ദോഹ: യോഗ്യരായ 90 ശതമാനം ആളുകൾക്കും ഈവർഷം അവസാനത്തോടെ കോവിഡ് 19 വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി അധ്യക്ഷനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ. വാക്സിനെടുക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന പരിപാടിക്ക് തുടക്കം കുറിച്ചതായും വാക്സിനെടുക്കുന്നതിന് അവരെ േപ്രാത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
വാക്സിൻ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതുമൂലം കോവിഡ് പ്രയാസങ്ങളിൽപെട്ട് നിരവധി പേരാണ് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന മുൻഗണന പട്ടിയിൽ ഉള്ളവർവരെ ഇവരുടെ കൂട്ടത്തിലുണ്ട്. ജനങ്ങൾക്കിടയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഈവർഷം അവസാനിക്കുന്നതിന് മുമ്പായി യോഗ്യരായ 90 ശതമാനം പേർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഈ ലക്ഷ്യത്തിലെത്താൻ ആഴ്ചയിൽ ഒരു ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകേണ്ടതായി വരും. വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തു(വിഷ്) മായി ബന്ധപ്പെട്ട എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസ് എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം 27 ഹെൽത്ത് സെൻററുകളിൽ രാവിലെ ഏഴുമുതൽ രാത്രി 11 വരെ വാക്സിൻ നൽകുന്നുണ്ട്. ഇതിനുപുറമേ ഈയടുത്ത് പ്രവർത്തനമാരംഭിച്ച ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രതിദിനം 8000 പേർക്ക് വാക്സിൻ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന് പ്രതിരോധ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, എണ്ണ-പ്രകൃതി വാതക കമ്പനികൾ, ഖത്തർ എയർവേസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും നഴ്സുമാർക്ക് ആവശ്യമായ പരിശീലനം നൽകിക്കഴിഞ്ഞു.
തങ്ങളുടെ സഹപ്രവർത്തകർക്ക് സ്വന്തം സ്ഥാപനങ്ങളിൽനിന്ന് തന്നെ വാക്സിൻ നൽകാൻ ഇതുവഴി സാധിക്കുന്നു.ഖത്തറിൽനിന്നും രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് യാത്ര ചെയ്ത് മടങ്ങിയെത്തുന്നതോടെ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മൂന്നുമാസത്തേക്കാണ് ഈ ആനുകൂല്യം നൽകിയിരിക്കുന്നത്. ഇത് തുടക്കമാണ്. ഈ കാലയളവ് ആറുമാസം വരെ നീട്ടുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
വാക്സിനെടുത്തവർക്ക് രക്തത്തിലെ ആൻറിബോഡികളുടെ സംരക്ഷിത കാലയളവ് കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന പുതിയ വിവരങ്ങൾ ആശാവഹമാണ്. ഇത് ഒരു വർഷമോ അതിൽ കൂടുതലോ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ വിവരങ്ങൾ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതിയായ ഉറപ്പു ലഭിക്കുന്നതോടെ വാക്സിനെടുത്തവർക്ക് നൽകിയിരുന്ന ക്വാറൻറീൻ ഇളവിലെ കാലയളവ് ആറു മാസമാക്കി വർധിപ്പിക്കും. ആറുമാസം പൂർത്തിയാകുന്നതിന് മുമ്പായി വീണ്ടും പഠനം നടത്തി കാലയളവ് ദീർഘിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.