ഉനൈസ് ഒള്ളക്കൻ (വേങ്ങര), അൽസദ്ദ്​

ജീവിതതാളം തെറ്റി ചെറിയ വരുമാനക്കാർ

കോവിഡ്​ എന്ന മഹാമാരി മെല്ലെ മെല്ലെ നമ്മളിൽ നിന്നകലുമ്പോൾ ബാക്കിയാകുന്നത്​ ഒരുപാട് പേരുടെ സങ്കടങ്ങളുമാണ്​. പല ലക്ഷ്യങ്ങളുമായാണ്​ എല്ലാവരും പ്രവാസത്തിലേക്ക്​ വരുന്നത്​. സ്വന്തം സുഖദുഃഖങ്ങളെല്ലാം മറന്ന്​ പല ആഗ്രഹങ്ങളുമായി ഈ കൊച്ചുരാജ്യത്ത്​ എത്തിയവർ. എല്ലാം മറന്ന് സ്വന്തക്കാർക്കുവേണ്ടി ജീവിക്കുന്നവർ, വർഷങ്ങൾ ജോലി ചെയ്തിട്ടും കടങ്ങളും രോഗവുമല്ലാതെ മറ്റൊന്നും ബാക്കിയാവാത്തവർ.എന്നിട്ട​ും അവർ ഈ മരുഭൂമിയെ സ്നേഹിക്കുന്നു. കോവിഡ്​ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത്​ ചെറിയ വരുമാനക്കാരെയാണ്​. കടകളിലും മറ്റും ചെറിയ ശമ്പളത്തിന്​ ജോലിയെടുക്കുന്നവരുടെ ജീവിതം കോവിഡ്​ താളംതെറ്റിച്ചു. ഖത്തറിൽ ഏഴ് വർഷത്തോളമായി കഫറ്റീരിയയിൽ ജോലിക്കാരനാണ് ഞാൻ.ഇടക്കൊക്കെ നാട്ടിൽ പോയി വരാറുണ്ടെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കാളും എന്നും അവർക്ക്​ ബന്ധം ഇവിടെയുള്ളവരുമായാണ്​.24 മണിക്കൂറും തുറക്കുന്ന കടയായതിനാൽ തന്നെ പുറത്തുള്ളവരോട്​ ബന്ധം തീരെ കുറവായിരിക്കും.അവർ വരു​േമ്പാൾ പലപ്പോഴും ഞങ്ങൾക്ക്​ ഉറക്കത്തിൻെറ സമയമായിരിക്കും. പിന്നെ എല്ലാവരോടും ഒന്നു സംസാരിക്കണമെങ്കിൽ നാട്ടിൽ പോവുന്നതിൻെറ രണ്ട് ദിവസം മുമ്പ് കടയിൽനിന്ന് ലീവെടുക്കണം.ഇങ്ങനൊക്കെയാണ് അധിക പ്രവാസികളുടെ ജീവിതവും കടന്നുപോവുന്നത്.

ഞങ്ങളെ പോലുള്ള ഇടത്തരം ജോലിയുള്ളവരുടെ അവസ്​ഥ ഏറെ പ്രയാസകരമാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ വന്നത്​ തെല്ലൊന്നുമല്ല ഞങ്ങളെ പലരൂപത്തിൽ പ്രയാസ​െപ്പടുത്തിയത്​. നിയന്ത്രണങ്ങൾ പെ​ട്ടെന്ന്​ എടുത്തുകളയുമെന്നാണ്​ ആദ്യം വിചാരിച്ചത്​. എന്നാൽ അത്​ മാസങ്ങൾ നീണ്ടുപോയി. കടകൾ അടക്കാനുള്ള ഉത്തരവ്​ വന്നപ്പോൾ ആദ്യം അൽപം സന്തോഷമായിരുന്നു. റൂമിലിരുന്നു സംസാരിച്ച്​ സന്തോഷം പങ്കുവെക്കാമല്ലോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാൽ, കട അടക്കൽ നീണ്ടുപോയതോടെ ആകെ പ്രയാസത്തിലായി. ഒരാളുടെ കയ്യിലും പണമില്ല. എല്ലാവരും മാസാവസാനം കിട്ടിയ പണം നാട്ടിലേക്ക്​ അയച്ചിരുന്നു.വിമാനങ്ങൾ നിലച്ചതോടെ നാട്ടിലേക്ക്​ മടങ്ങാനും കഴിയാത്ത സ്​ഥിതി. സങ്കടങ്ങളും പരിഭവങ്ങളും പരസ്പരം പറഞ്ഞ്​ ആശ്വസിക്കാനല്ലാതെ വേറൊന്നും സാധ്യമായിരുന്നില്ല. എന്നാലും മറ്റുള്ളവരുടെ സഹായമുണ്ടായിരുന്നു. എല്ലാവരും പരസ്​പരം സഹായിച്ചു.സങ്കടത്തിൻെറയും അതിജീവനത്തി​േൻറയും ആ ദിനങ്ങൾ സന്തോഷത്തിൻെറ ദിനങ്ങളാക്കി ഞങ്ങൾ മുന്നോട്ടുപോയി. കടയുടമകളുടെ സഹായവും ഏറെ ലഭിച്ചു. സന്നദ്ധസംഘടനകളും മറ്റും ഭക്ഷണസാധനങ്ങളടക്കം എത്തിച്ചത്​ ഏറെ ആശ്വാസമായി.

സ്വരുക്കൂട്ടിവെച്ച കാശുമായി സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന്​ സ്വപ്നം കണ്ടവർ. എല്ലാവരുടെയും ആഗ്രഹങ്ങൾ തകരുകയായിരുന്നു. പണം ഏറെ മുടക്കി പഠിച്ചുനേടിയ സർട്ടിഫിക്കറ്റുകൾ മാറ്റിവെച്ച് ഏതെങ്കിലും ഒരു ജോലി തേടിപ്പിടിക്കുക എന്ന ലക്ഷ്യത്തിലാണ്​ എല്ലാവരും.കോവിഡ്​കാലത്ത്​ സ്വന്തം ജീവൻപോലും വക വെക്കാതെയാണ്​ പ്രവാസികൾ സേവനരംഗത്തിറങ്ങിയത്​.ആരെന്നുപോലും അറിയാത്ത ഇതുവരെ കാണാത്ത ജാതിയും മതവും ചോദിക്കാതെ സേവനം ചെയ്ത ഖത്തറിലെ ഓരോ സന്നദ്ധ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.പതിയെ മഹാമാരി നമ്മളിൽ നിന്ന് അകലുമ്പോൾ സർക്കാർ നിർദേശം പാലിക്കാതെ കൊറോണയെ നമ്മൾ വീണ്ടും തിരിച്ചുവിളിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.