ദോഹ: ഖത്തറിന്റെ ഐക്യവും ദേശീയതയും വിളംബരം ചെയ്ത് രാജ്യം വീണ്ടുമൊരു ദേശീയ ദിനം ആഘോഷിച്ചു. എല്ലായിടത്തും മറൂൺ, വെള്ള നിറങ്ങളിലായി ചെറുതും വലുതുമായ ദേശീയ പതാകകൾ. വർണക്കടലാസും ബലൂണുകളും ഉൾപ്പെടെ കൊടിതോരണങ്ങളാൽ അലങ്കരിച്ച തെരുവുകളും ഷോപ്പുകളും സ്ഥാപനങ്ങളുമെല്ലാം. സ്വദേശികളെ പോലെ പ്രവാസി സമൂഹവും നെഞ്ചോട് ചേർത്ത് ഏറ്റെടുക്കുകയായിരുന്നു പ്രിയ നാടിന്റെ ഐക്യഉത്സവത്തെ.
ദേശീയ ദിനത്തിൽ ഏറ്റവും ആകർഷകമായ കോർണിഷിലെ സൈനിക, അർധസൈനിക സുരക്ഷ വിഭാഗങ്ങളുടെ പരേഡ് ഇത്തവണ ഇല്ലാതിരുന്നത് നിരാശയായി. എങ്കിലും രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ വൈകുന്നേരവും രാത്രിയുമായി വിവിധ പരിപാടികൾ അരങ്ങേറി. ഖത്തറിന്റെ സാംസ്കാരിക പൈതൃകവും കലയും വിളിച്ചോതുന്നതായിരുന്നു വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾ. ഏറ്റവും ആകർഷകമായത് ദർബ് അൽ സാഇയിലെ ദേശീയ ദിനാഘോഷങ്ങൾ തന്നെ. അവധി ദിനം കൂടിയായതിനാൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇവിടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കതാറ, ലുസൈൽ ബൊളെവാഡ്, മുശൈരിബ് ഡൗൺ ടൗൺ, ഓൾഡ് ദോഹ പോർട്ട്, റാസ് അബൂഅബൂദിന്റെ 974 ബീച്ച്, മാൾ ഓഫ് ഖത്തർ, അൽഹസം മാൾ, എസ്ദാൻ മാൾ, സിറ്റി സെന്റർ, ഖത്തർ നാഷനൽ ലൈബ്രറി, നാഷനൽ മ്യൂസിയം എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ നടന്നു.
തൊഴിലാളികൾക്കായി ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും, ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലുമായും ദേശീയ ദിന പരിപാടികൾ നടന്നു. വർക്കേഴ്സ് ആൻഡ് ഇൻഷുറൻസ് ഫണ്ട് (ഡബ്ല്യു.എസ്.ഐ.എഫ്)ന്റെ ആഭിമുഖ്യത്തിലായിരുന്നു സംഘടിപ്പിച്ചത്. ഉച്ച കഴിഞ്ഞ് ദോഹ കോർണിഷ്, സീലൈൻ, ദുഖാൻ തുടങ്ങിയ കടൽ തീരങ്ങളിലേക്ക് കുടുംബസമേതം യാത്രതിരിച്ചവരും കുറവല്ല.
ഫിഫ ഇന്റർകോണ്ടിനെന്റൽ ഫൈനൽ നടക്കുന്നതിനാൽ ഫുട്ബാൾ പ്രേമികളുടെ പ്രധാന കേന്ദ്രമായി ലുസൈൽ മാറി. മത്സരത്തിന്റെ ഭാഗമായി ലുസൈൽ ബൊളെവാഡിലും സ്റ്റേഡിയം പരിസരങ്ങളിലും വിവിധ പരിപാടികളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.