ദോഹ: ഇന്ത്യക്കാരായ ജയിൽ അന്തേവാസികൾക്കും, ഷെൽട്ടറുകളിലെ താമസക്കാർക്കും വായനയുടെ ലോകംതുറന്ന് ഐ.സി.ബി.എഫിന്റെ ‘റീഡേഴ്സ് നെസ്റ്റ്’. ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫിന്റെ 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തുമാമയിലെ ഐ.സി.ബി.എഫ് കെട്ടിടത്തിലാണ് പുസ്തകപ്പുര തയാറാക്കിയത്. ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും, ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഇഷ് സിംഗാൾ നിർവഹിച്ചു. സാങ്കേതികവിദ്യക്ക് പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ, വായനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. സംരംഭത്തോട് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യക്കാരായ ജയിൽ അന്തേവാസികൾക്കും, ഷെൽട്ടറുകളിൽ താമസിക്കുന്നവർക്കും ഒപ്പം, ഇന്ത്യൻ സമൂഹത്തിനും ലൈബ്രറി ഉപയോഗപ്പെടുത്താവുന്നതാണ്. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.
സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ ശങ്കർ ഗൗഡ്, നീലാംബരി സുശാന്ത്, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, അംഗങ്ങളായ ടി. രാമ ശെൽവം, ജോൺസൺ ആന്റണി, ശശിധർ ഹെബ്ബാൽ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.സി സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിങ് കമ്മിറ്റി അംഗം സത്യനാരായണ മാലി റെഡ്ഡി, ഐ.ബി.പി.സി കമ്മിറ്റി അംഗം രാമകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.