ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ച മാതാപിതാക്കളുെട കൂടെ ഖത്തറിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് ക്വാറൻറീൻ ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ. ഇത്തരം കുട്ടികൾക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർദേശിക്കാനാണ് സാധ്യത. നിലവിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ മുൻഗണന പട്ടികയിൽ കുട്ടികൾ ഇല്ല. ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞ് വിദേശത്ത് പോയി മൂന്നുമാസത്തിന് ശേഷം തിരിച്ചെത്തുന്നവർക്ക് ഖത്തറിൽ ക്വാറൻറീൻ ആവശ്യമില്ല. മൂന്നുമാസത്തിനുള്ളിൽ എന്ന ഈ കാലയളവ് നീട്ടാനും സാധ്യതയുണ്ട്.
എന്നാൽ, മാതാപിതാക്കളോടൊപ്പം യാത്രചെയ്യുന്ന കുട്ടികൾക്ക് ക്വാറൻറീൻ നിലനിൽക്കുന്നുവെന്നത് ആശങ്കയുണർത്തിയിരുന്നു. ഇതിനാലാണ് ഇത്തരത്തിലുള്ള മാതാപിതാക്കൾെക്കാപ്പം തിരിച്ചെത്തുന്നവരുടെ കുട്ടികൾക്കും ക്വാറൻറീൻ ഒഴിവാക്കുന്ന കാര്യം പൊതുജനാരോഗ്യമന്ത്രാലയം പരിഗണിക്കുന്നത്. ഇക്കാര്യം ഇപ്പോഴും മന്ത്രാലയം പഠിക്കുകയാണെന്നും പരിഗണനാവിഷയമാണെന്നും മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ മന്ത്രാലയം നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 14 ദിവസം മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്സിനും ഖത്തറിൽനിന്ന് സ്വീകരിച്ചവരുടെ ഒപ്പം വരുന്ന കുട്ടികളുെട ക്വാറൻറീൻ വിഷയത്തിൽ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മിക്കവാറും16 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിലായിരിക്കും ഇതെന്നും അവർ പറഞ്ഞു.
16 വയസ്സിന് മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർ ക്വാറൻറീനിൽ കഴിയേണ്ടി വരും. അത്തരം ഘട്ടങ്ങളിൽ രക്ഷിതാക്കളിൽ ഒരാൾ കുട്ടിയോടൊപ്പം കഴിയണം. രക്ഷിതാവ് വാക്സിൻ സ്വീകരിക്കാത്തയാളാണെങ്കിൽ കുട്ടിയോടൊപ്പം രക്ഷിതാവും ക്വാറൻറീനിൽ കഴിയണം. നിലവിൽ വാക്സിൻ സ്വീകരിച്ചവർ മൂന്നുമാസത്തിനുള്ളിൽ തിരിച്ചുവന്നാലാണ് ഖത്തറിൽ ക്വാറൻറീൻ ആവശ്യമില്ലാത്തത്. ഇതിനർഥം വാക്സിെൻറ ശേഷി മൂന്നുമാസം മാത്രമാണ് എന്നതല്ല. നിലവിലുള്ള പഠനങ്ങൾ പ്രകാരമുള്ള കാലയളവാണ് ഖത്തർ നിശ്ചയിച്ചിരിക്കുന്നതെന്നും ഡോ. സുഹ അൽബയാത് പറഞ്ഞു.
വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ് എത്ര കാലം അയാളിൽ രോഗപ്രതിരോധശേഷി നിലനിൽക്കുമെന്ന ചോദ്യത്തിന് അത് പലരിലും വ്യത്യസ്തമാണെന്നും ഇതുസംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും നടക്കുകയാണെന്നും അവർ പറഞ്ഞു. കോവിഡ്–19 വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് ക്വാറൻറീൻ നിബന്ധനകളിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. ഖത്തറിലെത്തുമ്പോൾ ഇവർ കോവിഡ്–19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. കോവിഡ് വാക്സിനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നാണ് പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ ആഹ്വാനം .
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ തൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഫൈസർ വാക്സിനും മൊഡേണ വാക്സിനും തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ. ഫൈസർ വാക്സിൻ 16 വയസ്സിനും അതിന് മുകളിലും ഉള്ളവർക്ക് നൽകാനാണ് അംഗീകാരമുള്ളത്.
എന്നാൽ മൊഡേണ വാക്സിൻ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കാണ് നൽകുക. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. എന്നാൽ, മൊഡേണ വാക്സിനിൽ ഇത് 28 ദിവസമാണ്.നാലു ഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. കുത്തിവെപ്പ് കാമ്പയിെൻറ അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗങ്ങളെ മുൻഗണനാപട്ടികയിൽ ഉൾെപ്പടുത്തും. നിലവിൽ 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും. എന്നാൽ, ദീർഘകാലരോഗമുള്ളവർക്കും ഖത്തരികൾക്കും ഏത് പ്രായത്തിലുള്ളവരാണെങ്കിലും വാക്സിൻ സ്വീകരിക്കാനാകും. സ്കൂൾ അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും ഈയടുത്ത് വാക്സിൻ മുൻഗണനാപട്ടികയിൽ ഉൾെപ്പടുത്തിയിരുന്നു. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലും (ക്യു.എൻ.സി.സി) പ്രത്യേക വാക്സിനേഷൻകേന്ദ്രം തുറന്നിട്ടുണ്ട്. ഇവിടെ ദിവസം അഞ്ഞൂറിലധികം ആരോഗ്യപ്രവർത്തകരാണ് സേവനത്തിനുള്ളത്.
കോവിഡ്: പുതിയ രോഗമുക്തർ 540, രോഗികൾ 465
ചട്ടലംഘനം; പൊലീസ് പരിശോധന വ്യാപകം
ദോഹ: ഖത്തറിൽ ഇന്നലെ 465 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 408 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായത്. ഇതിൽ 57 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 540 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 9684 ആണ്. ഇന്നലെ 9344 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1521792 പേരെ പരിശോധിച്ചപ്പോൾ 162268 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 257 പേരാണ് മരിച്ചത്. ഇന്നലെ മരണമില്ല. ഇതുവരെ ആകെ 152327 പേർക്കാണ് രോഗമുക്തിയുണ്ടായത്. 681 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
99 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതോടെ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. സാമൂഹികഅകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. മൊൈബലിൽ ഇഹ്തിറാസ് ആപ് ഇല്ലെങ്കിലും നടപടി വരും. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇത് ലംഘിച്ചാൽ ചുരുങ്ങിയത് ആയിരം റിയാലാണ് പിഴ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികൾ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.
എന്നാൽ, പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന, സാംക്രമിക രോഗങ്ങൾ തടയൽ നിയമ പരിധിയിൽ വരുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.