ദോഹ: 13 വർഷത്തെ ഇടവേളക്കുശേഷം ഖത്തറിന്റെ ആദ്യ ഉന്നതതല നയതന്ത്ര സംഘം സിറിയൻ മണ്ണിൽ കാലുകുത്തി. വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച സിറിയൻ ജനതക്ക് പിന്തുണയുമായി ഡമസ്കസിലെത്തിയത്.
ബശ്ശാറുൽ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അഹ്മദ് അൽ ഷാറ എന്ന അബു മുഹമ്മദ് അൽ ജൂലാനിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സിറിയയുടെ പുനർനിർമാണത്തിൽ ഖത്തറിന്റെ പിന്തുണ അറിയിച്ചു. ഊർജ, തുറമുഖ നിർമാണപദ്ധതികളിൽ ഖത്തർ നിക്ഷേപ സന്നദ്ധത അറിയിച്ചതായി ജൂലാനിയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 2011നുശേഷം ദോഹയിൽനിന്നും ഡമസ്കസിലേക്ക് പറന്ന ആദ്യ ഖത്തർ എയർവേസ് വിമാനത്തിലായിരുന്നു അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സംഘം ചരിത്ര സന്ദർശനത്തിനെത്തിയത്. അധികാരത്തിൽനിന്നും ബശ്ശാറുൽ അസദ് പുറത്തായതിനു പിറകെ ഒരാഴ്ച മുമ്പ് ഖത്തറിൽ പുതിയ നയതന്ത്ര കാര്യാലയവും തുറന്നിരുന്നു.
2011ൽ ആഭ്യന്തര സംഘർഷം തീവ്രമാവുകയും ഡമസ്കസിലെ ഖത്തർ എംബസിക്കുനേരെ ആക്രമണം നടക്കുകയും ചെയ്തിനു പിറകെയാണ് ഖത്തറും സിറിയയും തമ്മിലെ നയതന്ത്രബന്ധം നിലക്കുന്നത്. 2013 മുതൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി ദോഹയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. പ്രതിപക്ഷ വിഭാഗത്തിന് അറബ് ലീഗിൽ ഇടം നൽകിയതിനു പിറകെയായിരുന്നു എംബസി തുറക്കാൻ ഖത്തർ അനുവാദം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.