ദുബൈ: വൻ കാറ്റാടിപ്പാട നിർമാണപദ്ധതിക്ക് ഈജിപ്തും യു.എ.ഇയും ധാരണയിലെത്തി. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കുമിത്. ഈജിപ്തിലെ
ശറമുശ്ശൈഖിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടി (കോപ്27)യിൽ വെച്ചാണ് സുപ്രധാനമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും കരാർ ഒപ്പിടുന്നതിന് ദൃക്സാക്ഷികളായി. യു.എ.ഇയുടെ 'മസ്ദാറും' ഈജിപ്തിന്റെ ഇൻഫിനിറ്റി പവറും ഹസൻ അല്ലാം യൂട്ടിലിറ്റീസും തമ്മിലാണ് ധാരണപത്രം ഒപ്പുവെച്ചത്. 10 ജിഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തീരപ്രദേശങ്ങളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നതിനാണ് കരാർ.
യു.എ.ഇ കാലാവസ്ഥാവകുപ്പിന്റെ പ്രത്യേക പ്രതിനിധിയും വ്യവസായ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഈജിപ്ത് വൈദ്യുതി, പുനരുപയോഗ ഊർജമന്ത്രി ഡോ. മുഹമ്മദ് ശാക്കർ അൽ-മർകബിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. പുനരുപയോഗ ഊർജമേഖലയിലെ ഇരുരാജ്യങ്ങളുടെയും അഭിലാഷമാണ് പദ്ധതിയിലൂടെ പൂർത്തിയാകുന്നതെന്ന് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.