എരഞ്ഞോളി മൂസ, വി.എം. കുട്ടി എന്നിവർക്കു പിന്നാലെ പ്രിയപ്പെട്ട പീർ മുഹമ്മദും വിടവാങ്ങി. മാപ്പിളപ്പാട്ടിലെ എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റുകളുടെ രാജകുമാരനാണ് ചൊവ്വാഴ്ച അരങ്ങൊഴിഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരാണ് ഇവരെല്ലാം. കൃത്യം പറഞ്ഞാല്‍ ഏഴു വര്‍ഷം മുമ്പ്, 2014 നവംബര്‍ 21നു വെള്ളിയാഴ്ചയാണ് അല്‍ അറബി സ്പോര്‍ട്സ് ക്ലബിലെ ഖത്തര്‍ വോളിബാള്‍ അസോസിയേഷന് ഇന്‍ഡോര്‍ ഹാളില്‍ മാപ്പിളപ്പാട്ടിലെ മൂന്നുതലമുറകള്‍ സംഗമിച്ച ഇശല്‍രാവ് അനര്‍ഘ മുത്തുമാല അരങ്ങേറിയത്.
മാപ്പിളപ്പാട്ട് രംഗത്തെ വ്യത്യസ്ത ശബ്ദങ്ങളായ പീര്‍ മുഹമ്മദിനെയും കൂത്തുപറമ്പ് ശൈലജയെയും ആദരിച്ചത് ഇന്നലയെന്നപോലെ ഓര്‍ക്കുന്നു. അസുഖബാധിതനായി പൊതുരംഗത്തുനിന്നും മാറി നിന്ന പീര്‍ക്കയെ വീണ്ടും വേദിയിലെത്തിച്ച പരിപാടിയായിരുന്നു അത്. വര്‍ഷങ്ങളുടെ തിരശ്ശീല നീങ്ങിപ്പോവുകയും പീര്‍ക്കയുടെ മധുരഗാനങ്ങള്‍ വേദി അനുഭൂതിയോടെ കേള്‍ക്കുകയും ചെയ്തു.
കോവിഡ് കാലത്തിന് തൊട്ടുമുമ്പ്, രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം, ആശയുടെ പ്രവര്‍ത്തകരോടൊപ്പം മലയാളത്തിലെ പ്രമുഖരായ കവികളെയും ഗായകരെയും സന്ദര്‍ശിക്കുന്നതിൻെറ ഭാഗമായി പീര്‍ക്കയെ തലശ്ശേരിയിലെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്ന് ഏറെ നേരം സംസാരിച്ചാണ് പിരിഞ്ഞത്. രോഗത്തിെൻറ അസ്വസ്ഥതകളും അവസ്ഥയും മറന്ന് ഞങ്ങളോടൊപ്പം പാടിയും പറഞ്ഞുമിരുന്നത് ഓര്‍ക്കുന്നു.
കഴിഞ്ഞ രാത്രി അദ്ദേഹത്തിന് അസുഖം കൂടിയെന്നറിഞ്ഞപ്പോള്‍ പല തവണ മകനും മകളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ അദ്ദേഹം യാത്രയായി എന്ന വേദനിപ്പിക്കുന്ന വാര്‍ത്ത വന്നു. പറഞ്ഞാല്‍ തീരാത്ത എത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹം മാപ്പിളപ്പാട്ടു ശാഖക്ക് സമ്മാനിച്ചത്. പി.ടി. അബ്ദുറഹ്മാനും എ.ടി. ഉമ്മറും പീര്‍ മുഹമ്മദും ചേര്‍ന്ന് നൽകിയ പാട്ടുകളില്‍ പലതും എക്കാലവും ഓര്‍മിക്കപ്പെടുന്നവയാണ്. ആഘോഷങ്ങളുടെ പാട്ടുകാരനായിരുന്നു അദ്ദേഹം. പാട്ടു പരിപാടി വിജയിപ്പിക്കാന്‍ ഏതു വേദിയിലും ഇന്നും എക്കാലവും പീര്‍ മുഹമ്മദിെൻറ ഗാനങ്ങള്‍ വേണ്ടിവരും എന്നതാണ് സത്യം.
ഒമ്പതാം വയസ്സിൽ തുടങ്ങിയതായിരുന്നു അദ്ദേഹത്തിെൻറ സംഗീതയാത്ര. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെ കാലം ഈ മനുഷ്യൻ പിന്നിട്ട വഴികൾ സാമാന്യയുക്തിക്ക് അവിശ്വസനീയമാണ്. പാട്ടൊട്ടും പഠിക്കാതെതന്നെ വലിയ പാട്ടുകാരനായി. ഒരു കള്ളിയിലും പെടുത്താൻ കഴിയാത്തതാണ് പീർക്കയുടെ ശബ്ദം. എന്നിട്ടും അതിൽ മലബാർ മയങ്ങിപ്പോയി. വ്യത്യസ്ത ശ്രേണികളിലായി അയ്യായിരത്തിലേറെ മാപ്പിളഗാനങ്ങൾ പാടി. ആയിരത്തിലേറെ കാസറ്റുകൾ ഇറങ്ങി. നാലായിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി. ഡോക്ടർമാർ അടിയറവു പറഞ്ഞിട്ടും ജീവിതത്തിലേക്കു തിരികെ വന്നു. വീൽ ചെയറിൽ ഇരുത്തി വിമാനത്തിൽ കയറ്റി ഗൾഫിൽ കൊണ്ടുപോയി ആദരിച്ചു.
