ദോഹ: ഡിസംബർ 18ന് ദോഹ കോർണിഷിൽ നടത്താനിരുന്ന ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കി. ദേശീയദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ദേശീയ ദിനമായ ഡിസംബർ 18ന് ദോഹ കോർണിഷിലാണ് വിവിധ സേന വിഭാഗങ്ങളും പാരാ ട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ് അരങ്ങേറുന്നത്. താൽക്കാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തേ ആരംഭിച്ചിരുന്നു. തയാറെടുപ്പുകൾക്കിടെയാണ് പരേഡ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഉംസലാലിലെ ദർബ് അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ച കതാറയിലും ദേശീയ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർച്ചയായി മൂന്നാം വർഷമാണ് ഖത്തർ ദേശീയ ദിന പരേഡ് ഒഴിവാക്കുന്നത്. 2023ൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോർണിഷിലെ പരേഡും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. 2022ലും ലോകകപ്പ് ഫുട്ബാൾ ഫൈനൽ ദിനത്തിൽ പരേഡ് ഒഴിവാക്കിയിരുന്നു. പകരം, ലുസൈൽ ബൊളെവാഡിൽ കിരീട ജേതാക്കളുടെ വിക്ടറി മാർച്ചോടെ പരേഡ് നടക്കുകയായിരുന്നു.
ഖത്തറിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുന്ന വേദിയായ ദേശീയ ദിനത്തിലെ പരേഡ് സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരങ്ങളെ ആകർഷിക്കുന്ന പരിപാടിയാണ്. കരയിലും കടലിലും ആകാശത്തുമായി വർണക്കാഴ്ചകളും, സേനാ വ്യൂഹങ്ങളും കരുത്തും അഭ്യാസ പ്രകടനങ്ങളുമാണ് പരേഡിന്റെ പ്രധാന ആകർഷണം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് ദേശീയ ദിനത്തിൽ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നത്. ശേഷം, പൊതുജനങ്ങളെയും അമീർ അഭിവാദ്യം ചെയ്യാറുണ്ട്.
റയൽ മഡ്രിഡ്-പചൂക മത്സര പ്രദർശനവും ദേശീയ ദിന പരിപാടികളും
ദോഹ: ദേശീയ ദിന പരേഡ് റദ്ദാക്കിയെങ്കിലും ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും ആഘോഷിക്കാൻ അവസരമൊരുക്കി ലുസൈൽ ബൊളെവാഡ്. ഫിഫ ഇന്റർകോണ്ടിനന്റൽ ഫൈനലിൽ റയൽ മഡ്രിഡും പചൂകയും മാറ്റുരക്കുന്ന കലാശപ്പോരാട്ടം ബൊളെവാഡിലെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ച് ദേശീയ ദിനാഘോഷങ്ങളുടെ വിവിധ പരിപാടികൾക്കും ബൊളെവാഡ് വേദിയൊരുക്കും. ബൊളെവാഡിലെ 1.3 കി.മീ ദൈർഘ്യമുള്ള പാതയിൽ വിവിധ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും ഒരുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ഹെന്ന, ഫേസ് പെയിന്റിങ്, കളറിങ് സ്റ്റേഷൻ, ടീ ഷർട്ട് കളറിങ്, അർദ വാൾ ഷോ, കരകൗശല പ്രദർശനം, കുട്ടികൾക്കായുള്ള പരമ്പരാഗത ഖത്തരി ഗെയിമുകൾ എന്നിവയും ഡിസംബർ 18ന് അരങ്ങേറും. വൈകുന്നേരം മൂന്ന് മണി മുതലാണ് വിവിധ ആഘോഷങ്ങൾക്ക് ലുസൈൽ ബൊളെവാഡ് വേദിയാകുന്നത്.
രാത്രി ഒമ്പത് മണിക്കാണ് കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും അണിനിരക്കുന്ന റയൽ മഡ്രിഡും കരുത്തരായ മെക്സികൻ സംഘം പചൂകയും ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.