ദോഹ: ശനിയാഴ്ച രാത്രി കിക്കോഫ് വിസിൽ മുഴങ്ങും മുമ്പേ 974 സ്റ്റേഡിയത്തിൽ ആരവങ്ങൾ ആകാശത്തോളം ഉയരെ എത്തിയിരുന്നു. ബാൻഡ് മേളവും ടീം ചാന്റും മുതൽ താളത്തിൽ കൈയടിയും വിസിൽ മുഴക്കവുമായി നിറഞ്ഞ ഗാലറി ചെങ്കടലായി മാറി. ഹോം ഗ്രൗണ്ടിലെന്ന പോലെയായിരുന്നു ആഫ്രിക്കൻ ജേതാക്കളായ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലി ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരത്തിലെ നിർണായക അങ്കത്തിനിറങ്ങിയത്.
പന്തിലെ ഓരോ നീക്കത്തിനും ഗാലറിയുടെ അകമഴിഞ്ഞ പിന്തുണയായപ്പോൾ, കൈറോയിലെ സ്വന്തംവേദിയിലെന്ന പോലെയായി അവരുടെ മത്സരം. എന്നാൽ, മറുപാതിയിൽ പന്തുതട്ടിയ മെക്സിക്കൻ ക്ലബ് പചൂകക്ക് എതിരാളികൾ 12ആയിരുന്നു. കളത്തിലെ പതിനൊന്നുപേരും, ഗാലറി മുഴുവൻ തങ്ങളുടേതാക്കിയ ആരാധകരും. എവേ മാച്ച് പോലെയായി മാറിയ മത്സരത്തിൽ ഗോൾ വഴങ്ങാതിരിക്കുക എന്നതു മാത്രമായിരുന്നു മെക്സിക്കൻ സംഘത്തിന്റെ തന്ത്രം.
വലതു വിങ്ങിനെ ചടുലമാക്കി പന്തുമായി അൽ അഹ്ലി താരങ്ങൾ കുതിച്ചപ്പോൾ, പ്രതിരോധത്തിലേക്ക് വലിഞ്ഞും കൗണ്ടർ അറ്റാക്കിന് ശ്രമിച്ചും പചൂക സമനിലയിൽ പിടിച്ചുനിന്നു. സ്കോർ ബോർഡിലെ ഈ ‘സമനില’ ഫുൾടൈമും എക്സ്ട്രാടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിന്റെ വിധനിർണയത്തിൽ മാത്രമാണ് തീർപ്പായത്. ഗോൾരഹിതമായി പിരിഞ്ഞ കളി ഷൂട്ടൗട്ടിൽ 3-3ലെത്തി. ഒടുവിൽ സഡൻഡെത്തിൽ മൂന്നാം കിക്ക് മാത്രമാണ് വിധി നിർണയിച്ചത്. 6-5ന്റെ ജയവുമായി മെക്സിക്കൻ ക്ലബ് പചൂകക്ക് ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ കാലശപ്പോരാട്ടത്തിലേക്ക് ടിക്കറ്റായി. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ പചൂകയും റയൽ മഡ്രിഡും ഏറ്റുമുട്ടും.
മികച്ച ആക്രമണങ്ങൾ പചൂകയും അൽ അഹ്ലിയും ഇരു ഭാഗത്തേക്കും നടത്തിയെങ്കിലും ഗോളുകൾ പിറന്നില്ല. പചൂകയുടെ മൊറോക്കോ താരം ഉസാമ ഇദ്രിസ, ഏലിയാസ് മോണ്ടിയൽ തുടങ്ങിയവരുടെ ആക്രമണങ്ങൾ അൽ അഹ്ലി ഗോളി മുഹമ്മദ് അൽ ഷനാവി രക്ഷപ്പെടുത്തുകയായിരുന്നു. അൽ അഹ്ലിക്കു വേണ്ടി വാസിം അബു അലി, ഹുസൈന ഷഹാദ്, ഇമാം അഷൂർ എന്നിവരും നന്നായി കളിച്ചു.
ഒടുവിൽ ഷൂട്ടൗട്ടിൽ അൽ അഹ്ലിക്കായിരുന്നു ആദ്യ മുൻതൂക്കം. പചൂകയുടെ ആദ്യ രണ്ട് കിക്കുകൾ പാഴാവുകയും അൽ അഹ്ലി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ ഗാലറി ഇളകി മറിഞ്ഞു. എന്നാൽ, പിന്നീട് കളിമാറുകയായിരുന്നു. ലക്ഷ്യം പിഴക്കാതെ സ്കോർ ചെയ്യുകയും അൽ അഹ്ലിക്ക് പിഴക്കുകയും ചെയ്യുന്നു.
ഇതോടെയാണ് വിധിയെഴുത്ത് സഡൻ ഡെത്തിലേക്ക് നീങ്ങിയത്. അവിടെ ആദ്യ രണ്ട് കിക്കുകൾ ഇരുവരും ഒപ്പത്തിനൊപ്പമായപ്പോൾ മൂന്നാം അവസരം വിധിയെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.