ദോഹ: ആഭ്യന്തര യുദ്ധം ദുരിതത്തിലാക്കിയ യമനിലെ കുട്ടികൾക്കും മുതിർന്നവർക്കും ആശ്വാസമായി ഖത്തർ ചാരിറ്റിയുടെ ആരോഗ്യ ഇടപെടൽ. യുദ്ധത്തെത്തുടർന്ന് ആരോഗ്യ, ചികിത്സാ മേഖല തകർന്ന രാജ്യത്ത് രോഗക്കിടക്കയിലായ നിരവധി പേർക്കാണ് ഖത്തർ ചാരിറ്റി സഹായവുമായെത്തിയത്.
ദീർഘകാലമായി തുടരുന്ന സേവനത്തിന്റെ ഭാഗമായി ഗുരുതര രോഗം ബാധിച്ചവർക്ക് യമനിലെ ഹ്യൂമാനിറ്റേറിയൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും തൈസ് നഗരത്തിലെ കാർഡിയോവാസ്കുലാർ സെന്ററിന്റെയും പങ്കാളിത്തത്തോടെ ശസ്ത്രക്രിയകൾ നടത്തി.
വൃക്ക മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയകൾ, കുട്ടികളിലെ ഹൃദ്രോഗങ്ങൾക്കുള്ള കത്തീറ്റർ ചികിത്സ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി വിജയകരമായി പൂർത്തിയാക്കിയത്. അന്തർദേശീയ സന്നദ്ധ ഡോക്ടർമാരുടെ സംഘം 54 ശസ്ത്രക്രിയകൾ പൂർത്തിയാക്കി.
കഴിഞ്ഞ റമദാനിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയെന്നോണം ഈ ആഴ്ച മാത്രം 12 ഹൃദയ ശസ്ത്രക്രിയകളാണ് ഖത്തർ ചാരിറ്റിയും പങ്കാളികളും പൂർത്തിയാക്കിയത്. ഇതുവരെ 29 ശസ്ത്രക്രിയകൾ പൂർത്തിയാക്കി. പദ്ധതി അവസാനിക്കുന്നതോടെ 70 ഹൃദയശസ്ത്രക്രിയകളാണ് ലക്ഷ്യമിടുന്നത്.
ഒമ്പത് വർഷത്തിലേറെയായി തുടരുന്ന യമനിലെ ആഭ്യന്തര സംഘർഷവും സാമ്പത്തിക തകർച്ചയും പട്ടിണിയിലേക്കും പകർച്ചവ്യാധികളിലേക്കും രാജ്യത്തെ നയിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവനക്കാരുടെ ക്ഷാമം, സാമ്പത്തിക തകർച്ച, വൈദ്യുതി- മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും അപര്യാപ്തത എന്നിവ കാരണം യമനിലെ 46 ശതമാനം ആരോഗ്യ സൗകര്യങ്ങളും ഭാഗികമായോ പൂർണമായോ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്കും വേണ്ടിയുള്ള മെഡിക്കൽ സംരംഭത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും കാർഡിയോവാസ്കുലാർ, കിഡ്നി ട്രാൻസ്പ്ലാന്റ് സെന്റർ മേധാവി പ്രഫ. അബൂദർ അൽ ഗനാദി പറഞ്ഞു.
യമനിലെ മാനുഷിക പ്രതിസന്ധികൾക്കിടയിൽ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്ന ഖത്തർ ചാരിറ്റിക്കും ഖത്തറിലെ ഉദാരമതികൾക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.