ഒന്നല്ല പലവട്ടം. പീർ മുഹമ്മദിെൻറ ഗാനമേളയില്ലാതെ കല്യാണം നടത്തുന്നത് മലബാറിലെ മുസ്ലിം തറവാടുകൾ കുറച്ചിലായി കണ്ടിരുന്ന നാളുകൾ, ഒരേവീട്ടിൽത്തന്നെ നാലുതലമുറയുടെ വരെ കല്യാണങ്ങൾക്കു പാടാൻപോയ കാലം, ഓരോ പുതിയ മാപ്പിളഗാന കാസറ്റും ഇറങ്ങാൻ ആസ്വാദകരുടെ കാത്തിരിപ്പ്, ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച ഏക ഗായകൻ, 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ (ചെന്നൈ) മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭ. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മത്സരങ്ങൾ.
'കാഫ് മല കണ്ട പൂങ്കാറ്റേ...' മലബാറിൽനിന്നു ഭാരതപ്പുഴ കടന്ന് തെക്കോട്ടും കടൽ കടന്ന് ഗൾഫിലേക്കും പോകുന്ന കാറ്റിൽ ഈ പാട്ടുണ്ട്. മലബാറിെൻറ എല്ലാ ഉല്ലാസവേളകളിലും പി.ടി. അബ്ദുറഹിമാൻ എഴുതി പീർ മുഹമ്മദ് ഈണമിട്ടു പാടിയ ഗാനങ്ങൾ മധു ചൊരിയുന്നു. നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ, നോമ്പിൽ മുഴുകിയെെൻറ മനസ്സും ഞാനും, ബലി പെരുന്നാളിെൻറ സന്ദേശവുമായി, ഒട്ടകങ്ങൾ വരിവരിയായ്, അറഫാ മലയ്ക്ക് സലാം ചൊല്ലി... തുടങ്ങിയ സൂപ്പർ ഹിറ്റുകളൊക്കെ ഇദ്ദേഹംതന്നെ ഈണമിട്ടു പാടിയവയാണ്.
വേദികളിൽനിന്നു വേദികളിലേക്കുള്ള വിശ്രമമില്ലാത്ത യാത്രയായിരുന്നു 50 വർഷം. 2008 മാർച്ച് 15 സന്തോഷത്തിൻെറ ദിനമായിരുന്നു. അന്ന് പ്രശസ്തമായ ഒ. അബു പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനിൽനിന്ന് പീർ മുഹമ്മദ് ഏറ്റുവാങ്ങി. പിറ്റേന്നു പുലർച്ചെ പീർക്കയ്ക്കു കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പക്ഷാഘാതം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ വൈകിപ്പോയെന്നു ഡോക്ടർമാർ കൈമലർത്തി. പക്ഷേ, കുടുംബാംഗങ്ങളുടെയും ആരാധകരുടെയും സ്നേഹത്തിനുവഴങ്ങി മാസങ്ങൾക്കൊണ്ടു പീർക്ക പതിയെ കട്ടിലിൽനിന്ന് എഴുന്നേറ്റു. അതിനു കാത്തിരിക്കുകയായിരുന്നു ആരാധകർ. അഞ്ചു പതിറ്റാണ്ടു തങ്ങളെ ആഹ്ലാദത്തിൽ ആറാടിച്ച ഗായകനോടുള്ള ആദരവായിരുന്നു പിൽക്കാലം.
നാടുനീളെ ആദരസായാഹ്നങ്ങൾ... ഗൾഫിലേക്കുപോലും പലതവണ ഇദ്ദേഹത്തെ കൊണ്ടുപോയി. അദ്ദേഹം കസേരയിൽ ഇരുന്നു പാടിയ രണ്ട് വരികൾ പോലും ഒരു സദസ്സിനെയാകെ ആഹ്ലാദഭരിതമാക്കി. പീർക്കയുടെ വാക്കുകൾ ഇങ്ങനെ… 'എനിക്കു വീഴ്ചപറ്റിയതു നന്നായി. സത്യത്തിൽ ജനങ്ങൾ ഇത്രമാത്രം ആഴത്തിൽ എന്നെ സ്നേഹിക്കുന്നു എന്നു മനസ്സിലായത് ഇക്കാലത്താണ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.