ദോഹ: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രവാസികൾക്കുള്ള കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി ഗൾഫ് പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആണെങ്കിൽ 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് ചട്ടം. എന്നാൽ, ഇതിന് വിരുദ്ധമായി പലരെയും ഹോം ക്വാറൻറീനിൽ കഴിയണമെന്ന് നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിയ പലർക്കും ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ട്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിെൻറ പുതിയ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. ഗൾഫിൽ നിന്നുൾപ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം.
യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ പണമടച്ച് മോളിക്കുലാർ പരിശോധന നടത്തണം. ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയാണ് മോളിക്കുലർ ടെസ്റ്റ്. ഫലം നെഗറ്റിവ് ആകുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് വേണ്ടത്. എന്നാൽ ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങൾ വഴിയോ മറ്റു വിമാനത്താവളങ്ങൾ വഴിയോ വരുന്ന ട്രാൻസിറ്റ് യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് നെഗറ്റീവ് ആയാലും ഏഴ് ദിവസം ഹോം ക്വാറൻറീനിൽ കഴിയണം.
അതിന് ശേഷം പരിശോധന നടത്തി നെഗറ്റിവ് ആയാൽ അവർക്ക് പിന്നെയും ഏഴ് ദിവസം സ്വയം നിരീക്ഷണം വേണം. ഇങ്ങനെയാണ് ചട്ടമെന്നിരിക്കെയാണ് ചെറിയ അവധിക്ക് ഗൾഫിൽ നിന്ന് നേരിട്ട് നാട്ടിലെത്തുന്ന പ്രവാസികളോട് 14 ദിവസം പിന്നെയും വീട്ടിൽതന്നെ ക്വാറൻറീനിൽ കഴിയണമെന്ന് പലയിടത്തും നിർദേശിക്കുന്നത്. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയന്തര യാത്രക്ക് മാത്രമാണ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുക. ഇവർ നാട്ടിലെ എയർപോർട്ടിൽ എത്തുേമ്പാൾ കോവിഡ് ടെസ്റ്റ് നടത്തണം. അതിനിടെ പുതിയ ചട്ടങ്ങൾ പ്രവാസികൾക്ക് ഏറെ സാമ്പത്തികബാധ്യതയും മാനസികസമ്മർദവും ഉണ്ടാക്കുന്നുവെന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെ തുടർന്ന് പ്രവാസി സംഘടനകൾ കോടതിയിലേക്ക് നീങ്ങുകയാണ്.
കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്കെതിരെ കേരള ഹൈകോടതിയയെ സമീപിക്കുമെന്ന് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) േഗ്ലാബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സുപ്രീംകോടതിയലടക്കം ഹരജി നൽകുകയും പ്രവാസികൾക്ക് അനുകൂലമായ വിധി നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് പി.എൽ.സി. കോവിഡ്കാലത്ത് എടുത്ത വിമാനടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പി.എൽ.സി പൊതുതാൽപര്യ ഹരജി നൽകിയിരുന്നു.
ഈ ഹരജിയിലാണ് വിമാനടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകണമെന്ന് സുപ്രീംകോടതി വിമാന കമ്പനികളോട് ഉത്തരവിട്ടത്. ഗൾഫിൽനിന്ന് കോവിഡ് വാക്സിൻ എടുത്ത് നാട്ടിലെത്തുന്നവരും ക്വാറൻറീൻ ഉൾെപ്പടെയുള്ള നടപടിക്ക് വിധേയരാകണമെന്നതടക്കമുള്ള ചട്ടങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രവാസി ലീഗൽ െസൽ നിലപാട്.കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രയാസങ്ങളിൽപെട്ട് നട്ടംതിരിയുന്ന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും നൽകുന്നതാണ് പുതിയ ചട്ടങ്ങൾ. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നുകഴിഞ്ഞു. കൊറോണ വൈറസിൻെറ വകഭേദം യൂറോപ്പിലടക്കം വ്യാപകമായതിനെ തുടർന്നാണ് നാട്ടിലെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. നാട്ടിലെ വിമാനത്താവളത്തിൽനിന്നുള്ള പരിശോധന ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.
ഇതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സംസ്ഥാനസർക്കാർ പരിശോധന സൗജന്യമായി നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന (ആർ ടി പി സി ആർ) നടത്തി വീണ്ടും നാട്ടിൽ എത്തിയാൽ എയർപോർട്ടിൽവെച്ച് അതേ പരിശോധന വേണമെന്ന നിബന്ധന വിചിത്രമാണെന്നും പ്രവാസി സംഘടനകൾ പറയുന്നു. ഖത്തറിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് നേരത്തേ പി.സി.ആർ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ടെസ്റ്റിൽനിന്ന് പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
കുടുംബാംഗങ്ങൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ യാത്രചെയ്യാനുള്ള നടപടിക്രമങ്ങളും ഏറെ സങ്കീർണമാണ്. ഇത് ലഘൂകരിക്കണമെന്നും ആവശ്യമുണ്ട്. അതേസമയം, ദിനേന ആയിരക്കണക്കിന് കോവിഡ് രോഗികളും ആയിരക്കണക്കിന് ആളുകളും മരിക്കുകയും ചെയ്ത അമേരിക്കയിൽനിന്ന് നേരിട്ട് ഇന്ത്യയിൽ എത്തുന്നവർക്ക് നാട്ടിൽ മോളിക്കുലാർ പരിശോധന ആവശ്യവുമില്ല. ഇത് ഏറെ വിചിത്രമാണെന്നും ആക്ഷേപമുണ്ട്. താരതമ്യേന കുറവ് രോഗികൾ ഉണ്ടാകുന്ന, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഗൾഫ് രാജ്യങ്ങൾ. എന്നിട്ടും അവിടങ്ങളിൽനിന്ന് വരുന്നവർക്ക് നാട്ടിൽ എത്തിയാൽ വീണ്ടും പരിശോധന നടത്തണമെന്ന് പറയുന്നത് അന്യായമാണെന്നാണ് പ്രവാസികൾ പറയുന്നത്. വിമാനത്താവളത്തിലെ ഈ പരിശോധന ഒഴിവാക്കണമെന്ന മുറവിളിയാണ് ഉയരുന്നത്.
നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ് മോളിക്കുലാർ പരിശോധനക്ക് ഈടാക്കുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് 1200ഉം കോഴിക്കോട്ട് 1350ഉം ആണ് നിരക്ക്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നതും കേരളത്തിലാണ്. ഡൽഹിയിൽ 900, ലഖ്നോവിൽ 500 എന്നിങ്ങനെയാണ് നിരക്ക്. സ്വകാര്യ ഏജൻസികൾക്ക് കരാർ കൊടുത്തതിനാൽ അവർ നിശ്ചയിക്കുന്ന നിരക്കാണിത്. ഈ തുകയിൽ കുറവ് വരുത്താനെങ്കിലും സംസ്ഥാന സർക്കാറിന് കഴിയുമെന്നിരിക്കെ സർക്കാർ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
കുട്ടികൾക്കുപോലും നാട്ടിലെ വിമാനത്താവളത്തിൽ പരിശോധന വേണം. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിന് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത ഭീമമാണ്. കേന്ദ്രസർക്കാറിെൻറ നിർദേശം അനുസരിച്ച് ചെറിയ കുട്ടികൾ വരെ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുതവണ പരിശോധനക്ക് വിധേയമാകേണ്ടിവരുന്നു. നാട്ടിലെത്തിയാൽ ഏഴാം ദിവസമുള്ള പരിശോധന വേറെയും നടത്തണം.
പുതിയ മാനദണ്ഡങ്ങളിൽ മാറ്റം വേണം -കെ.എം.സി.സി
ദോഹ: കേന്ദ്രസർക്കാർ വിദേശ ഇന്ത്യക്കാർക്കായി പുറത്തിറക്കിയ പുതിയ യാത്രാമാനദണ്ഡങ്ങൾ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും പ്രവാസികൾക്ക് അനാവശ്യമായ സാമ്പത്തിക ചെലവ് വരുത്തിവെക്കുന്നതാണെന്നും ഇതിനാൽ പിൻവലിക്കണമെന്നും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി, ഖത്തർ ഇന്ത്യൻ എംബസി എന്നിവർക്ക് നിവേദനം നൽകി. നാട്ടിലേക്ക് പോകുന്ന പ്രവാസി യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ രണ്ട് ടെസ്റ്റുകൾ ചെയ്യേണ്ടിവരുന്നു. വിദേശത്തും നാട്ടിലും ടെസ്റ്റ് നടത്താൻ ഒരു വ്യക്തിക്ക് പതിനായിരത്തോളം രൂപ വരെ ചെലവ് വരും. കുടുംബ സമേതം പോകുന്നവരാണെങ്കിൽ ഭീമമായ ചാർജ് ഓരോ കുടുംബവും നൽകേണ്ടിവരും.
