ദോഹ: ഇലക്ട്രിക് ബസുകൾ ഇനി ഖത്തറിന്റെ മണ്ണിൽ നിന്നുതന്നെ നിർമിച്ചു തുടങ്ങും. പ്രമുഖ ഇ- ബസ് നിർമാതാക്കളായ യുതോങ്ങും മുവാസലാത്തും (കർവ) ഖത്തർ ഫ്രീ സോൺ അതോറിറ്റിയുടെയും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന നിർദിഷ്ട ഇലക്ട്രിക് ബസ് പ്ലാന്റിന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി അൽ ഹൂൽ ഫ്രീസോണിൽ തറക്കല്ലിട്ടു.
ചടങ്ങിൽ ഖത്തർ ഫ്രീ സോൺ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനി, മുവാസലാത്ത് സി.ഇ.ഒ അഹ്മദ് ഹസൻ അൽ ഒബൈദലി, യുതോങ് മിഡിലീസ്റ്റ് സി.ഇ.ഒ ഷെൻ ഹുയി എന്നിവർ പങ്കെടുത്തു. ഇലക്ട്രിക് ബസ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
53,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ യൂറോപ്യൻ യൂനിയൻ നിലവാരത്തിലുള്ള ഇലക്ട്രിക് ബസുകൾക്കായി ഉൽപാദന കേന്ദ്രം സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ ഗതാഗത മേഖലയിലെ സുപ്രധാന പദ്ധതിയായ ഇ-ബസ് പ്രൊഡക്ഷൻ പ്ലാന്റ് അടുത്ത വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കും. ഇലക്ട്രിക് സിറ്റി ബസുകൾ, മെട്രോ ഫീഡർ ബസുകൾ, സ്കൂൾ ബസുകൾ എന്നിവ ഇവിടെ നിർമിക്കും. പ്രതിവർഷം 300 ബസുകളാണ് ഹബ്ബിന്റെ പ്രാരംഭ ഉൽപാദനശേഷി.
പിന്നീട് മിന (മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക) മേഖലയിലും യൂറോപ്പിലുമായി അന്താരാഷ്ട്ര വിപണികളുടെയും പ്രാദേശിക ആവശ്യവും കണക്കിലെടുത്ത് പ്രൊഡക്ഷൻ ഹബ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.