കോവിഡ് പരിശോധന നടത്തിയത്​ ദശലക്ഷത്തിലധികം പേരെ

ദോഹ: രാജ്യത്ത് കോവിഡ്-19 വ്യാപനം റിപ്പോർട്ട് ചെയ്തതിന് ശേഷം പത്ത് ലക്ഷത്തിലധികം പേരെ പരിശോധനക്ക് വിധേയമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇന്നലെ മാത്രം 11,056 പേരെയാണ്​ പരിശോധിച്ചത്​. വെള്ളിയാഴ്​ച വരെയുള്ള കണക്കുപ്രകാരം പരിശോധനക്ക് വിധേയമാക്കിയവരുടെ എണ്ണം 10,07,050 ആയി. ആകെ ജനസംഖ്യയായ 2.75 ദശലക്ഷം പേരിൽ 37 ശതമാനം പേരെയും പരിശോധനക്ക് വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം, ഇതുവരെ 133,619 പേർക്കാണ് രാജ്യത്ത് കോവിഡ് -19 സ്​ഥിരീകരിച്ചത്. പരിശോധനക്ക് വിധേയമാക്കിയതിൽ 13.34 ശതമാനം വരുമിത്. നിലവിലെ രോഗികൾ 2698 മാത്രമാണ്.

232 പേർ മാത്രമാണ് രാജ്യത്ത് രോഗബാധ കാരണം മരിച്ചത്. ലോകത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് -19 മരണനിരക്കുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഖത്തർ. മികച്ച ആരോഗ്യസുരക്ഷാസംവിധാനവും കോവിഡിനെതിരായ മികച്ച ആസൂത്രണവുമാണ്​​ തുണയായത്​. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണനിരക്ക് കുറക്കുന്നതിൽ നടപടിയെടുക്കാൻ ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്​റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ സാധിച്ചു.

പ്രധാനമായും പരിശോധന, വയസ്സ്, തീവ്രപരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണനിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ. കൂടുതൽ പരിശോധനകൾ നടത്തുന്നതും അതുവഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണനിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളായി. വയോജനങ്ങളുടെ എണ്ണവും തീവ്രപരിചരണ വിഭാഗത്തിെൻറ കാര്യക്ഷമതയില്ലായ്മയും വെൻറിലേറ്ററുകളുടെ അപാകതയും മറ്റു രാജ്യങ്ങളിൽ മരണനിരക്ക് വർധിപ്പിക്കുന്നതിനിടയാക്കി. എന്നാൽ ഖത്തറിൽ കൊറോണ ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽതന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും. യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശാരീരിക പരിശോധനകൾക്ക് വിധേയമാകുന്നതും രോഗത്തിനോട് പൊരുതിനിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്. മറ്റു പല രാജ്യങ്ങളിലും സംഭവിച്ചപോലെ ഖത്തറിൽ കോവിഡ്-19‍െൻറ രണ്ടാം വരവ് ഉണ്ടാകുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്ത്​ നിലവിൽ കോവിഡ്ബാധ സ്​ഥിരത കൈവരിച്ചിട്ടുണ്ട്​. ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്​. ഇനിയൊരു രണ്ടാം വരവ് ഉണ്ടാകുകയില്ല. മേയ് അവസാനത്തിലും ജൂൺ ആദ്യത്തിലും രാജ്യത്തെ കോവിഡ് -19 കേസുകളിൽ ഗണ്യമായ വർധനരേഖപ്പെടുത്തിയിരുന്നു.

ഉമിനീർ വഴി കോവിഡ്-19 പരിശോധന നടത്തുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഈയടുത്ത്​ ഇടംപിടിച്ചിരുന്നു. പരിശോധനയിലും പുതിയ ചുവടുവെപ്പുകൾ നടത്തി ലോകത്തിന്​ മാതൃകയാവുകയാണ്​. ഉമിനീരിൽനിന്നുള്ള കോവിഡ് -19 പരിശോധന രാജ്യത്ത്​ സെപ്​റ്റംബറിലാണ്​ ആരംഭിച്ചത്​. പരിശോധന ആവശ്യമുള്ള കുട്ടികളുടെ ഉമിനീർ പരിശോധിച്ചാണ്​ വൈറസ്​ബാധ ഇതിലൂടെ സ്​ഥിരീകരിക്കുന്നത്​.

നിലവിലുള്ള രീതിയനുസരിച്ച്​ മൂക്കിെൻറ മുകളിൽനിന്നും തൊണ്ടയിൽനിന്നും സ്രവം ശേഖരിക്കുകയാണ്​ ചെയ്യുന്നത്​. എന്നാൽ ഇതിൽനിന്ന്​ വ്യത്യസ്​തമായി ഉമിനീർ ശേഖരിച്ച് പരിശോധിക്കുന്നതിനാൽ കുട്ടികൾക്ക് ഏറെ ആശ്വാസകരവും എളുപ്പവുമായിരിക്കുകയാണ് പുതിയ പരിശോധന. ഏറ്റവും കൃത്യതയാർന്ന പരിശോധനയുമാണിത്​. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പൊതുസമൂഹം സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തരുതെന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്​ക് ധരിക്കണമെന്നും വ്യക്തിശുചിത്വം പ്രത്യേകിച്ചും കൈകൾ നിരന്തരം കഴുകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.കോവിഡ് -19 നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി രാജ്യത്ത് നിന്നും നീക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് പൂർണമായും അപ്രത്യക്ഷമായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.