ലഹരിച്ചുഴിയിൽ കുരുങ്ങരുത് പ്രവാസ സ്വപ്നങ്ങൾ’ എന്ന പരമ്പരയിലൂടെ ‘ഗൾഫ് മാധ്യമം’ വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചത്, ഓരോ പ്രവാസിയും, അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ജാഗ്രത പാലിക്കേണ്ട വിഷയത്തിലേക്കാണ്. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയുടെ ഭാഗം എന്ന നിലയിൽ ഞങ്ങൾ നിത്യേന ഇടപെടുന്ന വിഷയങ്ങളിലൊന്നാണിത്. ഒരു വിദേശരാജ്യത്ത് ജോലി ചെയ്ത് കുടുംബത്തിന് സുരക്ഷിതമായ ജീവിതം സമ്മാനിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നമ്മൾ ഓരോ പ്രവാസിയും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു. തായ്ലൻഡ് വഴി ലഹരിയുമായി ദോഹയിലെത്തിയ രണ്ടു ചെറുപ്പക്കാരുടെ വിഷയമാണ് ഏറ്റവും ഒടുവിൽ ഞങ്ങളിലേക്കെത്തിയത്. ഖത്തറിൽ നിയമനടപടി നേരിടുന്ന ഇവരുടെ കാര്യം ചൂണ്ടിക്കാട്ടി കുടുംബം എംബസിയെയും ഐ.സി.ബി.എഫിനെയും സമീപിക്കുന്നുവെങ്കിലും പരിമിതികൾ ഏറെയാണ്. നമ്മൾ ജോലിചെയ്യാൻ പോകുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പൂർണമായും പാലിക്കുക എന്നതാണ് ഓരോ പ്രവാസിയും നിർബന്ധമായും ചെയ്യേണ്ടത്.
ഖത്തറിലെ പ്രവാസികളിൽ ഇന്ത്യക്കാരുടെ വലിയ എണ്ണംപോലെ തന്നെയാണ് ലഹരിക്കേസുകളിൽ നിയമനടപടി നേരിടുന്നവരുടെയും അംഗസംഖ്യ. ഗൾഫ് ഭരണകൂടങ്ങളിലും അധികാരികളിലും പ്രവാസി മലയാളികളുടെ വിശ്വാസ്യതക്ക് കൂടി കോട്ടം സൃഷ്ടിക്കുന്നതാണ് ഈ സംഭവങ്ങൾ.
പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും മുതൽ നാട്ടിലെ കൂട്ടായ്മകളും നിയമപാലകരും നോർക്ക ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളുമെല്ലാം ഗൗരവത്തിലെടുക്കേണ്ടതാണ് ലഹരിക്കടത്തിന് പ്രവാസികളെ ഉപയോഗപ്പെടുത്തുന്നുവെന്നത്.
സെപ്റ്റംബർ ആദ്യ വാരത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും ചേർന്ന് നടത്തിയ ബോധവത്കരണം ഇതിൽ ശ്രദ്ധേയമായിരുന്നു. വിവിധ കമ്യൂണിറ്റികളിലേക്കും മാധ്യമങ്ങളിലേക്കും വിഷയത്തിന്റെ ഗൗരവം എത്തിക്കാൻ ഇതുവഴി കഴിഞ്ഞു. സമൂഹത്തിലെ എല്ലാവരിലേക്കും ഈ സന്ദേശമെത്തിക്കാൻ നിശ്ചിത ഇടവേളകളിലായി തുടർന്നും ബോധവത്കരണ പരിപാടികൾ അനിവാര്യമാണ്.
പ്രവാസത്തിലെ തുടക്കക്കാരാണ് ഏറ്റവും കൂടുതൽ ലഹരിക്കടത്തിന്റെ കണ്ണികളായി മാറുന്നതെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളിൽനിന്ന് ഞങ്ങൾ മനസ്സിലാക്കിയത്. വിദേശരാജ്യത്തെ നിയമസംവിധാനങ്ങളെ കുറിച്ചുള്ള അജ്ഞതയും നിയമ ലംഘനത്തിന് ലഭിക്കുന്ന ശിക്ഷയുടെ ഗൗരവവും ഇവർ ഉൾക്കൊള്ളുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും പിടിക്കപ്പെട്ടതിനുശേഷം മാത്രമായിരിക്കും തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് അവർ ചിന്തിക്കുന്നത്.
വിദേശങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്നവർ ലഹരി മാഫിയാസംഘങ്ങളുടെ ചതിയിൽ കുരുങ്ങാതിരിക്കാനും ശ്രദ്ധിക്കണം. സ്വന്തം ലഗേജിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് മാത്രമാണെന്ന ബോധ്യത്തിലായിരിക്കണം ലഗേജിലെ ഓരോ വസ്തുവും കരുതേണ്ടത്. നിയമവിരുദ്ധമായ ഒന്നും സ്വന്തം ബാഗുകളിൽ ഇല്ലെന്നും ഉറപ്പാക്കണം.
എംബസികൾ, അപെക്സ് സംഘടനകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം വിദേശ രാജ്യങ്ങളിലെ ലഹരിക്കേസുകളിൽ പരിമിതമായി മാത്രമെ ഇടപെടാൻ കഴിയൂ എന്ന് ഓരോ പ്രവാസിയും ഓർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.