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ച ഓർമകളുമായാണ് ഖത്തറിെൻറ മറ്റൊരു വിശ്വമേളയായ ലോകകപ്പ് മുന്നിൽ നിൽക്കെ ബേബി മടങ്ങുന്നത്.
1985ൽ ഭാര്യ ജോളിയും ദോഹയിലെത്തിയിരുന്നു. മക്കളായ ഷാരോണും ഷോൺ ബേബി കുര്യനും പഠിച്ചതും വളർന്നതും ഇവിടെ തന്നെ. മക്കൾ ഇരുവരും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം ഖത്തറിലുണ്ട്. 'ഇനി നാട്ടുകാരനായി ജീവിക്കണം. കൃഷിയിലും മറ്റും സജീവമാവണം. ആഗ്രഹിക്കുേമ്പാൾ ഒരു സന്ദർശകനായി ഖത്തറിലേക്ക് വന്നു മടങ്ങും. നല്ലൊരുപങ്കും ജീവിച്ച, സൗഭാഗ്യങ്ങളെല്ലാം തന്ന ഖത്തർ അത്രയും പ്രിയപ്പെട്ടതാണ്' -ബേബി കുര്യൻ പറയുന്നു.
പൊതുരംഗത്തും സജീവം
നീണ്ടകാല പ്രവാസത്തിനിടയിൽ ഖത്തറിലെ പൊതു രംഗത്തും സജീവസാന്നിധ്യമാണ് ബേബി കുര്യൻ. 2012 മുതല്‍ 2016 വരെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻഡ് ഫോറം (ഐ.സി.ബി.എഫ്) വൈസ് പ്രസിഡൻറായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദർശന സമയത്ത് ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു അദ്ദേഹത്തെ സ്വീകരിക്കാനും തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാനും അവസരം ലഭിച്ചു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) സ്ഥാപക അംഗവും വിവിധ ഭാരവാഹി പദവികളും വഹിച്ചു. തിരുവല്ല മാർതോമ കോളജ് പൂർവ വിദ്യാർഥി സംഘടന സ്ഥാപക അംഗം, പ്രസിഡൻറ്, തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂള്‍ പൂർവവിദ്യാർഥി സംഘടന മുൻ പ്രസിഡൻറ്, ദോഹ മാര്‍ ഗ്രിഗോറിയോസ് ചർച്ച് മാനേജിങ് കമ്മിറ്റി അംഗം, സെക്രട്ടറി, ദോഹ മലങ്കര ഓർത്തഡോക്സ് ചർച്ച് മാനേജിങ് കമ്മിറ്റി അംഗം തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഭാര്യ ജോളി ബേബി കുര്യന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല വനിത വിഭാഗം ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
യാത്രയയപ്പ് നൽകി
ദോഹ: 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബേബി കുര്യനും ഭാര്യ ജോളി ബേബി കുര്യനും ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഫോട്ട പ്രസിഡൻറ് ജിജി ജോൺ അധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡൻറ് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഫോട്ട ജനറൽ സെക്രട്ടറി റജി കെ. ബേബി, തോമസ് കുര്യന്‍, കുരുവിള കെ. ജോർജ്്, അനീഷ് ജോർജ്, ഫോട്ട വനിത വിഭാഗം പ്രസിഡൻറ് അനിത സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.എന്‍. ബാബുരാജന്‍ ഉപഹാരം സമർപ്പിച്ചു. ബേബി കുര്യന്‍ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.