ദോഹ: ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷ സഹകരണം സംബന്ധിച്ച വിവിധ പദ്ധതികൾ ചർച്ച ചെയ്ത് ദോഹയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആഭ്യന്തര മന്ത്രിതല സമിതിയുടെ 41ാമത് യോഗം. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി അധ്യക്ഷത വഹിച്ചു.
ആതിഥേയ സംഘത്തെ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽ ഥാനി നയിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സുഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ സുഊദ്, ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദ്, കുവൈത്ത് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അൽ സബാസ് എന്നിവർ പങ്കെടുത്തു.
ഗൾഫ് ഐക്യവും പരസ്പര ഉത്തരവാദിത്തവും പങ്കാളിത്ത മനോഭാവവും നിലനിർത്തി ഒന്നിച്ച് പ്രവർത്തിക്കുന്ന വിവിധ രാഷ്ട്ര പ്രതിനിധികളെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ശൈഖ് ഖലീഫ അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കി, ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉച്ചകോടിക്ക് മുമ്പായി വിവിധ മന്ത്രിമാരുമായി ഖത്തർ ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.