ദോഹ: ഗസ്സയിലേക്കുള്ള ഖത്തറിന്റെ മാനുഷിക, ആരോഗ്യ സേവനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ജനീവയിൽ നടന്ന കൂടിക്കാഴ്ചക്കിടെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ ഇക്കാര്യം അറിയിച്ചത്. മാനുഷിക പ്രവർത്തന മേഖലയിൽ ഖത്തർ വഹിക്കുന്ന പങ്കിനെയും ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്കും ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ടവർക്കും രാജ്യം നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
ആരോഗ്യ മേഖലയിൽ ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ലോകാരോഗ്യ അസംബ്ലിയുടെ 77ാം സെഷൻ യോഗങ്ങളിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് പുറമേ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് കൗൺസിലിന്റെ 155ാം സെഷൻ ചർച്ച ചെയ്യുന്ന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കായിക പരിപാടികളിലൂടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുക എന്ന പ്രമേയം അംഗീകരിച്ചതിനു ശേഷം ഖത്തർ, ലോകാരോഗ്യ സംഘടന, ഫിഫ എന്നിവർ തമ്മിലുള്ള സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.