ദോഹ: ലോകത്തിന്റെ സാമ്പത്തിക ആസൂത്രണങ്ങളും വെല്ലുവിളികളും പോംവഴികളും ചർച്ചചെയ്യുന്ന രണ്ടാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ തുടക്കമായി. വിവിധ രാഷ്ട്രപ്രതിനിധികളും ആഗോള ബിസിനസ് ഭീമന്മാരും വിദഗ്ധരും പങ്കെടുത്തു. ഫോറം ബുധനാഴ്ച അവസാനിക്കും.
ചൊവ്വാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജൊമാർട്ട് തൊകായേവ്, നമീബിയൻ പ്രസിഡൻറ് ഹേഗ് ഗെയിൻഗോബ്, ടൊഗോലെസ് റിപ്പബ്ലിക് പ്രസിഡൻറ് ഫൗറെ ഇസോസിമ്ന ഗിനാസിങ്ബെ, സിയറ ലിയോൺ പ്രസിഡൻറ് ഡോ. ജൂലിയസ് മഅദ ബിയോ, ജോർജിയൻ പ്രസിഡൻറ് ഇറക്ലി ഗാരിബാഷ്വിലി തുടങ്ങിയവർ പങ്കെടുത്തു.
ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, വിവിധ രാജ്യങ്ങളുടെ ഉന്നതതല പ്രതിനിധികൾ, മുതിർന്ന വ്യക്തിത്വങ്ങൾ, ശൈഖുമാർ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, പാർലമെേൻററിയന്മാർ, ചിന്തകന്മാർ, സാമ്പത്തിക വിദഗ്ധർ, വ്യാപാര പ്രമുഖർ, മാധ്യമ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം ഖത്തറിന്റെ പ്രതിശീർഷ വരുമാനത്തിൽ 4.9 ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖത്തർ സ്വീകരിച്ച നയനിലപാടുകളും ഊർജവിലയിലുണ്ടായ വർധനയുമാണ് പ്രധാന കാരണമെന്നും വ്യക്മാക്കി.
'കോവിഡിന് ശേഷം വ്യാപാരവും പൊതുചെലവും ആഗോള ആവശ്യങ്ങളും പഴയ പടിയായിട്ടുണ്ട്. എന്നാൽ, വിതരണ ശൃംഖലയിലെ തുടരുന്ന തടസ്സങ്ങൾ വെല്ലുവിളിയായി തുടരുകയാണ്. അതോടൊപ്പം യുക്രെയ്ൻ യുദ്ധസാഹചര്യങ്ങൾ ആഗോള സാമ്പത്തിക മേഖലക്ക് വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു' -അമീർ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.
'സമ്പന്ന രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള വിടവിെൻറ വ്യാപ്തി പുറത്തറിയാൻ കോവിഡ് ഇടയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽനിന്നും കരകയറുന്നതിന് രാജ്യങ്ങൾക്കിടയിൽ തുല്യത കൊണ്ടുവരുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വീണ്ടെടുക്കാൻ നാം ഒരുമിച്ച് പരിശ്രമിക്കണം.
അത് ദരിദ്ര ജനവിഭാഗത്തിെൻറ ദുരിതമകറ്റുന്നതിന് പിന്തുണയാകും. ദീർഘകാലമായി തുടരുന്ന ഉയർന്ന പണപ്പെരുപ്പം കാരണം ആഗോള സാമ്പത്തിക വളർച്ച ഈ വർഷം മന്ദഗതിയിലാകുമെന്നാണ് സാമ്പത്തികരംഗത്തെ പ്രവചനങ്ങൾ. 1976നും 1979നും ശേഷം ഇതാദ്യമായാണ് ലോകം ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത്' -അമീർ പറഞ്ഞു.
യുക്രെയ്ൻ യുദ്ധപ്രതിസന്ധി മൂലം ഊർജ, ധാന്യ വിലകളിൽ വർധനയുണ്ടായി. ഇത് ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. യുദ്ധത്തിെൻറയും ഇത്യോപ്യ, യമൻ, സിറിയ തുടങ്ങി ആഭ്യന്തര സംഘട്ടനങ്ങളുടെയും പ്രത്യാഘാതങ്ങൾ കടുത്തതാണ്. ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഇതിനെ തുടർന്നുണ്ടായ പട്ടിണിയിലും ക്ഷാമത്തിലും ദുരിതമനുഭവിക്കുന്നത്.
സാമ്പത്തിക പരിഹാരമല്ലാത്ത പ്രശ്നങ്ങളും നമുക്ക് മുന്നിലുണ്ട്. യുദ്ധവും ആഭ്യന്തര സംഘട്ടനങ്ങളും അതിൽപെട്ടതാണ്. ഇതിനുള്ള പരിഹാരം തീർത്തും രാഷ്ട്രീയ മാർഗങ്ങളിലൂടെ മാത്രമേ സാധ്യമാകൂ.
സാമ്പത്തിക വൈവിധ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി നിയമഭേദഗതികൾ അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങൾ സാധ്യമാക്കുക, മത്സരം മെച്ചപ്പെടുത്തുക, ഉപഭോക്താക്കളെ സംരക്ഷിക്കുക, വ്യാവസായിക, സാങ്കേതിക മേഖലകളെ പ്രോത്സാഹിപ്പിക്കുക, ദേശീയ ഉൽപന്നങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുക, നേരിട്ടുള്ള വിദേശനിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. '2022ലെ ഫിഫ ലോകകപ്പാണ് നമുക്ക് മുന്നിലുള്ളത്. മേഖല ഒന്നടങ്കം ലോകകപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭൂരിഭാഗം രാജ്യങ്ങളുടെയും പങ്കാളിത്തമുണ്ടാകുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ട്.
അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലും സംസ്കാരങ്ങൾക്കിടയിലും സംവാദം ശക്തമാക്കാനും ആശയവിനിമയം ഊർജിതമാക്കാനുമുള്ള അവസരം കൂടിയായിരിക്കും ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്' -അമീർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.