ദോഹ: പത്തുമാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ സംഘത്തിൻെറ ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വ്യാഴാഴ്ച തുടങ്ങിയ ചർച്ച വെള്ളിയാഴ്ചയും തുടരുമെന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഖത്തർ,അമേരിക്ക, ഈജിപ്ത് എന്നിവരുടെ സംയുക്ത ആഹ്വാനത്തെ തുടർന്ന് ആരംഭിച്ച ചർച്ചയിൽ നിന്നും ഹമാസ് വിട്ടു നിൽക്കുകയാണ്.
ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കി യുദ്ധം അവസാനിപ്പിക്കുകയും, ബന്ദി മോചനവും ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് മധ്യസ്ഥ ചർച്ചകൾ തുടരുന്നതെന്ന് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.
പാതിവഴിയിൽ മുടങ്ങിയ മധ്യസ്ഥ ചർച്ച പുനരാരംഭിക്കാൻ ആഗസ്റ്റ് എട്ടിനായിരുന്നു മൂന്ന് രാജ്യങ്ങളുടെ തലവന്മാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ, ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻെറ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രായേൽ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ ഹമാസ് ചർച്ചക്കായി പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. ഇസ്രായേൽ അത് പാലിക്കുകയാണെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദോഹയിൽ വ്യാഴാഴ്ച ആരംഭിച്ച ചർച്ചയിൽ മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്സാൻ അലോൺ എന്നിവരാണ് ഇസ്രായേൽ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്. സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, യു.എസ് മിഡിൽഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗർക് എന്നിവരും ഖത്തർ, ഈജിപ്ത് പ്രതിനിധികളും ഭാഗമാകുന്നതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
ഹമാസ് വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ ചർച്ചക്കു ശേഷം, അവരുമായി ആശയവിനിമയം നടത്താനാണ് പദ്ധതിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രണ്ടാഴ്ച മുമ്പ് ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ ഇറാനില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. തങ്ങളുടെ മണ്ണില്‍ വെച്ച് നടന്ന കൊലപാതകത്തിന് ഇസ്രായേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാന്‍ നിലപാട് എടുത്തതോടെ മേഖലയില്‍ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍, അമേരിക്ക. ഈജിപ്ത് ഭരണാധികാരികള്‍ സംയുക്തമായി തീരുമാനിക്കുകയും വീണ്ടും വഴിതെളിയുകയുമായിരുന്നു.
എന്നാൽ, പുതിയ ചര്‍ച്ചകള്‍ ഇസ്രായേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതല്‍ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കല്‍ മാത്രമാണെന്നാണ് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്റി പ്രതികരിച്ചു. സമാധന ശ്രമങ്ങൾ ഒരുവശത്ത് സജീവമാകുേമ്പാഴും ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊല തുടരുകയാണ്. 16456 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 40,000വും കടന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.