ദോഹ: ശൂറാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവേ, അധിക സ്ഥാനാർഥികളും പ്രചാരണ വിഷയങ്ങളിൽ മുന്നിൽനിൽക്കുന്നത് യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്ത്രീശാക്തീകരണവും വിദ്യാഭ്യാസ രംഗവും. ഭൂരിഭാഗം സ്ഥാനാർഥികളുടെയും പ്രചാരണ വിഷയങ്ങളിൽ അഴിമതിക്കെതിരായ പോരാട്ടം, സമഗ്രത, സുതാര്യത, ആരോഗ്യപരിരക്ഷ പിന്തുണ എന്നിവയും കയറിക്കൂടിയിട്ടുണ്ട്.
മികച്ച വിദ്യാർഥികൾക്കുള്ള സ്പോൺസർഷിപ്, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കൽ, അവർക്ക് കൂടുതൽ മുൻഗണന നൽകൽ, തൊഴിൽനയം പുനഃപരിശോധന, ആരോഗ്യ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തൽ എന്നിവയും സ്ഥാനാർഥികളുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ വന്നിട്ടുണ്ട്.
10ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയായ നാസർ ഫറാജ് അൽ അൻസാരിയുടെ പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ടത് യോഗ്യരായ ഖത്തരി യുവാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയും സാമൂഹിക, തൊഴിൽ ജീവിതം സന്തുലിതമാക്കുന്നതിൽ ഖത്തരി വനിതകൾക്ക് പിന്തുണ നൽകാൻ തൊഴിൽനയം ഭേദഗതി ചെയ്യുക തുടങ്ങിയവയാണ്.
22ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയായ അയ്ഷ ജാസിം അലി അൽ കുവാരി, യുവാക്കളുടെ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്നതിനാണ് പ്രചാരണത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. യുവാക്കളുടെ പ്രശ്നങ്ങൾക്ക് പ്രധാന പരിഗണന നൽകണമെന്നും നല്ല തൊഴിലവസരങ്ങൾ അവർക്കായി സൃഷ്ടിക്കണമെന്നും അയ്ഷ അൽ കുവാരി പറയുന്നു.
17ാം മണ്ഡലത്തിൽ ജനവിധി തേടുന്ന ലിന നാസർ അൽ ദഫായുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവും ആരോഗ്യ സഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിക്കുന്നതുമാണ്.
സ്ഥാനാർഥികൾക്ക് പ്രചാരണ കാമ്പയിൻ നടത്തുന്നതിനായി ഒമ്പത് ക്ലബ് ഹാളുകളും അഞ്ച് യൂത്ത് സെൻററുകളുമാണ് സൗജന്യമായി വിട്ടുനൽകിയിരിക്കുന്നത്. സ്ഥാനാർഥികൾക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ യോഗം ചേരാൻ സാധിക്കും. എന്നാൽ, ഇക്കാര്യം തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.