ദോഹ: ഖത്തറിലെയും ഫലസ്തീനിലെയും നിർധന വിദ്യാർഥികളുടെ പഠനത്തിനും ശാക്തീകരണ പദ്ധതിയുമായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ. ഖത്തർ ഫൗണ്ടേഷൻ, അൽ ഖുദ്സ് ബർദ് കോളജ് എന്നിവരുമായി ഒപ്പുവെച്ച രണ്ട് സുപ്രധാന കരാറുകളിലൂടെയാണ് ഇവരുടെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഇ.എ.എ നേതൃത്വം നൽകുന്നത്. ഖത്തറിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ 44 സ്കോളർഷിപ്പുകൾ നൽകുന്നതിനുള്ള കരാറാണ് ആദ്യത്തേത്. ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് ഇ.എ.എ അൽ ഫഖൂറ പ്രോഗ്രാമാണ് കരാർ പ്രകാരം നടപ്പാക്കുക. ഔഖാഫ് പിന്തുണയോടെ ഖത്തർ സ്കോളർഷിപ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. ഖത്തറിലെ പ്രശസ്ത സർവകലാശാലകളിലും കോളജുകളിലും ബിരുദാനന്തര ബിരുദം നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഈ സ്കോളർഷിപ്പുകൾ. ഖത്തർ കണക്ഷൻ പ്രോഗ്രാം വഴി അവർക്ക് സാമ്പത്തിക, തൊഴിൽ പിന്തുണയും ലഭിക്കും. ഇതിലൂടെ യുവാക്കളെ തൊഴിൽ വിപണിയിലേക്ക് സജ്ജമാക്കുകയും ഖത്തറിലെ സ്ഥാപനങ്ങളുമായും കമ്പനികളുമായും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
അൽഖുദ്സ് ബാർഡ് കോളജും ക്യു.എഫുമായുള്ള രണ്ടാമത്തെ കരാറിലൂടെ ആർട്സ് ആൻഡ് കൾചറൽ ഇക്കോണമിയിൽ അൽ ഖുദ്സ് ബാർഡ് പ്രോഗ്രാമിൽനിന്ന് സ്കോളർഷിപ് നേടുന്നവർക്ക് ഖത്തറിൽ പഠിക്കാനുള്ള അവസരം ഇ.എ.എ വാഗ്ദാനം ചെയ്യുന്നു. സ്റ്റഡി എബ്രോഡ് പ്രോഗ്രാമിലൂടെ അൽ ഖുദ്സ് ബാർഡ് കോളജിൽനിന്നും ഖത്തറിലെ ക്യു.എഫ് പങ്കാളിയായ ജോർജ്ടൗൺ യൂനിവേഴ്സിറ്റിയിൽനിന്നുള്ള കോഴ്സ് വർക്കുകളും അതോടൊപ്പം ഖത്തർ മ്യൂസിയത്തിൽ ഇന്റേൺഷിപ് പ്രോഗ്രാമും ഇ.എ.എ നൽകും.
ട്യൂഷൻ, പാർപ്പിടം, യാത്ര ചെലവുകൾ എന്നിവക്കൊപ്പം ഫലസ്തീൻ യുവാക്കൾക്ക് ക്രോസ് കൾചറൽ എക്സ്ചേഞ്ചിൽ ഏർപ്പെടാനും പ്രഫഷനൽ അനുഭവങ്ങൾ നേടാനുമുള്ള അവസരവും ഇ.എ.എ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.