ദോഹ: കാറോട്ടപ്രേമികളുടെ ആവേശപ്പോരാട്ടമായ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് കൗണ്ട്ഡൗൺ ആരംഭിച്ച് ഖത്തർ. നവംബർ-ഡിസംബർ മാസങ്ങളിലായി ലുസൈലിലെ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകുന്ന ചാമ്പ്യൻഷിപ്പിലേക്ക് ആറു മാസത്തെ കൗണ്ട്ഡൗണിനാണ് പ്രൗഢഗംഭീര തുടക്കം കുറിച്ചത്. ഖത്തർ ടൂറിസത്തിൽനിന്നുള്ള മുതിർന്ന പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ഫോർമുല വൺ സീസണിന്റെ ഭാഗമായി ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിന്റെ ബ്രാൻഡ് കാമ്പയിനും തുടക്കമായി.
മോട്ടോർ സ്പോർട്സ് കായികരംഗം ഖത്തരി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയെന്നതിന്റെ നേർചിത്രങ്ങളുമായി ‘വേർ ഹാർട്ട്സ് ആർ റേസിങ്’ എന്ന തലക്കെട്ടിൽ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രിക്സിന്റെ പ്രചാരണ പ്ലാറ്റ്ഫോമും ഇതോടൊപ്പം അവതരിപ്പിച്ചു. ഇതാദ്യമായി ഫോർമുല വണ്ണിനൊപ്പം ഫോർമുല ടു, ഫോർമുല വൺ അക്കാദമി മത്സരങ്ങൾക്കും ഖത്തർ വേദിയാകും. ലുസൈൽ സർക്യൂട്ടിലെത്തുന്ന എല്ലാ ആരാധകർക്കും പങ്കാളികൾക്കും ലോകോത്തര അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ മോട്ടോർ ആൻഡ് മോട്ടോർ സ്പോർട്സ് ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും സർക്യൂട്ട് സി.ഇ.ഒയുമായ അംറ് അൽ ഹമദ് പറഞ്ഞു. കാണികൾക്കും ആരാധകർക്കും അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം നിരവധി പ്രീമിയം മോട്ടോർ സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ മോട്ടോർ സ്പോർട്സിന്റെ ലോകോത്തര ഹബ്ബായി ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് മാറിക്കൊണ്ടിരിക്കുകയാണെന്നും അൽ ഹമദ് കൂട്ടിച്ചേർത്തു.
ഫോർമുല വൺ വീണ്ടും നമ്മളിലേക്കെത്തുമ്പോൾ ഫോർമുല വൺ അക്കാദമി, ഫോർമുല ടു റേസുകൾ കൂടി സംഘടിപ്പിച്ച് കാറോട്ടപ്രേമികൾക്ക് അവിസ്മരണീയ അനുഭവം നൽകാൻ സംഘാടകർ ഒരുങ്ങിക്കഴിഞ്ഞതായും അൽ ഹമദ് ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ മോട്ടോർ സ്പോർട്സിനും ഫോർമുല വൺ പ്രേമികൾക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ലുസൈൽ സർക്യൂട്ട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.വർഷാവസാനം നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപനക്കും തുടക്കം കുറിച്ചു. ആദ്യഘട്ട ടിക്കറ്റ് വിൽപന ഇതിനകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രണ്ടാം ഘട്ടത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചത്. നവംബർ 29 മുതൽ ഡിസംബർ 1 വരെയാണ് ഫോർമുല വൺ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.