ദോഹ: കടൽ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. രാജ്യത്തിന്റെ വടക്കൻ സമുദ്ര മേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അപകടകരമായ മത്സ്യബന്ധന വലകളും മത്സ്യക്കൂടുകളും നീക്കം ചെയ്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
പവിഴപ്പുറ്റുകളെയും സമുദ്രജീവികളെയും നശിപ്പിക്കാൻ ശേഷിയുള്ള വലകളാണ് അധികൃതർ കണ്ടെത്തി നീക്കം ചെയ്തത്. സമുദ്ര ജൈവ വൈവിധ്യം നിലനിർത്തുന്നതിനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് നെയ്മീൻ (കിങ് ഫിഷ്) പിടിക്കാൻ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വലകളും മന്ത്രാലയം പിടിച്ചെടുത്തു.
ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ മത്സ്യബന്ധന വലകൾ ഉപയോഗിച്ച് പ്രാദേശിക ജലാശയങ്ങളിൽ നിന്നും നെയ്മീൻ പിടികൂടുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
ഇവയുടെ സ്വാഭാവിക വളർച്ചയും പ്രജനനവും അനുവദിക്കുന്നതിനും പ്രാദേശിക മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരോധന നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ തുറസ്സായ പ്രദേശങ്ങളിൽ മലിനജലം ഒഴുക്കിയതിന് നിരവധി ടാങ്കർ ലോറികളും മന്ത്രാലയത്തിന് കീഴിലെ പ്രത്യേക വകുപ്പ് പിടികൂടി. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രകൃതിദത്ത പുൽമേടുകൾ, മണൽതിട്ടകൾ, മരുഭൂമികൾ, പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ നിരീക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതായി അധികൃതർ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ പ്രജനനവും വ്യാപനവും ഉറപ്പാക്കുന്ന വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
അടുത്തിടെ നടത്തിയ സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1273 പുൽമേടുകളാണ് രേഖപ്പെടുത്തിയത്. ഇവിടെയുള്ള സസ്യങ്ങളെ നിരീക്ഷിക്കുകയും അവയുടെ വളർച്ചക്കും നിലനിൽപ്പിനും ഭീഷണിയാകുന്ന ഘടകങ്ങൾ പ്രത്യേകം വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.