മാത്രമല്ല ജോലിചെയ്യുന്ന സ്ഥലത്ത് ടെസ്റ്റിന് പോകുന്നതിനും അതിെൻറ റിസൾട്ട് ലഭ്യമാക്കുന്നതിനും ഒന്നോ രണ്ടോ ദിവസം ജോലിയിൽ അവധി എടുക്കേണ്ട സാഹചര്യവുമുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളും സ്ഥാപന ഉടമകളും ഇതുമൂലം ബുദ്ധിമുട്ടും. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശത്തുനിന്നുള്ള ടെസ്റ്റ് ഒഴിവാക്കണം. നാട്ടിലെ എയർപോർട്ടിൽ ആരോഗ്യ വകുപ്പിെൻറ കൃത്യമായ ഇടപെടലുകളിലൂടെ വിപുലമായ ടെസ്റ്റ് സംവിധാനങ്ങൾ ഒരുക്കുകയും വേണം. പ്രസ്തുത ടെസ്റ്റ് സൗജന്യമാക്കുകയോ കുറഞ്ഞ തുക ഈടാക്കുകയോ ചെയ്യണം. വിദേശത്തുനിന്ന് കുറഞ്ഞ ദിവസത്തേക്കും മറ്റും നാട്ടിലേക്ക് പോകുന്ന പ്രവാസി തിരിച്ചു വരുമ്പോൾ ഭീമമായ തുക നൽകിയാണ് ക്വാറൻറീനിൽ കഴിയുന്നത്. അതിനിടയിൽ ഇത്തരം ബുദ്ധിമുട്ട് കൂടി കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിവേദനത്തിൽ കെ.എം.സി.സി ആവശ്യപ്പെട്ടു.
പുതിയ യാത്രാചട്ടം: കൾചറൽ ഫോറം പ്രവാസി പ്രതിഷേധ സംഗമം
ദോഹ: കോവിഡ് സാഹചര്യത്തില്‍, നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള പ്രവാസികൾക്കുമേൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ക്കെതിരെ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളെ അണിനിരത്തി കൾചറൽ ഫോറം പ്രവാസി പ്രതിഷേധസംഗമം നടത്തി. പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധിയിൽപെട്ട് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പുതിയ നിബന്ധനകള്‍ തിരിച്ചടിയാണെന്നും സർക്കാർ ഔചിത്യ ബോധത്തോടെ വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കെ നാട്ടിലെത്തിയാൽ സ്വന്തം ചെലവില്‍ വീണ്ടും ടെസ്റ്റ് എടുക്കണമെന്ന സർക്കാർ നിബന്ധന വിചിത്രമാണ്. കോവിഡും കോവിഡ് മരണവും വ്യാപകമായ അമേരിക്കയില്‍ നിന്നെത്തുന്നവർക്ക് ഈ കാര്യത്തില്‍ ഇളവും കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് രണ്ടു ടെസ്റ്റുകളുമെന്നത് ഗൾഫ് പ്രവാസികളോട് കാലാകാലങ്ങളില്‍ സർക്കാറുകൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിെൻറ ഭാഗമാണ്.
കോയ കൊണ്ടോട്ടി (കെ.എം.സി.സി), ആർ.എസ്. അബ്ദുൽ ജലീൽ (സി.ഐ.സി), വി.സി. മഷൂദ് (പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി), ശശിധരൻ (തൃശൂര്‍ ജില്ല സൗഹൃദവേദി), അബ്ദുൽ ലത്തീഫ് നല്ലളം (ഖത്തർ ഇന്ത്യന്‍ ഇസ്ലാഹി സെൻറർ), അഹമ്മദ് കടമേരി (സോഷ്യല്‍ ഫോറം), അബ്ദുൽ ഗഫൂർ (നോർവ), എസ്.എസ്. മുസ്തഫ (യൂത്ത്ഫോറം ഖത്തർ), പ്രദീപ് മേനോന് (ഫ്രണ്ട്സ് ഓഫ് തൃശൂര്‍), എ.എസ്.എം. ബഷീർ (തളിക്കുളം അസോസിയേഷന്), സമീൽ (ചാലിയാര്‍ ദോഹ) തുടങ്ങിയവർ സംസാരിച്ചു. കൾചറൽഫോറം സ്ട്രാറ്റജിക് അഡ്വൈസർ സുഹൈൽ ശാന്തപുരം സ്വാഗതവും ജനറല്‍ സെക്രട്ടറി മജീദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.