ദോഹ: ഖത്തറിലെയും ജി.സി.സിയിലെയും പുസ്തക പ്രേമികൾ കാത്തിരിക്കുന്ന 31ാമത് ദേഹ ഇൻറർനാഷനൽ ബുക്ക് ഫെയർ 2021 ജനുവരി 13 മുതൽ 22വരെ നടക്കും. ഖത്തർ സാംസ്കാരിക -കായിക മന്ത്രാലയത്തിനു കീഴിലെ കൾചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് സെൻററാണ് രാജ്യാന്തര പുസ്തകമേളയുടെ പ്രധാന സംഘാടകർ. രാജ്യത്തിൻെറ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പുസ്തകമേളയായി പുതിയ എഡിഷൻ ദോഹ ഇൻറർ നാഷനൽ ബുക്ക്ഫെയറിനെ മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
പുസ്തകമേളയിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞദിവസം ആരംഭിച്ചു. നവംബർ 21ന് രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കും. നവംബർ 18നുള്ളിൽ ഫീസ് അടക്കണം. പുസ്തക പ്രസാധകർ, ലൈബ്രറികൾ, കൾചറൽ ഇൻസ്റ്റിറ്റ്യൂഷൻ, ഗവേഷണ കേന്ദ്രങ്ങൾ, സർവകലാശാലകൾ, രാജ്യാന്തര സംഘടനകൾ, മന്ത്രാലയങ്ങൾ എന്നിവർക്ക് മേളയിൽ പ്രദർശന കൗണ്ടറുകൾ ഒരുക്കാം. www.dohabookfair.qa വെബ്സൈറ്റ് വഴി പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ. ഇസ്ലാമിക വിശ്വാസത്തിനും, തത്ത്വങ്ങൾക്കും എതിരായതും, ഖത്തർ സംസ്കാരത്തെയും പാരമ്പര്യത്തെയും ഹനിക്കുന്നതുമായ രീതിയിലുള്ള പുസ്തകങ്ങളോ മറ്റോ പ്രദർശിപ്പിക്കരുത് എന്നീ നിബന്ധനങ്ങളടങ്ങിയ നിയമാവലിയും പുറത്തിറക്കി. പുസ്തകങ്ങളുടെ വിൽപന ഖത്തർ റിയാൽ ഈടാക്കിയായിരിക്കണം.
കോവിഡിനും മുമ്പായിരുന്നു ഏറ്റവും അവസാനമായി നടന്ന 30ാമത് ദോഹ രാജ്യാന്തര പുസ്തകമേള. 10 ദിവസം നീണ്ട പ്രദർശനത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 3.20 ലക്ഷം പേർ പുസ്തക പവിലിയനുകൾ സന്ദർശിച്ചതായാണ് റിപ്പോർട്ട്. 2.10 ലക്ഷം പുസ്തകങ്ങളുടെ വിൽപനയും നടന്നു.
വിവിധ വിഷയങ്ങളിലായി ഓപൺ ഫോറങ്ങൾ, സെമിനാർ, പ്രഭാഷണങ്ങൾ, വിവിധ വിഭാഗങ്ങളിലായി പ്രത്യേക പ്രദർശനങ്ങൾ എന്നിവ കൊണ്ട് വൈവിധ്യംതീർത്തായിരുന്നു അവസാന ഫെസ്റ്റിൻെറ സംഘാടനം.
31 രാജ്യങ്ങളിൽനിന്നായി 335 പ്രസാധകർ പങ്കാളികളായി. 35 വിദേശ പ്രസിദ്ധീകരണാലയങ്ങളുടെ 91 പവിലിയനുകളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.